Sorry, you need to enable JavaScript to visit this website.

നിപയും ടയർ പത്തിലും തമ്മിൽ

രാജ്യത്തെ 14 മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാൻ ഇന്ത്യ മുന്നണി തീരുമാനിച്ചു. പ്രമുഖരായ വാർത്താ അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്. ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യാ മുന്നണി കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. അതിഥി ത്യാഗി, അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ, അർണാബ് ഗോസ്വാമി, അശോക് ശ്രീവാസ്തവ്, ചിത്ര ത്രിപദി, ഗൗരവ് സാവന്ത്, നവിക കുമാർ, പ്രാചി പരാശർ, റുബിക ലിയാഖത്, ശിവ് അരൂർ, സുധിർ ചൗധരി, സുശാന്ത് സിൻഹ എന്നിവരെയാണ് പ്രതിപക്ഷ സഖ്യം ബഹിഷ്‌കരിച്ചിരിക്കുന്നത്. ഷോകളിലൂടെ വർഗീയ പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകരെയാണ് ബഹിഷ്‌കരിക്കുന്നതെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ വിശദീകരണം. വൻ ഖേരയാണ് ട്വിറ്ററിലൂടെ മുന്നണി തീരുമാനം പുറത്തറിയിച്ചത്. ഇന്ത്യ മുന്നണിയുടെ നേതാക്കൾ ഇതേവരെ ഗാഢനിദ്രയിലായിരുന്നുവോ? 
ബഹിഷ്‌കരണ തീരുമാനം കേരളത്തിലെ സി.പി.എം, ബി.ജെ.പി കക്ഷികൾ ഇടക്കിടെ പ്രത്യേക ചാനലുകളെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് മാസങ്ങൾക്കകം ഇതേകക്ഷിയുടെ ആൾക്കാർ ചാനൽ ഫ്‌ളോറിൽ എത്തുന്നത് പോലെ ആകാതിരുന്നാൽ മതി. അല്ലേലും കോൺഗ്രസായിരുന്നില്ലേ നാലഞ്ച് ദശകങ്ങളായി രാജ്യം ഭരിച്ചത്. അന്നൊക്കെ കോർപറേറ്റ് ഭീമന്മാർ അവരുടെ സ്വന്തവുമായിരുന്നു. അപ്പോഴൊന്നും പ്രിന്റ്-ടിവി മീഡിയ സ്വന്തമാക്കാൻ ഉത്സാഹിക്കാതിരുന്ന കൂട്ടരാണ്. ബഹിഷ്‌കരണത്തിലും നല്ലത് ഡിബേറ്റിംഗിൽ പ്രാഗത്ഭ്യമുള്ള നേതാക്കളെ മാത്രം ചാനൽ ചർച്ചയ്ക്ക് പറഞ്ഞയക്കുന്നതല്ലേ.

***  ***  ***

മാധ്യമങ്ങൾ ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാർഗരേഖ വേണമെന്ന് സുപ്രീം കോടതി. പോലീസ് ഉദ്യോഗസ്ഥർ കേസ് വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ തയാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.
പക്ഷപാതത്തോടെയുള്ള റിപ്പോർട്ടിങ്ങ് പ്രതി കുറ്റംചെയ്തെന്ന സംശയം സമൂഹത്തിൽ ഉണ്ടാക്കാൻ ഇടവരുത്തുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് ഇരയാവുന്നവരുടെ സ്വകാര്യതയും മാധ്യമ റിപ്പോർട്ടുകളിൽ ലംഘിക്കപ്പെടുന്നുണ്ടെന്ന് കോടതി പറഞ്ഞു. മാർഗരേഖ തയാറാക്കുന്നതിൽ സംസ്ഥാന ഡിജിപിമാർ ഒരു മാസത്തിനകം ആഭ്യന്തര മന്ത്രാലയത്തിന് നിർദേശങ്ങൾ സമർപ്പിക്കണം. മനുഷ്യാവകാശ കമ്മിഷന്റെ നിർദേശങ്ങൾ കൂടി കണക്കിലെടുത്തു വേണം മാർഗരേഖ തയാറാക്കാനെന്ന് കോടതി പറഞ്ഞു. ഇംഗ്ലീഷ് മാധ്യമങ്ങൾ അക്യൂസ്ഡ് (കുറ്റാരോപിതൻ) എന്നേ പറയൂ, നമ്മുടെ മലയാളത്തിന്റെ കാര്യമാണ് കഷ്ടം. എല്ലാവരേയും പ്രതിയെന്ന് വിളിക്കാനാണ് നമുക്കിഷ്ടം. 

