Sorry, you need to enable JavaScript to visit this website.

നിർമിത ബുദ്ധി നിയന്ത്രണം: യൂറോപ്പിനും ഏഷ്യക്കും രണ്ടുവഴി

നിർമിതബുദ്ധി (എ.ഐ) യുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂനിയൻ കർശന നിയന്ത്രണങ്ങൾ മുന്നോട്ടു വെക്കുമ്പോൾ അതിനു വിപരീതമായി ബിസിനസ് സൗഹൃദ സമീപനവുമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ. ആഗോള തലത്തിൽ തന്നെ കർശനമായ ചട്ടക്കൂട് ആവശ്യമാണെന്നും  യോജിച്ച നിയമങ്ങൾ അനിവാര്യമാണെന്നുമുള്ള യൂറോപ്യൻ യൂനിയൻ നിലപാടിന് വിരുദ്ധമാണ് പത്തംഗ സൗത്ത് ഈസ്റ്റ് ഏഷ്യൻ നാഷൻസ് (ആസിയാൻ) കൈക്കൊണ്ടിരിക്കുന്ന സമീപനം. 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രണത്തിന് ബിസിനസ് സൗഹൃദ സമീപനം സ്വീകരിക്കുന്ന ആസിയാൻ കരട് ധാരണ ടെക്‌നോളജി കമ്പനികൾക്കായി വിതരണം ചെയ്തിരിക്കയാണ്. എ.ഐ ധാർമികതക്കും ഭരണത്തിനുമുള്ള വഴികാട്ടിയെന്ന തലക്കെട്ടിലുള്ള കരടിന്മേൽ ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷം 2024 ജനുവരി അവസാനം ആസിയാൻ ഡിജിറ്റൽ മന്ത്രിമാരുടെ യോഗത്തിൽ അന്തിമരൂപം നൽകും. മെറ്റ, ഐ.ബി.എം, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക് കരടിന്റെ പകർപ്പ് ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 
എ.ഐ വഴി തയാറാക്കുന്നതും പകർപ്പവകാശമുള്ളതുമായ ഉള്ളടക്കം വെളിപ്പെടുത്തുന്നത് സംബന്ധിച്ച് സാങ്കേതിക സ്ഥാപനങ്ങൾക്കായി പുതിയ എ.ഐ നിയമങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ യൂനിയൻ ഉദ്യോഗസ്ഥർ ഈ വർഷമാദ്യം ഏഷ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തിയിരുന്നു. എ.ഐ നിയമങ്ങളിൽ യോജിക്കണമെന്ന് സർക്കാരുകളെ ബോധ്യപ്പെടുത്താനായിരുന്നു സന്ദർശനം.
എന്നാൽ ഇ.യു നടപ്പിലാക്കുന്ന എ.ഐ നിയമത്തിന് വിപരീതമായി രാജ്യങ്ങളുടെ സാംസ്‌കാരിക വ്യത്യാസങ്ങൾ കണക്കിലെടുക്കണമെന്നാണ് ആസിയാൻ കരട് ടെക് കമ്പനികളോട് ആവശ്യപ്പെടുന്നത്. നിലവിലെ ആസിയാൻ പതിപ്പിൽ അസ്വീകാര്യമായതും അപകട സാധ്യതയുള്ളതുമായ വിഭാഗങ്ങൾ നിർദേശിക്കുന്നില്ല. എല്ലാ ആസിയാൻ നയങ്ങളെയും പോലെ, ഇത് സ്വമേധയാ ഉള്ളതും ആഭ്യന്തര നിയന്ത്രണങ്ങളെ നയിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്.
ഏകദേശം 700 ദശലക്ഷം ജനങ്ങളും ആയിരത്തിലധികം വംശീയ ഗ്രൂപ്പുകളും സംസ്‌കാരങ്ങളുമുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സെൻസർഷിപ്പ്, തെറ്റായ വിവരങ്ങൾ, പൊതു ഉള്ളടക്കം, വിദ്വേഷ പ്രസംഗം എന്നിവ നിയന്ത്രിക്കുന്നതിന് വ്യത്യസ്തമായ നിയമങ്ങളാണുള്ളത്. ഇത് എ.ഐ നിയന്ത്രണത്തെ ബാധിക്കും. 
ആസിയാൻ നിർദേശങ്ങൾ താരതമ്യേന ബിസിനസ് സൗഹൃദമാണെന്ന് ടെക്‌നോളജി എക്‌സിക്യൂട്ടീവുകൾ പറയുന്നു.
