Sorry, you need to enable JavaScript to visit this website.

'ഇങ്ങനെ പോയാൽ എങ്ങനെ പഠിപ്പിക്കും?'; ഖാർഗെയോടും രാഹുലിനോടും മുസ്‌ലിം കുട്ടിയെ തല്ലിപ്പിച്ച വിവാദ അധ്യാപിക

മുസാഫർ നഗർ (യു.പി) - കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരോട് ചോദ്യവുമായി യു.പിയിൽ മുസ്‌ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിപ്പിച്ച സംഭവത്തിലെ വിവാദ നായികയായ അധ്യാപിക രംഗത്ത്. 
 'ഇന്ത്യയുടെ മുക്കുമൂലകളിൽ തീയിടാൻ ബി.ജെ.പി പകരുന്ന അതേ എണ്ണയാണ് യു.പിയിലെ ക്ലാസ്മുറിയിലും ഉപയോഗിച്ചതെന്ന്' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണമാണ് അധ്യാപികയുടെ പ്രതികരണം. 'ഇതൊരു ചെറിയ വിഷയമായിരുന്നുവെന്നാണ് രാഷ്ട്രീയക്കാരോട് പറയാനുളളത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പ്രശ്‌നത്തിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റ് ചെയ്യുന്നത് അത്ര വലിയ കാര്യമല്ല. ഇത്തരം ദൈനംദിന വിഷയങ്ങൾ വൈറലായാൽ അധ്യാപകർ എങ്ങനെ പഠിപ്പിക്കുമെന്നാണ്' കുട്ടിയെ തല്ലിക്കാൻ പ്രേരിപ്പിച്ച ത്രിപ്ത ത്യാഗി എന്ന അധ്യാപികയുടെ ചോദ്യം.
 'നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് ഒരു ടീച്ചർക്ക് ഇതിനേക്കാൾ മോശമായി ഇനി ഒന്നും ചെയ്യാനില്ല. ഇന്ത്യയുടെ മുഴുവൻ കോണിലും തീയിടാൻ ബി.ജെ.പി പകരുന്ന അതേ എണ്ണയാണ് ഇവിടെയും ഒഴിച്ചത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്. നമുക്ക് എല്ലാവർക്കും ഒരുമിച്ച് സ്‌നേഹിക്കാൻ പഠിപ്പിക്കാം' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 
 'സ്‌കൂളിൽ കുട്ടിയെ മർദ്ദിച്ചത് ഭരണകകക്ഷിയുടെ വിദ്വേഷം നിറഞ്ഞ രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതികരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും കുറ്റവാളികൾക്കെതിരെ കർശന ശിക്ഷ നൽകണമെന്നും ഇത്തരം ചെയ്തികൾ ആരും ആവർത്തിക്കാൻ ധൈര്യപ്പെടരുതെന്നും ഖാർഗെ ഓർമിപ്പിച്ചിരുന്നു. 'രാജ്യത്ത് ചന്ദ്രനിലേക്ക് പോകാനുള്ള സാങ്കേതിക വിദ്യയെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്ന സമയത്ത് വിദ്വേഷ ഭിത്തി പണിയുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുന്നുവെന്ന് സംഭവത്തെ വിമർശിച്ച് എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം അധ്യാപികയ്ക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നാണ് അവരുടെ ന്യായീകരണത്തിൽനിന്ന് മനസ്സിലാവുന്നത്.
 കുട്ടിയെ തല്ലിപ്പിച്ചുവെന്നത് ശരിയാണെങ്കിലും വൈറൽ ദൃശ്യങ്ങൾ വർഗീയമായി വളച്ചൊടിച്ചെന്നാണ് അധ്യാപികയുടെ 'ഗവേഷണം'. താൻ വികലാംഗയാണെന്നും കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാലാണ് വിദ്യാർത്ഥികളോട് തല്ലാൻ ആവശ്യപ്പെട്ടതെന്നും ഇതൊന്നും അത്ര വലിയ പ്രശ്‌നമല്ലെന്നുമാണ് അധ്യാപികയായ ത്രിപ്ത ത്യാഗിയുടെ പക്ഷം. 
 കുട്ടികളോട് കർക്കശമായി പെരുമാറാൻ രക്ഷിതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. അതിനാൽ ഗൃഹപാഠം ചെയ്യാതിരുന്ന ഒരു കുട്ടിയെ തല്ലാൻ ചില വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ഇനിയൊരിക്കലും ഗൃഹപാഠം ചെയ്യാൻ അവൻ മറക്കാതിരിക്കാനാണ് അങ്ങനെ ചെയ്യിപ്പിച്ചത്. ഞാൻ എന്റെ തെറ്റ് അംഗീകരിക്കുന്നു. പക്ഷേ, ഇത് അനാവശ്യമായി ഒരു വലിയ പ്രശ്‌നമാക്കി മാറ്റി. ക്ലാസിലുണ്ടായിരുന്ന കുട്ടിയുടെ കസിനാണ് ദൃശ്യങ്ങൾ പകർത്തിയത്. അത് പിന്നീട് വളച്ചൊടിക്കുകയായിരുന്നു. ഇതൊരു ചെറിയ പ്രശ്‌നമാണ്. വീഡിയോ വൈറലായതിന് ശേഷം അത് പെരുപ്പിച്ച് കാണിക്കുകയാണെന്നും അധ്യാപിക പറഞ്ഞു. മുഴുവൻ വീഡിയോയിൽ നിന്നും വർഗീയ ആംഗിൾ വരുന്ന ഭാഗം മാത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. എനിക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടായിരുന്നില്ല. അവരെല്ലാം എന്റെ കുട്ടികളെപ്പോലെയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

Latest News