Sorry, you need to enable JavaScript to visit this website.

ജഡ്ജ് നിയമനത്തില്‍ ഇടങ്കോലിട്ട് വീണ്ടും സര്‍ക്കാര്‍; ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം തടഞ്ഞു

ന്യുദല്‍ഹി- നീതിന്യായ സംവിധാനവും സര്‍ക്കാരും തമ്മിലുള്ള മറ്റൊരു പോരിന് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം തടഞ്ഞു. കല്‍കത്ത ഹൈക്കോടതി ജഡ്ജി അനിരുദ്ധ ബോസിനെ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന സുപ്രീം കോടതി കൊളീജിയം ശുപാര്‍ശയാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. ദല്‍ഹി ഹൈക്കോടതി ഒരു പ്രമുഖ കോടതിയായതിനാല്‍ നേരത്തെ ഏതെങ്കിലും ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ് പദവി വഹിച്ച് പരിചയമില്ലാത്ത ജഡ്ജിയെ ഇവിടെ ചീഫ് ജസ്റ്റിസായി നിയമിക്കാനാവില്ലെന്നാണ് നിയമ മന്ത്രാലയത്തിന്റെ നിലപാട്. ജസ്റ്റിസ് ബോസിന് ചീഫ് ജസ്റ്റിസ് പദവി വഹിച്ചുള്ള പരിചയമില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് നിയമന ശുപാര്‍ശ തിരിച്ചയച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കൊളീജിയം വീണ്ടും തീരുമാനമെടുക്കും.

കഴിഞ്ഞ മാസമാണ് ജസ്റ്റിസ് ബോസിന്റെ നിയമന ശുപാര്‍ശ സര്‍ക്കാര്‍ തിരിച്ചയച്ചത്. ജസ്റ്റിസ് ബോസിനെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. എന്നാല്‍ നേരത്തെ അദ്ദേഹത്തിന് ഏതെങ്കിലും ഹൈക്കോടതി തലവനായ അനുഭവസമ്പത്ത് ഇല്ലാത്തത് കൊണ്ട് ദല്‍ഹി പോലൊരു പ്രമുഖ ഹൈക്കോടതിയില്‍ അദ്ദേഹത്തെ നിയമിക്കുന്നതിനാണ് എതിര്‍പ്പെന്ന് പേരുവെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

അതേസമയം സര്‍ക്കാരിന്റെ നിലപാട് നിയമവൃത്തങ്ങളില്‍ മുറുമുറുപ്പുണ്ടാക്കിയിരിക്കുകയാണ്. നേരത്തെ മുന്‍പരിചയമില്ലാത്ത ഹൈക്കോടതി ജഡ്ജിമാരെ നേരിട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസുമാരായി നിയമിച്ചിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജായ ജസ്റ്റിസ് എന്‍.വി രമണയെ 2013-ല്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുമ്പോള്‍ അദ്ദേഹത്തിന് ഏതെങ്കിലും ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് പദവി വഹിച്ച പരിചയമുണ്ടായിരുന്നില്ല. ഇതേ പോലെ തന്നെ 2014-ല്‍ ആന്ധ്ര പ്രദേശ് ഹൈക്കോടതി ജഡ്ജായിരുന്ന ജസറ്റിസ് ജി രോഹിണിയെ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുമ്പോള്‍ അവര്‍ക്കും ഈ പദവിയില്‍ മുന്‍പരിചയമില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമന ചരിത്രം ഇതായിരിക്കെ ജസ്റ്റിസ് ബോസിന്റെ കാര്യത്തില്‍ മാത്രം മറ്റൊരു മാനദണ്ഡം സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്നതിനു പിന്നിലെന്താണ് എന്നാണ് നിയമവിദഗ്ധരുടെ ചോദ്യം. 

ഒരു വര്‍ഷത്തോളമായി ദല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിനെ നിയമിച്ചിട്ടില്ല. 2017 മുതല്‍ ജസ്റ്റിസ് ഗീത മിത്തല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പദവി വഹിച്ചു വരികയാണ്.
 

Latest News