Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഇൻഡക്‌സുകൾക്ക് കരടി വലയത്തിൽനിന്നും രക്ഷനേടാനായില്ല

ഇന്ത്യൻ ഇൻഡക്‌സുകൾ കരടി വലയത്തിൽനിന്നും രക്ഷനേടാൻ നടത്തിയ ശ്രമം നാലാം വാരത്തിലും വിജയിച്ചില്ല. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വൻ നിക്ഷേപത്തിന് ഉത്സാഹിക്കുന്നത് കണക്കിലെടുത്താൽ മാസാന്ത്യം സൂചികയിൽ തിരിച്ചു വരവിന്റെ സൂചനകൾ തെളിയാം. അതേ സമയം വിദേശത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ പ്രാദേശിക നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് മങ്ങൽ ഏൽപ്പിച്ചു. സെൻസെക്‌സ് പിന്നിട്ടവാരം 374 പോയിന്റും നിഫ്റ്റി 118 പോയിന്റും തളർന്നു. നാലാഴ്ച്ചകളിൽ  ഇവ യഥാക്രമം 1846 പോയിന്റും 439 പോയിന്റും നഷ്ടത്തിലാണ്, അതായത് രണ്ടര ശതമാനം ഇടിവ്. നിഫ്റ്റി സൂചിക സർവ്വകാല റെക്കോർഡിൽ നിന്നുള്ള തിരുത്തലായതിനാൽ ഏത് തലം വരെ തളരുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പുതിയ വാങ്ങലുകൾക്ക് പലരും ഇനിയും മുന്നോട്ട് വന്നിട്ടില്ല.
ഏഷ്യൻ ഇൻഡക്‌സുകൾ പലതും പോയവാരം തളർന്നു. ജപ്പാനിൽ പണപ്പെരുപ്പം മൂന്ന് ശതമാനത്തിന് മുകളിൽ നീങ്ങുന്നത് യെന്നിന്റെ മൂല്യത്തെ ബാധിച്ചു. ചൈന പണചുരുക്കത്തിലേയ്ക്ക് (ഡിഫേളഷൻ) നീങ്ങിയത്  ഏഷ്യൻ മേഖലയിലെ നാണയങ്ങളെയും പിടിച്ച് ഉലച്ചു. ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയെ പിടികൂടിയ മാന്ദ്യം യൂറോപ്യൻ മാർക്കറ്റിലേയ്ക്കും വ്യാപിക്കുമോയെന്ന ആശങ്ക ഓഹരി ഇൻഡക്‌സുകളിൽ വാരാവസാനം പ്രതിഫലിച്ചു. അമേരിക്കയിൽ തുടർച്ചയായി നാല് ദിവസങ്ങളിൽ നാസ്ഡാക് സൂചികയ്ക്ക് തിരിച്ചടി നേരിട്ടു. ഈ വർഷം ഇത്തരം ഒരു തകർച്ച ഐറ്റി ഓഹരി പ്രേമികൾ ഗൗരവത്തോടെ വീക്ഷിക്കേണ്ടതാണ്.  
മൂഡീസ് ഇൻവെസ്‌റ്റേഴ്‌സ് ഇന്ത്യയുടെ ദീർഘകാല പ്രാദേശിക, വിദേശ കറൻസി റേറ്റിംഗുകൾ നിലനിർത്തി. രണ്ട് മാസം മുൻപ് മൂഡീസ് പ്രതിനിധികളുമായി ധനമന്ത്രാലയം  നടത്തിയ കൂടിക്കാഴ്ചയിൽ, റേറ്റിംഗ് ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചതായാണ് സൂചന. എന്നാൽ പുതിയ റിപ്പോർട്ടിൽ അവർ അതിന് തയ്യാറായില്ല. മൂഡീസ് ഇന്ത്യയുടെ റേറ്റിംഗിൽ മാറ്റം വരുത്തിയില്ലെങ്കിലും രാജ്യത്തിന്റെ വളർച്ച ഏതാനും വർഷങ്ങളിൽ കുറഞ്ഞതായാണ് അവരുടെ നിലപാടിലാണ്. ഉയർന്ന കടബാധ്യതകൾക്ക് മുന്നിൽ ഇന്ത്യ ക്ലേശിക്കുന്നതും മണിപ്പൂരിലെ സമീപകാല സംഭവ വികാസങ്ങളും മൂഡീസ് വിലയിരുത്തി.