***  ***  ***

സിനിമയെ കലാരൂപം എന്ന നിലയ്ക്ക് അല്ലാതെ വർഗീയവിദ്വേഷ പ്രചാരണായുധം എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നന്മയുടെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടാണ് കേരളം എന്ന യഥാർഥ പ്രതിച്ഛായ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇവിടത്തെ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിച്ചാൽ അത് നാടിനു വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 53-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് (2022) വിതരണചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം തിരുവനന്തപുരം കനകക്കുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലമായ കലാവിഷ്‌ക്കാരം എന്ന നില വിട്ട് ആശയപ്രചാരണത്തിന് കൂടി സിനിമ ഉപയോഗിക്കപ്പെടുന്നുണ്ട്. ആശയപ്രചാരണം കാലത്മകമാണെങ്കിൽ തെറ്റില്ല. എന്നാൽ ഏതു തരത്തിലുള്ള ആശയങ്ങൾ എന്ന ചോദ്യം പ്രസക്തമാണ്. നാടിനെയും കാലത്തെയും മുന്നോട്ടു നയിക്കുന്ന മാധ്യമം എന്ന നിലയ്ക്ക് സിനിമ ഉപയോഗിക്കപ്പെടുന്നുണ്ട്. എം.ടിയുടെ നിർമ്മാല്യം പോലുള്ള സിനിമകൾ ആ ഗണത്തിൽ വരുന്നതാണ്. എന്നാൽ ഇന്ന് അത്തരം സിനിമകൾ അധികം കാണാനാകുന്നില്ല. അന്ധകാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ആശയം എന്ന നിലയിൽ സിനിമയെ ഉപയോഗിക്കുന്ന പ്രവണത കാര്യമായി കാണാനുണ്ട് താനും. ഇതിനു വർധിച്ച ശക്തി കൈവരുന്ന കാലാന്തരീക്ഷം ദേശീയതലത്തിൽ നിലനിൽക്കുന്നു എന്നത് നിർഭാഗ്യകരമാണ്-അദ്ദേഹം വ്യക്തമാക്കി. 

