Sorry, you need to enable JavaScript to visit this website.

ഹരിയാനയിലെ സോഹ്നയിലും അക്രമ സംഭവങ്ങൾ; ജനക്കൂട്ടം വെടിയുതിർത്തതായും വീഡിയോ

ഗുരുഗ്രാം-ഹരിയാനയിൽ നുഹിൽ വർഗീയ സംഘർഷം നടന്ന ദിവസം സോഹ്ന ടൗണിലും അക്രമ സംഭവങ്ങൾ അരങ്ങേറിയെന്ന് തെളിയിക്കുന്ന വീഡിയോകൾ പുറത്തുവരുന്നു. നുഹിൽ സംഘർഷമുണ്ടായി ഒരാഴ്ചക്കുശേഷമാണ് സോഹ്നയിലെ വീഡിയോകൾ പുറത്തുവന്നത്. ജൂലൈ 31 ന് നുഹിൽ അക്രമം നടന്ന അതേ ദിവസം തന്നെയാണ് സോഹ്ന സംഭവവും നടന്നത്.

വൈകുന്നേരം നാല് മണിയോടെയാണ് സോഹ്‌നയിൽ അക്രമം നടന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഒരു സംഘം ആളുകൾ കല്ലെറിയുന്നതും വെടിയുതിർക്കുന്നതും വീഡിയോകളിൽ കാണാം. ഒരാളെ ബൈക്കിൽ നിന്ന് വലിച്ചിറക്കി സംഘം മർദിക്കുന്നതും വീഡിയോയിലുണ്ട്. 

ജൂലൈ 31 ന് ഒരു വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രജ് മണ്ഡൽ യാത്രയെ ജനക്കൂട്ടം ആക്രമിച്ചെന്ന് ആരോപിച്ചാണ്  മുസ്ലീം ആധിപത്യമുള്ള നുഹിൽ വ്യാപക അക്രമം നടത്തിയത്.  സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മസ്ജിദ് ഇമാമും അടക്കം ആറ് പേർ കൊല്ലപ്പെട്ടു.ഗുരുഗ്രാമും മറ്റ് സമീപ സ്ഥലങ്ങളും അക്രമ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.

ഏറ്റുമുട്ടലിന് ദിവസങ്ങൾക്ക് ശേഷം, ബുധനാഴ്ച ഹിസാർ ജില്ലയിലെ ബാസ് ഗ്രാമത്തിൽ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. വിവിധ മതങ്ങളിൽ നിന്നുള്ളവരും കർഷക നേതാക്കളും സമുദായങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആഹ്വാനം ചെയ്തു. ഭാരതീയ കിസാൻ മസ്ദൂർ യൂണിയന്റെ ബാനറിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ നിരവധി ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും പങ്കെടുത്തു.മേവാത്ത് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിവിധ മതസ്ഥർ പ്രവർത്തിക്കുമെന്ന് യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

Latest News