ഗവേഷണ,വികസന ഫണ്ടിംഗിലൂടെ കമ്പനികളെ സഹായിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നതിനും എ.ഐ നടപ്പിലാക്കുന്നതിനായി ആസിയാൻ ഡിജിറ്റൽ മന്ത്രിമാരുടെ വർക്കിംഗ് ഗ്രൂപ്പിനെ സജ്ജമാക്കുന്നതുമാണ് കരട് നിർദേശം. 
സാങ്കേതിക വിദ്യയുടെ ദോഷങ്ങളും നേട്ടങ്ങളും പൂർണമായി മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ യൂറോപ്യൻ യൂനിയൻ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തിടുക്കം കാണിക്കുകയാണെന്ന് മൂന്ന് ആസിയാൻ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. 
തെറ്റായ വിവരങ്ങൾ, 'ഡീപ്‌ഫേക്കുകൾ', ആൾമാറാട്ടം എന്നിവക്ക് എ.ഐ ഉപയോഗിക്കുന്നതിന്റെ അപകട സാധ്യതകളെക്കുറിച്ച് ആസിയാൻ ഗൈഡ് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അതു നേരിടാനുള്ള  ഏറ്റവും നല്ല മാർഗം കണ്ടെത്താനുള്ള ചുമതല അതത് രാജ്യങ്ങൾക്ക് വിടുന്നു. മറ്റു ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയും എ.ഐ നിയന്ത്രണത്തിന്  അയവുള്ള സമീപനമാണ് സ്വീകരിക്കുന്നത്. 
 27 അംഗ രാജ്യങ്ങൾക്ക് ബാധകമായ നിയമങ്ങളെ അടിസ്ഥാനമാക്കി  എ.ഐ നിയന്ത്രണത്തിന്  ആഗോള ചട്ടക്കൂട് സ്ഥാപിക്കാനുള്ള യൂറോപ്യൻ യൂനിയൻ നീക്കത്തെ സംശയത്തേടെയാണ് ഏഷ്യൻ രാജ്യങ്ങൾ കാണുന്നത്.  എ.ഐ വികസനത്തിന്റെ ദ്രുതഗതിയും പൗരാവകാശങ്ങളിലും സുരക്ഷയിലുമുള്ള അതിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് യൂറോപ്യൻ യൂനിയനെ നയിക്കുന്നത്. 
നിയമങ്ങൾ നിർമിക്കാൻ ആസിയാന് അധികാരമില്ലെങ്കിലും അംഗരാജ്യങ്ങൾ സ്വന്തം നയങ്ങൾ രൂപപ്പെടുത്തണമെന്ന  അഭിപ്രായം ഏഷ്യൻ രാജ്യങ്ങളെ യൂറോപ്യൻ യൂനിയനിൽ നിന്ന് വ്യത്യസ്തമായ നിലപാടിൽ എത്തിക്കുന്നു. 
ഡാറ്റ പരിരക്ഷണ നിയമങ്ങൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദശകത്തിൽ ഇ.യു നടത്തിയ കാമ്പയിനുകളിൽനിന്ന് വ്യത്യസ്തമാണ് എ.ഐ നിയന്ത്രണത്തിൽ ആഗോള സമവായം സൃഷ്ടിക്കാനുള്ള യൂറോപ്യൻ യൂനിയന്റെ ശ്രമം. 
സാംസ്‌കാരിക വ്യത്യാസങ്ങളെക്കുറിച്ച് അറിയാമെങ്കിലും അടിസ്ഥാന തത്വങ്ങളാണ് പ്രധാനമായി കാണുന്നതെന്ന്  യൂറോപ്യൻ യൂനിയൻ അധികൃതർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വിശാലമായ തത്വങ്ങളിൽ യോജിപ്പിക്കുന്നതിന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി  ചർച്ചകൾ തുടരുമെന്നും അവർ പറയുന്നു. നല്ല കാര്യങ്ങൾക്കായി എ.ഐ ഉപയോഗിക്കണമെങ്കിൽ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന തത്വങ്ങളിൽ യോജിക്കേണ്ടതുണ്ടെന്ന് ഡച്ച് ഡിജിറ്റലൈസേഷൻ മന്ത്രി അലക്‌സാന്ദ്ര വാൻ ഹഫ്‌ലെൻ  പറഞ്ഞു. 

Latest News