Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ ബോര്‍ഡിങ് പാസ് പരിശോധന ഒഴിവാക്കുന്നു

ന്യൂദല്‍ഹി- മുംബൈ, ബംഗളുരൂ, ദല്‍ഹി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് പരിശോധ ഇല്ലാതെ തന്നെ നേരിട്ട് വിമാനത്തിലേക്ക് കയറാവുന്ന പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി എന്ന സ്റ്റാമ്പ് പതിപ്പിക്കാതെ തന്നെ ആഭ്യന്തര യാത്രക്കാരെ കയറ്റിവിടുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ നടപ്പിലാക്കാന്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ഈ വിമാനത്താവള കമ്പനികളോട് ആവശ്യപ്പെട്ടു. ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍  നിലവില്‍ ഈ സംവിധാനം ഉണ്ട്. സി.ഐ.എസ്.എഫ് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം മേധാവിയാണ് മുംബൈ, ബംഗളുരു, ദല്‍ഹി വിമാനത്താവള മേധാവികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അതേസമയം രാജ്യാന്തര യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പരിശോധന കൂടി ഉള്ളതിനാല്‍ ഈ സൗകര്യം ഇപ്പോള്‍ ലഭിക്കില്ല. 

വരി നിന്നുള്ള ബോര്‍ഡിങ് പാസ് പരിശോധനയ്ക്കു പകരം ആഭ്യന്തര യാത്രക്കാര്‍ക്ക് തങ്ങളുടെ ബോര്‍ഡിങ് പാസിലെ ബാര്‍ കോഡ് ഇ-ഗേറ്റിലൂടെ കടന്നു പോകുമ്പോള്‍ സ്‌കാന്‍ ചെയ്താല്‍ മതിയാകും. ബോര്‍ഡിങ് പാസ് വിവരങ്ങള്‍ ടിക്കറ്റ് നല്‍കിയ വിമാനക്കമ്പനിയുടെ ഡാറ്റാബേസുമായി യോജിച്ചാല്‍ യാത്രക്കാരനു മുമ്പില്‍ ഗേറ്റ് തുറക്കപ്പെടും. ഇ-ഗേറ്റിലൂടെ ഒന്നിലധികം യാത്രക്കാര്‍ക്ക് ഓരേസമയം കടന്നു പോകാനാവില്ല. രാജ്യന്തര യാത്രക്കാര്‍ക്കും ഇതുവഴി കടക്കാനാവില്ല. ബോര്‍ഡിങ് പാസിലെ ബാര്‍ കോഡ് ഉപയോഗിച്ച് ആരെങ്കിലും പ്രവേശിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് ഇതുപയോഗിക്കാന്‍ കഴിയുകയുമില്ല.  

ഇ-ഗേറ്റിലൂടെ അകത്തു കടന്നാല്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തും. എന്നാല്‍ പാസ് സ്റ്റാമ്പ് ചെയ്യില്ല. ഓരോ ഘട്ടത്തിലും ബാര്‍ കോഡ് സ്‌കാന്‍ ചെയ്യും. എയര്‍പോര്‍്ട്ടിലെ പ്രീ എംബാര്‍കേഷന്‍ സുരക്ഷാ പരിശോധ മേഖല എച്ച് ഡി സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാകും. ഓരോ യാത്രക്കാരന്റേയും സുവ്യക്തമായ ചിത്രം ഈ കാമറകള്‍ ഒപ്പിയെടുക്കും.

ലോകത്ത് വികസിത രാജ്യങ്ങളിലെ മിക്ക എയര്‍പോര്‍ട്ടുകളിലും ബോര്‍ഡിങ് പാസ് സ്റ്റാമ്പ് ചെയ്യുന്ന പതിവില്ല. ഇന്ത്യയും ഈ പ്രക്രിയ പൂര്‍ണമായും നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യഘ്ട്ടത്തല്‍ ആഭ്യന്ത്ര യാത്രക്കാര്‍ക്കു മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. 


 

Latest News