Sorry, you need to enable JavaScript to visit this website.

അച്ചന്‍മാര്‍ എഫ്.ബി വിടുന്നു; പറയാന്‍ കാരണമുണ്ട്

കയ്‌റോ- ഈജിപ്തിലെ കോപ്ടിക് ചര്‍ച്ച് പരമാധിപന്‍ പോപ്പ് തവാദ്രോസ് രണ്ടാമന്‍ തന്റെ ഫേസ്ബുക്ക് പേജ് ഉപേക്ഷിച്ചു. സമയം പാഴാക്കുന്ന നാശമെന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ഫേസ്ബുക്കിനോട് വിട പറഞ്ഞത്. സന്യാസിമാര്‍ സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ചര്‍ച്ച് നിര്‍ദേശിച്ചതിനു പിന്നാലെയാണ് കോപ്ടിക് പോപ്പിന്റെ സുപ്രധാന പ്രഖ്യാപനം.
സമൂഹ മാധ്യമങ്ങള്‍ പാടില്ലെന്ന നിര്‍ദേശം  സന്യാസികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച് പ്രഖ്യാപിച്ച ഒരു ഡസനോളം നിബന്ധനകളില്‍ ഉള്‍പ്പെടുന്നതാണെന്ന് ഈജിപ്തിലെ ഔദ്യോഗിക ദിനപത്രമായ അല്‍ അഹ്്‌റം റിപ്പോര്‍ട്ട് ചെയ്തു.
സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്യാനും ഉപേക്ഷിക്കാനും സന്യാസ ജീവിതത്തിന് അനുയോജ്യമല്ലെന്ന് പ്രഖ്യാപിക്കാനും പുരോഹിതന്മാര്‍ക്ക് ഒരു മാസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.
കയ്‌റോയുടെ വടുക്കുപടിഞ്ഞാറ് ഒരു ബിഷപ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സാഹചര്യത്തില്‍ ഒരു വര്‍ഷത്തേക്ക് പൗരോഹിത്യവൃത്തിയിലേക്ക് ആരേയും സ്വീകരിക്കേണ്ടതില്ലെന്നും ചര്‍ച്ച് തീരുമാനിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങള്‍ ജീവിതവും പ്രായവും സമയവും പാഴാക്കുന്ന വൃഥാ ഏര്‍പ്പാടാണെന്ന് ഫേസ്ബുക്ക് പേജ് ക്ലോസ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവസാനമായി പോസ്റ്റ് ചെയ്ത കുറിപ്പില്‍ പോപ്പ് തവാദ്രോസ് പറയുന്നു. പുണ്യ ദേവാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് തന്റെ നടപടിയെന്നും ഇതു പിന്തുടരുന്ന എല്ലാ സഹോദരങ്ങളേയും മക്കളേയും അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി മുതിര്‍ന്ന കോപ്റ്റിക് ചര്‍ച്ച് ഉദ്യോഗസ്ഥര്‍ തവാദ്രോസിനെ പിന്തുടര്‍ന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജ് ക്ലോസ് ചെയ്തതായി അല്‍ അഹ്‌റം റിപ്പോര്‍ട്ടില്‍ പറയുന്നു.
2012 ല്‍ പോപ്പ് പദവിയിലെത്തിയ തവാദ്രോസിന്റെ ഫേസ് ബുക്ക് പേജ് ആരംഭിച്ചത് 2009 ലായിരുന്നുവെങ്കിലും അദ്ദേഹം പേജില്‍ സജീവമായിരുന്നില്ല. ഈജിപ്ത് ജനസംഖ്യയില്‍ പത്ത് ശതമാനാണ് കോപ്റ്റിക് ക്രൈസ്തവര്‍.
അതിനിടെ, വാദി അല്‍ നത്രൂനിലെ സെയിന്റെ മകാരിയൂസ് മഠത്തില്‍ 68 കാരനായ ബിഷപ്പ് എപിഫാനിയൂസിന്റെ ഘാതകരെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്. തലക്കടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടരുന്നത്.

Latest News