Sorry, you need to enable JavaScript to visit this website.

പങ്കാളികളെ സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാം,  വേണ്ടെങ്കില്‍ ഒഴിവാക്കാം, ലിവ് ഇന്‍ പണ്ടേയുണ്ട് 

ജയ്പുര്‍-ആധുനിക സമൂഹത്തില്‍ ഏറെ പുരോഗമനപരമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒന്നാണ് പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം. പുതിയ സമൂഹിക ക്രമത്തിലാണ് ലോകസമൂഹം ഇത്തരമൊരു ലിംഗ സ്വാതന്ത്ര്യ ബോധത്തിലേക്ക് എത്തിചേര്‍ന്നതെങ്കില്‍ ഗരാസിയ ഗോത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഈ ലിംഗ സ്വാതന്ത്ര്യം ആഘോഷിച്ചിരുന്നു. നൂറ്റാണ്ടുകളായി ഗരാസിയ ഗോത്രം പിന്തുടര്‍ന്നു വരുന്ന ഒരു സാമൂഹിക സാംസ്‌കാരിക സമ്പ്രദായമാണ്, ദേശത്തെ ഒരു പൊതു ആഘോഷത്തിനിടെ സ്ത്രീകള്‍ക്ക് പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്ര്യം. ഈ തെരഞ്ഞെടുപ്പ് ജീവിതകാലം മുഴുവനും തുടരണമെന്നില്ലായെന്നതാണ് ഏറ്റവും വലിയ പ്രത്യേക. മറിച്ച് ഇത്തരത്തില്‍ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന പങ്കാളികള്‍ തമ്മില്‍ താത്കാലിക ബന്ധങ്ങള്‍ക്ക് മാത്രമുള്ളവയാണ്.
ഗരാസിയ ഗോത്രക്കാരുടെ ഈ ലിവ്-ഇന്‍ ബന്ധങ്ങള്‍ അവരുടെ പാരമ്പര്യേതര ആചാരങ്ങളുടെ തെളിവാണ്. ഔപചാരിക വിവാഹത്തിന്റെ ആവശ്യമില്ലാതെ തന്നെ പങ്കാളികളെ തെരഞ്ഞെടുക്കാനും സഹവസിക്കാനുമുള്ള അവകാശം ഇവിടെ സ്ത്രീകള്‍ വിനിയോഗിക്കുന്നു. പലപ്പോഴും, ഈ ബന്ധങ്ങളില്‍ നിന്ന് കുട്ടികള്‍ ജനിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഇരുവരും പരസ്പര ധാരണയോടെ ജീവിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ മാത്രമാണ് ഈ ബന്ധങ്ങള്‍ വിവാഹത്തില്‍ അവസാനിക്കുന്നത്. രണ്ട് ദിവസത്തെ വിവാഹാഭ്യര്‍ത്ഥനാ മേളയോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും ഇത് ഒരു സാധാരണ സംഭവമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഘോഷത്തിനിടെ ഗോത്രത്തില്‍ നിന്നുള്ള കൗമാരക്കാര്‍ ഇഷ്ടപ്പെട്ട പങ്കാളികളെ കണ്ടെത്തുകയും പരസ്പരമുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. വിവാഹത്തിന്റെ ഔപചാരികതകളൊന്നുമില്ലാതെ ദമ്പതികള്‍ പലപ്പോഴും ഒളിച്ചോടുകയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതാണ് ഈ രീതിയെ വേറിട്ട് നിര്‍ത്തുന്നത്.
ഇത്തരം ബന്ധങ്ങളിലൂടെ ഒന്നിച്ചവര്‍ക്ക് തങ്ങളുടെ ബന്ധം തുടര്‍ന്ന് കൊണ്ട് പോകേണ്ടെന്ന് തോന്നുകയാണെങ്കില്‍ അടുത്ത ആഘോഷ കാലത്ത് മറ്റൊരു പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കുണ്ട്. എന്നാല്‍, മുന്‍ പങ്കാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയുണ്ട്. സാമ്പത്തിക ബാധ്യത മൂലം പലപ്പോഴും ബന്ധങ്ങള്‍ കുടുംബ ജീവിതത്തിലേക്ക് കടക്കുന്നു. പുരുഷന്റെ കുടുംബവും പെണ്‍കുട്ടിയുടെ കുടുംബവും തമ്മിലുള്ള വിവാഹത്തോട് അനുബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. അപ്പോഴും 'വിവാഹം' എന്ന ചടങ്ങ് ഒഴിവാക്കപ്പെടുന്നു. ഗരാസിയ ഗോത്രങ്ങളുടെ ഈ പ്രത്യേകത അവരെ മറ്റ് സമൂഹങ്ങളില്‍ നിന്നും അവരെ വ്യത്യസ്തമാക്കുന്നു. അതേസമയം ഇത്തരം ആചാരങ്ങള്‍ പിന്തുടരുന്ന ഗരാസിയ ഗോത്രം പിന്നാക്ക സമുദായമായാണ് കരുതുന്നതെങ്കിലും സാമൂഹികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരാണ് ഈ ഗോത്രം. ഗരാസിയ ഗോത്രക്കാര്‍ക്കിടയില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളും ബലാത്സംഗങ്ങളും തീരെ ഇല്ലായെന്നത് ശ്രദ്ധേയമാണ്. 

Latest News