***  ***  ***

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ചടങ്ങ് വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ കാരണക്കാരായത് രണ്ടു നടന്മാരാണ്- അടുത്തിടെ ബി.ജെപിയിൽ നിന്ന് സി.പി.എമ്മിലെത്തിയ ഭീമൻ രഘുവും അലൻസിയറും. എന്ത് വേണ്ടാതീനവും കാട്ടുന്ന രാഷ്ട്രീയ-കലാ പ്രവർത്തകർക്ക് ഇടതുപക്ഷമൊരുക്കുന്ന കവചം പലർക്കും പ്രോത്സാഹനമാവുന്നുണ്ടോയെന്ന് സംശയം. ചക്കര കുടത്തിൽ കൈയിട്ട് വാരുന്ന കാര്യം പറഞ്ഞ ഭീമൻ ഇത്തവണ നിൽപ്പ് സമരം നടത്തിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയായിരുന്നു. ഇയാളുടെ കാര്യം ഏഷ്യാനെറ്റ് ചർച്ച ചെയ്തപ്പോൾ പ്രധാന മന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തിയപ്പോഴും പുള്ളി ഇതേ പോലെ നിന്നു കാണുമോയെന്ന് ആരോ അന്വേഷിക്കുന്നുണ്ടായിരുന്നു. പഴയ പോലീസ് ഉദ്യോഗസ്ഥനാണ്. പകൽ മുഴുവൻ ഇരുന്നതിന്റെ ക്ഷീണം തീർക്കാൻ എഴുന്നേറ്റ് നിന്നതായിരിക്കും, വിട്ടേക്കാം. നടൻ അലൻസിയറിന്റെ കാര്യമാണ് കൂടുതൽ ഗൗരവമേറിയത്. അലൻസിയറിന്റെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ മീ ടൂ ആരോപണം ഉൾപ്പെടെ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ സമൂഹം നിസ്സാരമായി എടുത്തതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സ്ത്രീ വിരുദ്ധത സംസാരിക്കുന്നവർക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ കൈയടി കിട്ടുന്നുണ്ട് . ആ ധൈര്യത്തിലാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. വേദിയിൽ ഉണ്ടായിരുന്ന ആരും തന്നെ ഇതിനെതിരെ പ്രതികരിച്ചില്ല എന്നത് ഭയം തോന്നുന്നതും ലജ്ജ തോന്നുന്നതുമായ കാര്യമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മികച്ച നടിയും മികച്ച ഗായികയും ഉൾപ്പെടെയുള്ള സ്ത്രീകൾ വേദിയിൽ ഉണ്ടായിരുന്നു. അവർ പോലും പ്രതികരിച്ചില്ല. എല്ലാവരുടെയും മൗനാനുവാദമാണ് അവിടെ കിട്ടുന്നത്. 
'സ്ത്രീയുടെ രൂപത്തിലുള്ള ശിൽ്പം കാണുമ്പോൾ അദ്ദേഹത്തിന് പ്രലോഭനം തോന്നുന്നുണ്ടെങ്കിൽ ഒരു സ്ത്രീയെ കാണുമ്പോൾ എന്തായിരിക്കും തോന്നുക ? അദ്ദേഹത്തിൻറെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? ചലിക്കാത്ത പ്രതിമ പോലും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നു. വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് മര്യാദയല്ല. ശുദ്ധ വിവരക്കേടാണ്. അദ്ദേഹത്തിന് സ്ത്രീ ശിൽപം വാങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വാങ്ങിയ ശിൽപം തിരിച്ചു കൊടുക്കട്ടെ. ഇങ്ങനെയൊക്കെ സംസാരിക്കാൻ നാണമില്ലേ?'  ഭാഗ്യലക്ഷ്മി. 
സർക്കാർ വിഷയം ഗൗരവമായി തന്നെ എടുക്കണമെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. കാണികൾ കൈയടിച്ചതിൽ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല, ബസ്സിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രതിക്ക് ജാമ്യം കിട്ടിയപ്പോൾ മാലയിട്ട് സ്വീകരിച്ച നാടാണിതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.ഈ വിഷയം റിപ്പോർട്ട് ചെയ്യുമ്പോൾ മാതൃഭൂമി ന്യൂസിലെ മാതു ശക്തമായി പ്രതികരിച്ചു കണ്ടു, അഭിനന്ദനം. 

