Sorry, you need to enable JavaScript to visit this website.

നിർമിതബുദ്ധി അക്കൗണ്ടിങ്ങിലും ഓഡിറ്റിംഗിലും

നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വെറും വിനോദോപാധിയല്ല. അനന്തമായ സാധ്യതകളുള്ള ഒരു കമ്പ്യൂട്ടിങ് വിദ്യയാണത്. ഇതിനോടകം തന്നെ അക്കൗണ്ടിങ്ങിലും ഓഡിറ്റിങ്ങിലും അത് ഉപയോഗത്തിലായിരിക്കുന്നു.
ആവർത്തനവിരസതയുണ്ടാക്കുന്ന ഓഡിറ്റ് പരിശോധനകൾ നിർമ്മിതബുദ്ധി ഒരു മടുപ്പും കൂടാതെ ചെയ്തുകൊള്ളും. ഇൻവോയ്‌സ് പോസ്റ്റിംഗ്, ഇൻവോയ്‌സ് ചെക്കിംഗ്, ജനറൽ ലെഡ്ജർ ചെക്കിംഗ്, ഇൻവെന്ററി ചെക്കിംഗ്, കോൺട്രാക്ട് റെവ്യൂ, ലീസ് മാനേജ്‌മെന്റ്, ബാങ്ക് കൺഫർമേഷൻ എന്നീ ജോലികൾ നിർമിതബുദ്ധി ഇപ്പോൾ തന്നെ പ്രയോഗത്തിലായിട്ടുണ്ട്. നിർമ്മിതബുദ്ധിയാൽ സ്വയം പ്രവർത്തിയ്ക്കുന്ന സ്മാർട്ട് കോൺട്രാക്ട് നിലവിൽ വന്നിട്ടുണ്ട്. കോൺട്രാക്ടിൽ പറഞ്ഞിട്ടുള്ള ഒരു ബാധ്യത എതിർ പാർട്ടി നിർവ്വഹിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ അതിന്റെ തുടർ നടപടികൾ സ്മാർട്ട് കോൺട്രാക്ട് സ്വയം ചെയ്തുകൊള്ളും.

എങ്ങനെ ദുരുപയോഗം ചെയ്യപ്പെടാം?

ഇ.ആർ.പി പോലെയുള്ള ഐ.ടി സിസ്റ്റംസ് നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെ ഓഡിറ്റ് ചെയ്യേണ്ടത് അതിന്റെ സാമ്പത്തിക ഇടപാടുകളുടെ ജേർണൽ എൻട്രികൾ നേരിട്ട് പരിശോധിച്ചുവേണം എന്നാണ് ഈ രംഗത്തെ പ്രൊഫഷണൽ ബോഡികൾ നിഷ്‌കർഷിക്കുന്നത്.
ഈ ഓഡിറ്റ് നടത്തുന്നത് ഐഡിയ പോലെയുള്ള കമ്പ്യൂട്ടർ എയ്ഡഡ് ഓഡിറ്റ് ടെക്‌നിക്കുകൾ (സി.എ.എ.ടി) ഉപയോഗിച്ചാണ്. കണക്കുകളിലെ അസാധാരണ എൻട്രികൾ കണ്ടുപിടിയ്ക്കാൻ അതിൽ ചില റെഡ് ഫ്‌ളാഗ് ടൂളുകളുമുണ്ട്. അതിന്റെ കൂടുതൽ വിശദമായ പരിശോധനയിലാണ് എന്തെങ്കിലും തിരിമറികൾ നടന്നിട്ടുണ്ടോ എന്ന നിഗമനത്തിലെത്തുന്നത്.
നിങ്ങളിൽ പലർക്കും പരിചയമുള്ള എസ്.എ.പിയുടെ കാര്യമെടുക്കാം. അതിലെ അക്കൗണ്ടിംഗ് എൻട്രികളുടെ ഗുണവിശേഷങ്ങൾ രണ്ടു ടേബിളുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഒന്ന് അക്കൗണ്ടിംഗ് ഡോക്യുമെന്റ് ഹെഡ്ർ. ഇതിലാണ് ഡോക്യുമെന്റ് ഐ.ഡി, ടൈപ്പ്, തിയതി, സമയം, കറൻസി എന്നീ വിവരങ്ങളുള്ളത്. മറ്റൊന്ന് അക്കൗണ്ടിംഗ് ഡോക്യുമെന്റ് സെഗ്മെന്റ്. ഇതിലാണ് പോസ്റ്റിംഗ് കീ, ജനറൽ ലെഡ്ജർ അക്കൗണ്ട്, ഡെബിറ്റ് - ക്രെഡിറ്റ് ഇൻഫർമേഷൻ, പോസ്റ്റിംഗ് എമൗണ്ട് എന്ന വിവരങ്ങളുള്ളത്. നിർമിത ബുദ്ധി ഉപയോഗിച്ച ഒരു ഇ.ആർ.പി  സിസ്റ്റത്തിലെ ജേണൽ എൻട്രികളേയോ അതിന്റെ ആട്രിബ്യൂട്ട് മാറ്റാനായാലോ?   അങ്ങനെ വന്നാൽ സി.എ.എ.ടി നൽകുന്ന ഔട്ട്പുട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാകും. അതായത് നിർമ്മിതബുദ്ധി ഉപയോഗിച്ചുകൊണ്ട്  കണക്കുകളിലെ തിരിമറികൾ മറച്ചുവെക്കാനാകും. 
നിർമിതബുദ്ധിയുടെ ഒരു ചെറിയ പ്രയോഗം മാത്രമായ ഡീപ്‌ഫേക്കുകൾക്കുപോലും വലിയ സാമൂഹിക വിപത്തുകളുണ്ടാക്കാനാകും.
യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന വ്യാജ ഓഡിയോ-വീഡിയോ ക്ലിപ്പിംഗുകളിലൂടെ പ്രൊപ്പഗണ്ട നടത്താം, വ്യാജ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാം, രാഷ്ട്രീയ എതിരാളികളുടെ വ്യക്തിഹത്യ നടത്താം, സമൂഹത്തിൽ വംശീയവും വർഗീയവും ഭാഷാപരവുമായ വെറുപ്പും വിദ്വേഷവും പരത്താം. നെല്ലും പതിരും തിരിച്ചറിയാനാകാതെ ഒരു സമൂഹം മുഴുവൻ തെറ്റിദ്ധരിക്കപ്പെടാം. ഏറ്റവും കൂടുതൽ വ്യാജ വാർത്തകളും വ്യാജ വീഡിയോകളും ഇറങ്ങുന്ന രാജ്യമെന്ന നിലയിൽ, ഇന്ത്യ തന്നെയാകും അതിന്റെ ഏറ്റവും ദൂഷ്യഫലങ്ങൾ അനുഭവിക്കപ്പെടേണ്ട രാജ്യം. നമ്മുടെ നിലവിലുള്ള ഐ.ടി.നിയമങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല.
- ജെ.പി 
 

Latest News