Sorry, you need to enable JavaScript to visit this website.

ദൽഹിയെ നിയന്ത്രിക്കുന്നത് അടക്കം നാലു ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി

ന്യൂദൽഹി- ദൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദൽഹി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ ഉൾപ്പെടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ നാല് ബില്ലുകൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പൗരൻമാരുടെ സ്വകാര്യതാ അവകാശം ലംഘിക്കപ്പെടുമെന്ന്  പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ച ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, ജനന- മരണ രജിസ്ട്രേഷനുകൾക്ക് ആധാർ നിർബന്ധമാക്കുന്ന ജനന, മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, 42 കേന്ദ്ര നിയമങ്ങളിലെ ചെറിയ കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബിൽ എന്നിവയാണ് രാഷ്ട്രപതി അംഗീകാരം നൽകിയ മറ്റു ബില്ലുകൾ. കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിൽ ചർച്ചകൾ നടത്താതെയാണ് ഈ ബില്ലുകളിൽ പലതും പാസ്സാക്കിയിരുന്നത്. ദൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനാണ് അധികാരമെന്ന സുപ്രീംകോടതി വിധി മറികടക്കാൻ ദൽഹി സർവീസ് ഓർഡിനൻസ് എന്ന പേരിൽ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. 
ഇത് നിയമമാക്കാനാണ് ഈ പാർലിമെന്റ് സമ്മേളനത്തിൽ ദൽഹി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ കൊണ്ടുവന്ന് പാസ്സാക്കിയത്. ലോക്സഭയിൽ ശബ്ദവോട്ടോടെയും രാജ്യസഭയിൽ 102 നെതിരെ 131 വോട്ടുകൾ നേടിയാണ് ബില്ല്് പാർലിമെന്റ് കടന്നത്. 

Latest News