***  ***  ***

യുട്യൂബിലൂടെ ചിലരുണ്ടാക്കുന്ന വരുമാനമറിഞ്ഞാൽ ഞെട്ടും. ഇന്ന് വലിയൊരു വിഭാഗത്തിന്റെ വരുമാന സ്രോതസ്സും കൂടിയായ സോഷ്യൽ മീഡിയയിൽ നിന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇൻഫ്ളുവെൻസറാണ് ഭുവൻ ബാം. 122 കോടിയുടെ ആസ്തിയാണ് ഭുവൻ ബാം സോഷ്യൽ മീഡിയയിലൂടെ നേടിയെടുത്തത്. ബിബി കി വൈൻസ് എന്ന ഷോർട്ട് വീഡിയോയിലൂടെ ഭുവൻ ബാം സോഷ്യൽ മീഡിയയിൽ വൈറൽ താരമാകുന്നത്. സ്ഫൂഫ് വീഡിയോകൾ അവതരിപ്പിച്ച് ഭുവൻ ബാം ഇന്ത്യൻ യുട്യൂബാർക്കിടയിൽ ഒരു ട്രെൻഡ് സെറ്ററായി മാറി. കഫേകളിലും റസ്റ്റോറന്റുകളിലും ഗായകനായി മാസം 5,000 രൂപ മാത്രം സമ്പാദിച്ചിരുന്ന ഭുവൻ ബാമാണ് ഇന്ന് ഇന്ത്യൻ യുട്യൂബർമാരിൽ ഏറ്റവും വരുമാനം നേടിയെടുക്കുന്ന താരമായി മാറിയത്. 5,000 രൂപ ലഭിക്കുന്ന ഗായകനായിട്ടുള്ള ജോലി അവസാനിപ്പിച്ചാണ് ഭുവൻ സോഷ്യൽ മീഡിയയിൽ വീഡിയോ നിർമാണത്തിന് ഇറങ്ങി തിരിച്ചത്. പാരഡി വീഡിയോകൾ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചാണ് ഭുവൻ ഷോർട്ട് വീഡിയോ നിർമാണം ആരംഭിക്കുന്നത്. തുടർന്ന് റീൽസ് താരമായി മാറിയ ഭുവൻ ബിബി കി വൈൻസ് എന്ന പരമ്പര ആരംഭിച്ചു. നിത്യജീവിതത്തിലെ സംഭവങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോകൾ ഹിന്ദി യുട്യൂബ് പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയും ചെയ്തു. 17മില്യൺ അധികം ഫോളേവേഴ്സാണ് ഭുവന് ഇൻസ്റ്റഗ്രാമിലുള്ളത്. യുട്യൂബിലാകട്ടെ 26ൽ അധികം സബ്സ്‌ക്രൈബേഴ്സും. 15 മില്യൺ യുഎസ് ഡോളറാണ് ഭുവന്റെ ആസ്തി. ഇന്ത്യയിൽ 122 കോടി രൂപ വരും. പുതിയ കാലത്തെ പ്രത്യേകതയാണിത്. ആർക്കു വേണേലും ഫെയ്മസാവാം, ധനികനാവാം. 

***  ***  ***

പുതുപ്പള്ളി നിയമസഭ ഉപ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഇത്രയും കൂടിയതിന് പിന്നിൽ സൈബർ പോരാളികളുടെ സംഭാവന ചെറുതല്ല. ദുബായിയിൽ ജോലി ചെയ്ത് ജീവിക്കുന്ന ഉമ്മൻചാണ്ടിയുടെ മകളെ വരെ ലക്ഷ്യമിട്ട് നടത്തിയ കാമ്പയിൻ ലളിതമായി പറഞ്ഞാൽ വളരെ അരോചകമായിരുന്നു. രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ പോരേ, ഇതെന്തിനാണ് പഴയകാല ട്രെയിൻ ടോയ്‌ലറ്റ് ചിത്രകാരന്റെ നിലവാരത്തിലേക്ക് താഴുന്നത്. ഇതാദ്യത്തെ അനുഭവമല്ല. രമ്യ ഹരിദാസ്, ഉമ തോമസ് എന്നിവരെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ സഹായിച്ചത് ഈ അജ്ഞാത ശക്തിയാണ്. എന്നിട്ടും ഇതൊന്നും മനസ്സിലാക്കാതെ വീണ്ടും ഇതേ പരിപാടിയുമായി ഇറങ്ങുകയാണ്. 
കഴിഞ്ഞ വാരത്തിൽ ചാണ്ടി ഉമ്മൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ ക്ഷേത്ര ദർശനത്തിനിടെ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആശാ നാഥ് നിൽക്കുന്ന ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പുതുപ്പള്ളിയിൽ ബിജെപി വോട്ട് മറിച്ചെന്ന ആരോപണത്തോടെയായിരുന്നു പ്രചാരണം. വിഷയത്തിൽ പ്രതികരണവുമായി ആശാ നാഥ് എത്തിയത് ശ്രദ്ധേയമായി. 
സിപിഎം ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലെ ചിത്രം അടർത്തിമാറ്റിയാണ് ഇത്തരം അപകീർത്തിപ്പെടുത്തൽ നടന്നതെന്ന് ആശാനാഥ് വ്യക്തമാക്കി. പഴയ പോസ്റ്റുകൾ തെരഞ്ഞാൽ സിപിഎം എംഎൽഎയോടൊപ്പമുള്ള പൊതുപരിപാടികളും കാണാം. അപ്പോഴും നിങ്ങൾ സിപിഎമ്മിന് വോട്ട് മറിച്ച് നൽകിയെന്ന് പ്രചരിപ്പിക്കുമോയെന്നും ആശാ നാഥ് ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീ സുരക്ഷയെ കുറിച്ച് കവല തോറും പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജ പ്രചാരണം നടത്തുന്നതെന്നും അവർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.. മഹാ മോശം. 

