Sorry, you need to enable JavaScript to visit this website.

ആൾക്കൂട്ട കൊലക്ക് വധശിക്ഷ, രാജ്യദ്രോഹം എന്ന വാക്കില്ല, ക്രിമിനൽ നിയമ പരിഷ്‌കരണ ബിൽ അവതരിപ്പിച്ചു

ന്യൂദൽഹി-കൊളോണിയൽ കാലത്തെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ സമ്പൂർണമായി പരിഷ്‌കരിക്കുന്നതിനുള്ള ബില്ലുകൾ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. 1860-ലെ ഇന്ത്യൻ പീനൽ കോഡിന് പകരം ഭാരതീയ ന്യായ സംഹിത നിലവിൽ വരും. ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യയും വരും. മൂന്നുപേരുകളും പാർലമെന്റിന്റെ സ്ഥിരം സമിതിയുടെ അവലോകനത്തിനായി വിട്ടു.

സായുധ കലാപം, അട്ടിമറി പ്രവർത്തനങ്ങൾ, വിഘടനവാദ പ്രവർത്തനങ്ങൾ അല്ലെങ്കിൽ ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ എന്നീ കുറ്റങ്ങളും പുതുതായി ചേർത്തു. രാജ്യദ്രോഹ നിയമം റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹം എന്ന വാക്ക് നിർദ്ദിഷ്ട നിയമത്തിലില്ല. ആരെങ്കിലും, മനഃപൂർവ്വം അല്ലെങ്കിൽ അറിഞ്ഞുകൊണ്ട്, വാക്കുകളിലൂടെയോ, സംസാരിക്കുന്നതോ എഴുതിയതോ, അടയാളങ്ങളിലൂടെയോ, ദൃശ്യമായ പ്രതിനിധാനം വഴിയോ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ സാമ്പത്തിക മാർഗങ്ങളിലൂടെയോ വിഘടനവാദത്തിനോ അല്ലെങ്കിൽ സായുധ കലാപത്തിനോ അട്ടിമറിക്കോ ആഹ്വാനം ചെയ്താൽ കുറ്റത്തിന്റെ പരിധിയിൽ വരും. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവോ ഏഴുവർഷം വരെ തടവോ ലഭിക്കും. 

ആൾക്കൂട്ട കൊലപാതക കേസുകളിൽ വധശിക്ഷ നൽകുന്ന വ്യവസ്ഥയും കേന്ദ്രം കൊണ്ടുവരുമെന്ന് അമിത് ഷാ പറഞ്ഞു. കൂട്ടബലാത്സംഗത്തിന് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ വധശിക്ഷ എന്നിവയാണ് മറ്റ് നിർദ്ദിഷ്ട ശിക്ഷകൾ.

Latest News