Sorry, you need to enable JavaScript to visit this website.

സിക്കിമില്‍ കണ്ടത് ഇന്ത്യയിലെവിടെയും  സംഭവിക്കാം-മുന്നറിയിപ്പുമായി വിദഗ്ദര്‍ 

മുംബൈ-സിക്കമിലെ മിന്നല്‍ പ്രളയത്തിന്റെ നടുക്കത്തിലാണ് രാജ്യം. അശാസ്ത്രീയ നിര്‍മാണങ്ങളും പ്രകൃതി വിഭവങ്ങളുടെ ചൂഷണവും  തുടര്‍ന്നാല്‍ ഇതു പോലുള്ള ദുരന്തങ്ങള്‍ രാജ്യത്തെവിടെയും സംഭവിക്കാമെന്ന് പരിസ്ഥിതി വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. 
അതിനിടെ, സിക്കിമില്‍ മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഷാക്കോ ചോ തടാകത്തിലെ പ്രളയ സാധ്യത മുന്നില്‍ കണ്ട് സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. ടീസ്റ്റ നദിയിലെ ചെളിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സിക്കിമിന്റെ മുകള്‍ ഭാഗത്തുള്ള ഒരു ഗ്ലേഷ്യല്‍ തടാകത്തില്‍ മിന്നല്‍ പ്രളയമുണ്ടായതിനെത്തുടര്‍ന്ന് ഹിമപാളികള്‍ പൊട്ടിത്തെറിക്കുകയും ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെയാണ് ടീസ്റ്റ നദിയുടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ ഏഴ് സൈനികര്‍ ഉള്‍പ്പെടെ 53 പേര്‍ മരിച്ചു, ടീസ്റ്റ നദീതടത്തില്‍ നിന്ന് 27 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ 142 പേര്‍ക്കായി ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. വടക്കന്‍ സിക്കിമിലേക്കുള്ള ആശയവിനിമയം പൂര്‍ണമായും തടസപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
25000 ത്തോളം ആളുകളാണ് പ്രളയ ദുരിതം അനുഭവിക്കുന്നത്. വിവിധ ഭാഗങ്ങളിലായി 13 പാലങ്ങള്‍ ഒലിച്ചു പോയി. 2413 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായാണ് ഔദ്യോഗിക വിവരം. 6,875 പേരെ ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍ച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 22 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 

Latest News