***  ***  ***

മലയാളത്തിൽ ഒരു കാലത്ത് സജീവമായിരുന്ന നടിയാണ് നന്ദിനി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമെല്ലാം നായികയായി തിളങ്ങിയ നടി പക്ഷേ നാൽപ്പത്തിമൂന്നാം വയസ്സിലും അവിവാഹിതയായി തുടരുകയാണ്. എന്തുകൊണ്ട് വിവാഹം ചെയ്തില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. പ്രണയം തകർന്നത് മാത്രമല്ല വിവാഹം കഴിക്കാതിരിക്കാൻ കാരണമായതെന്ന് നന്ദിനി പറയുന്നു. അക്കാലത്ത് കല്യാണം കഴിഞ്ഞാൽ ഇൻഡസ്ട്രിയിൽ നിൽക്കാൻ കഴിയില്ല എന്ന അവസ്ഥയുണ്ടായിരുന്നു. എനിക്കും എന്റെ കാമുകനും തമ്മിൽ ആറ് വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് തന്നെ വിവാഹം ചെയ്യണമായിരുന്നു. അങ്ങനെയാണ് ആ ബന്ധം ബ്രേയ്ക്കപ്പ് ആകുന്നത്. അല്ലെങ്കിൽ എനിക്ക് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വരുമായിരുന്നു. വിവാഹമെന്നത് വലിയ കാര്യമാണ്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പേടിയാണ്. ചുരുങ്ങിയത് ഒരു 20 വർഷത്തേയ്ക്കെങ്കിലുമുള്ള ഒരു കരാറാണത്. അതിനിടെ ഉയർച്ചകളും താഴ്ചകളും വരുന്നത് അഭിമുഖീകരിക്കാൻ ധൈര്യം വേണം. ഉത്തരവാദിത്തം ഒരുപാട് ഉള്ളതിനാൽ വിവാഹവും കുട്ടികളുമൊക്കെ ഇപ്പോഴും പേടിയുള്ള കാര്യമാണ്. തന്റെ മുൻ കാമുകൻ വിവാഹം ചെയ്തെന്നും അയാൾക്ക് ഇപ്പോൾ കുട്ടികളും കുടുംബവും ഉണ്ടെന്നും ഇപ്പോഴും അദ്ദേഹവുമായി സംസാരിക്കാറുണ്ടെന്നും താരം പറഞ്ഞു.

***  ***  ***

നടി മീര നന്ദൻ വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ശ്രീജുവാണ് വരൻ. 'ഫാർ ലൈഫ്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. 
നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും കുടുംബങ്ങൾ പരസ്പരം സംസാരിച്ചു ബന്ധം ഉറപ്പിച്ചു. തുടർന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽനിന്ന് ദുബായിലേക്ക് പറന്നു എന്നാണ് ഫോട്ടോഗ്രഫി കമ്പനി ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഇൻസ്റ്റഗ്രാം പേജിൽ പറയുന്നത്. ചടങ്ങിൽ ആൻ അഗസ്റ്റിൻ, കാവ്യ മാധവൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര വെള്ളിത്തിരയിൽ ചുവടുവെക്കുന്നത്. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.3 എഫ്എമ്മിൽ ആർജെയാണ്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദൻ.

