Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ ലോക്സഭാംഗത്വം: സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും

ന്യൂദല്‍ഹി-അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതി ശിക്ഷാവിധി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ ലോക്സഭ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും. അയോഗ്യതയില്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുന്ന പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സ്പീക്കറുടെ തീരുമാനം കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 
സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കര്‍ എന്തുകൊണ്ടാണ് ദിവസങ്ങള്‍ കടന്നിട്ടും തീരുമാനം എടുക്കാത്തത് എന്ന ചോദ്യമാണ് പ്രധാനമായും പ്രതിപക്ഷം ഉയര്‍ത്തുന്നത്. ലോക്സഭാ സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കത്തും ഇന്ന് പരിശോധിച്ചേക്കുമെന്നാണ് വിവരം. തീരുമാനം വൈകുന്നപക്ഷം കോടതിയെ സമീപിക്കുന്നതും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
അതിനിടെ, പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ നേതാക്കള്‍ ഇന്നു രാവിലെ യോഗം ചേരും. പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ നാളെയാണ് ചര്‍ച്ച ചെയ്യുന്നത്. രാഹുലിന്റെ അയോഗ്യത നീക്കിയാല്‍, ചര്‍ച്ചയില്‍ രാഹുലിനും പങ്കെടുക്കാന്‍ അവസരം ലഭിക്കും. പത്താം തീയതി അവിശ്വാസ നോട്ടീസിന്മേല്‍ പ്രധാനമന്ത്രി മറുപടി പറയും. 

Latest News