Sorry, you need to enable JavaScript to visit this website.

ചെരുപ്പെണ്ണി പോകാം, വീട്ടിലേക്ക് വരൂ; സി.ബി.ഐയെ പരിഹസിച്ച് മഹുവ മൊയ്ത്ര എം.പി

ന്യൂഡൽഹി - പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ സി.ബി.ഐ റെയ്ഡ് ഉണ്ടായേക്കുമെന്ന പ്രചാരണത്തിൽ രൂക്ഷ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സി.ബി.ഐയോട് വീട്ടിലേക്കു വന്ന് ചെരുപ്പെണ്ണി തിട്ടപ്പെടുത്തി തിരിച്ചുപോകൂവെന്നാണ് മഹുവയുടെ വെല്ലുവിളി. 'സി.ബി.ഐ പരിശോധന ഉണ്ടായേക്കാമെന്ന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. താനിപ്പോൾ ദുർഗാ പൂജയുമായി ബന്ധപ്പെട്ട തിരക്കിലാണ്. എന്റെ വീട്ടിലേക്ക് വന്ന് ചെരിപ്പുകൾ എണ്ണി തിട്ടപ്പെടുത്താനായി സി.ബി.ഐയെ ക്ഷണിക്കുകയാണെന്നാണ്' മഹുവ എക്‌സിൽ കുറിച്ചത്.
 പാർലമെന്റിൽ ചോദ്യം ചോദിക്കാനായി മഹുവ, വ്യവസായി ദർശൻ ഹീരനന്ദാനിയിൽനിന്ന് പണവും മറ്റു സമ്മാനങ്ങളും വാങ്ങിയെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബേയാണ് ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹുവയെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ദുബേ ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്. ഈ പരാതി വിനോദ് സോങ്കറിന്റെ നേതൃത്വത്തിലുള്ള 15 അംഗ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. എത്തിക്‌സ് കമ്മിറ്റി ഈമാസം 26ന് ഹീരനന്ദാനിയുടെയും നിഷികാന്ത് ദുബെയുടെയും മൊഴിയെടുക്കുമെന്നാണ് റിപോർട്ടുകൾ.
15 അംഗ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയിൽ ബി ജെ പി (ഏഴ്), ശിവസേന ഷിൻഡെ വിഭാഗം (ഒന്ന്), കോൺഗ്രസ് (നാല്), ശിവസേന, ജനതാദൾ യുണൈറ്റഡ്, സി പി എം (ഒന്ന് വീതം) എം.പിമാരാണുള്ളത്.

Latest News