***  ***  ***

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തരം പത്തിരികൾ തയാറാക്കുന്നു. കോഴിക്കോട്ടെ പോപ്പുലർ ഡിഷ് കണ്ണു വെച്ച പത്തിരിയാണ്. ഇതിൽ മറ്റു പ്രദേശക്കാർ നോക്കിയാൽ കണ്ണൊന്നും കാണില്ല. എന്നാലും ബീഫിനൊപ്പം നല്ല കോമ്പിനേഷനാണ്. പൊറോട്ടയേക്കാൾ ബീഫിന് അനുയോജ്യൻ ഇതല്ലേയെന്ന് സംശയിച്ചു പോകും. മലപ്പുറം ജില്ലയിലെ പ്രശസ്ത വിഭവം നൈസ് പത്തിരിയാണ്. വലിയ അധ്വാനം ആവശ്യമായി വരുന്ന പലഹാരമാണിത്. സൗദി അറേബ്യയിലെ മലയാളികൾക്ക് നോമ്പ് തുറക്കാൻ ഒഴിവാക്കാനാവാത്ത ഒന്നാണിത്. കോഴിക്കോടിന് വടക്ക് കോരപ്പുഴ പാലം കഴിഞ്ഞാൽ അരിയരച്ച് തയാറാക്കുന്ന അരിപത്തിലാണ് താരം. തലശേരിയിലും കണ്ണൂരിലും ഒറോട്ടിയെന്നറിയപ്പെടുന്നത്. എന്നാൽ ഇതിന്റെ ഗ്ലാമർ അൽപം കൂടിയ വേർഷനാണ് കൊയിലാണ്ടി, വടകര താലൂക്കുകളിൽ തയാറാക്കുന്നത്. ടയർ പത്തിലെന്നും വിളിപ്പേരുണ്ട്. പക്രന്തളം ചുരം വഴി പോകുന്ന വഴിയിൽ കുറ്റിയാടിയിലെ ഒരു ഹോട്ടൽ പേരെടുത്തത് തന്നെ ടയർ പത്തിലിലൂടെയാണ്. കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കൻ മേഖലയിലാണ് നിപ വീണ്ടുമെത്തിയത്. ഇതോടെ ടയർ പത്തിൽ എന്ന ജനപ്രിയ വിഭവം സംശയനിഴലിലുമായി. ഇത് പാകം ചെയ്യാനായി ഉപയോഗിക്കുന്ന വാഴയില നിപ പരത്തുന്ന വവ്വാലിന്റെ ടോയ്‌ലറ്റാണെന്നാണ് ആക്ഷേപം. ഈ പ്രചാരണത്തെ പ്രതിരോധിക്കാൻ ഉത്തര മലബാറിലെ ടയർ പത്തിൽ സംരക്ഷണ സമിതി രംഗത്തെത്തിയതായും സോഷ്യൽ മീഡിയയിൽ കണ്ടു. 

***  ***  ***

ബിഗ് ബോസ് റിയാലിറ്റി ഷോ നിരവധി താരങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അഞ്ചാം സീസണിലെ വിജയിയായ അഖിൽ മാരാരിന്റെ ജീവിതവും ഷോയ്ക്ക് ശേഷം അടിമുടി മാറി. ബിഗ് ബോസ് വിജയത്തിനുശേഷം നിരവധി ഉദ്ഘാടനങ്ങൾക്ക് അദ്ദേഹത്തെ ക്ഷണിക്കാറുണ്ട്. താൻ ഉദ്ഘാടനത്തിന് വരുന്നതിനായി വാങ്ങുന്ന തുകയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അഖിൽ. ഒരു കാലത്ത് ആരും എനിക്കൊരു വിലയും തന്നിട്ടില്ല. വണ്ടി പിടിച്ച് കൊല്ലത്തോളം പോയിട്ട് ഉദ്ഘാടനം ചെയ്തിട്ട് ഡീസൽ അടിക്കാനുള്ള കാശ് പോലും തന്നിട്ടില്ലെന്ന് അഖിൽ പറയുന്നു. നിലവിൽ അഞ്ച് ലക്ഷം രൂപയാണ് ഉദ്ഘാടനങ്ങൾക്കായി വാങ്ങുന്നത് .എല്ലാ കാലവും വിലയില്ലാത്തവനായി ജീവിക്കാൻ പറ്റുമോ എന്നാണ് അഖിൽ ചോദിക്കുന്നത്. എട്ട് ഉദ്ഘാടനം താൻ ചെയ്തിട്ടുണ്ടെന്നും അഖിൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

Latest News