നിഫ്റ്റി മുൻവാരത്തിലെ 19,428 ൽ നിന്നും 19,482 വരെ ഉയർന്ന അവസരത്തിൽ ഫണ്ടുകൾ ബാധ്യതകൾ വിറ്റുമാറാൻ രംഗത്ത് എത്തിയതോടെ വിപണി 19,374 ലെ ആദ്യ സപ്പോർട്ട് തകർത്ത്  രണ്ടാം സപ്പോർട്ടായ 19,265 ൽ ശക്തിപരീക്ഷണം നടത്തി. ഇതിനിടയിൽ സൂചിക 19,254 വരെ താഴ്‌ന്നെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 19,310 ലേയ്ക്ക് ഉയർന്നു. ഇന്ന് ഓപ്പണിങിൽ വിപണി താഴ്ന്ന റേഞ്ചിലേയ്ക്കുള്ള പരീക്ഷണങ്ങളുടെ ഭാഗമായി 19,214 ലേയ്ക്കും തുടർന്ന് 19,119 ലേയ്ക്കും കരുത്ത് പരിശോധിക്കാം. ഈ റേഞ്ചിൽ നിന്നും തിരിച്ചു വരവിന് ശ്രമിച്ചാൽ 19,443 ൽ തടസം നേരിടാനുള്ള സാധ്യതകൾ വിദേശ ഫണ്ടുകൾ സെൽ പ്രഷറിന് നീക്കം നടത്തിയാൽ സൂചിക 18,890 പോയിന്റ് വരെ തളരാം. 
നിഫ്റ്റി ഫ്യൂച്ചേഴ്‌സിൽ ഓപ്പൺ ഇൻട്രസ്റ്റ് 130 ലക്ഷത്തിൽനിന്നും ഏതാണ്ട് മൂന്ന് ലക്ഷം ഉയർന്ന് 133.5 ലക്ഷത്തിലേയ്ക്ക് കയറി. വിപണിയിലെ ഇടിവിന് ഇടയിൽ ഓപ്പൺ ഇൻട്രസ്റ്റ് ഉയർന്നത് പുതിയ ഷോട്ട് പൊസിഷനുകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.  സെൻസെക്‌സ് 65,322 ൽ നിന്നും 300 പോയിന്റ് ഓപ്പണിങിൽ കയറിയത് കണ്ട് ബ്ലൂചിപ്പ് ഓഹരികളിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദം  സെൻസെക്‌സിനെ 64,754 ലേയ്ക്ക് തളർത്തിയെങ്കിലും വാരാന്ത്യ ക്ലോസിങിൽ 64,948 പോയിന്റിലാണ്. ഈവാരം 64,600 ആദ്യ താങ്ങ് നിലനിർത്തി 65,450 ലേയ്ക്ക് തിരിച്ചു വരവിൽ നീക്കം നടക്കാം. എന്നാൽ ആദ്യ താങ്ങിൽ കാലിടറിയാൽ സെൻസെക്‌സ് 64,252-63,400 വരെ ഇടിയാൻ സാധ്യത. 
വിദേശ ഫണ്ടുകൾ 4102 കോടി രൂപയുടെ ഓഹരികൾ വിറ്റു. 723 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 4206 കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടുകയും 314 കോടി രൂപയുടെ വിൽപ്പനയ്ക്കും തയ്യാറായി. 2023 ൽ വിദേശ ഫണ്ടുകൾ ഇന്ത്യയിൽ 1,31,419 കോടി രൂപ നിക്ഷേപിച്ചു.  
ചൈനീസ് സാമ്പത്തിക രംഗത്ത് നിന്നുള്ള പ്രതികൂല റിപ്പോർട്ടുകളും അമേരിക്ക പണ നയം കൂടുതൽ കർശനമാക്കുമെന്ന സൂചനകളും ക്രൂഡ് ഓയിൽ വിപണിയെ തളർത്തി. വാങ്ങൽ താൽപര്യം ചുരുങ്ങിയതോടെ ജൂണിന് ശേഷം ആദ്യമായി എണ്ണ പ്രതിവാര നഷ്ടത്തിലാണ്. വാരാന്ത്യം നിരക്ക് ബാരലിന് 84 ഡോളർ. 
ആഗോള വിപണിയിൽ സ്വർണത്തിന് 1900 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടു, മാർച്ചിന് ശേഷമുള്ള താഴ്ന്ന നിലയിലാണ്. 1910 ഡോളറിൽ നിന്നും കരുത്ത് നഷ്ടപ്പെട്ട മഞ്ഞലോഹം 1885 ഡോളർ വരെ ഇടിഞ്ഞെങ്കിലും ക്ലോസിങിൽ 1889 ഡോളറിലാണ്. സാങ്കേതികമായി സ്വർണം ദുർബലാവസ്ഥയിലാണ്, എന്നാൽ ഓപ്പറേറ്റർമാർ ഷോട്ട് കവറിങിന് മുതിർന്നാൽ 1900 ലെ പ്രതിരോധം തകർത്ത് 1924 വരെ ഉയരാം. 

 

Latest News