Sorry, you need to enable JavaScript to visit this website.

റിപ്പോർട്ടറിന്റെ സൂത്രം ഫലിച്ചു തുടങ്ങി

എങ്ങിനെയെങ്കിലും യൂറോപ്പിലേക്ക് കടന്നു കൂടിയാൽ മതിയെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളി യുവാക്കളിൽ ഏറെയും. സ്റ്റുഡന്റ് വിസ കിട്ടി അവിടെ എത്തി അങ്ങ് സെറ്റിൽ ചെയ്യാമെന്നാണ് കണക്കുകൂട്ടൽ. നേരെ പറ്റില്ലെങ്കിൽ ഏതെങ്കിലും ഗൾഫ് രാജ്യത്ത് രണ്ടോ മൂന്നോ വർഷം കഴിഞ്ഞു അതു വഴി പറക്കുകയെന്നതാണ് മലയാളികളുടെ പ്ലാൻ. എന്നാൽ ബ്രിട്ടനിലുള്ളവർക്ക് അവിടത്തെ ജീവിതം മടുത്തിരിക്കുകയാണ്. 
യുകെ ജനതയിൽ നാലിൽ മൂന്ന് പേർക്കും സ്വന്തം രാജ്യത്തെ ജീവിതത്തിൽ അസംതൃപ്തിയെന്നാണ്  ഏറ്റവും പുതിയ സർവേഫലം.  ഈവനിംഗ് സ്റ്റാൻഡേർഡ് പത്രത്തിന് വേണ്ടി ഇപ്സോസ് നടത്തിയ സർവേയിലൂടെയാണ് ഈ പ്രവണതകൾ പുറത്ത് വന്നത്. പല  കാരണങ്ങളാലാണ് ബ്രിട്ടനിലെ ജീവിതം മതിയായെന്ന വെളിപ്പെടുത്തലുമായി നിരവധി ബ്രിട്ടീഷുകാർ രംഗത്തെത്തിയത്. 
രോഗം വന്നാൽ ആശുപത്രികളിൽ  അനിശ്ചിതത്വം നിറഞ്ഞ കാത്തിരിപ്പ് നടത്തേണ്ടി വരുന്നതും വർധിച്ച് കൊണ്ടിരിക്കുന്ന വിവിധ ടാക്സുകൾ, തുടരെത്തുടരെയുളള പണിമുടക്കുകളും സമരങ്ങളും വർധിച്ച് വരുന്ന നാണയപ്പെരുപ്പം തുടങ്ങിയവ ഇതിൽ ചില കാരണങ്ങൾ മാത്രമാണെന്ന് സർവേയിൽ പങ്കെടുത്ത 75 ശതമാനം പേരും പറയുന്നു. ബ്രിട്ടീഷ് സർക്കാരിന് ചുക്കാൻ പിടിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്ക് കടുത്ത മുന്നറിയിപ്പേകുന്ന സർവേഫലമാണിത്. ബ്രിട്ടനിലെ ധനകാര്യ സ്ഥിതി, നികുതിനിർവഹണം, പൊതു ചെലവുകൾ, ഹെൽത്ത് കെയർ മേഖലയെ മെച്ചപ്പെടുത്തൽ തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം സർക്കാർ വലിയ തോൽവിയാണെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചത്. രാജ്യത്തേക്കുള്ള കുടിയേറ്റത്തിന് കടിഞ്ഞാണിടുന്നതിനും ബ്രിട്ടനിൽ പെരുകി വരുന്ന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും ഗവൺമെന്റ് പരാജയമാണെന്നും സർവേഫലം വെളിപ്പെടുത്തി. നിലവിലെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ സുനകിന്റെ ഭരണത്തിന് ഏറ്റവും കുറഞ്ഞ സ്‌കോർ ലഭിച്ച സർവേ കൂടിയാണിത്. സുനകിന്റെ ഭരണത്തിൽ 63 ശതമാനം പേർ പൂർണമായും അസംതൃപ്തി രേഖപ്പെടുത്തിയപ്പോൾ വെറും 26 ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. 

***  ***  ***

സമ്പന്നതയ്ക്ക് മുകളിൽ ദാരിദ്ര്യത്തിൽ കഴിയാൻ വിധിക്കപ്പെട്ട ജനതയാണ് നമ്മുടെ അയൽ രാജ്യത്ത്. 
ഒരു ലക്ഷം കോടിയിലധികം ഡോളർ മൂല്യമുള്ള ധാതു സമ്പന്നമാണ് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിലെ മലനിരകളിൽ നിറഞ്ഞുനിൽക്കുന്നത് ലിഥിയം ശേഖരമാണ്. ലോകത്തെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ളത് അഫ്ഗാനിലാണെന്ന് അമേരിക്കൻ സൈനിക ഓഫീസർമാരും ജിയോളജിസ്റ്റുകളും പറയുന്നു. ഇരുമ്പ്, ചെമ്പ്, സ്വർണം തുടങ്ങിയവയുടെ വൻ ശേഖരവും അഫ്ഗാനിലെ മണ്ണിനടിയിലുണ്ട്. ഇതെല്ലാമുണ്ടായിട്ടും ദരിദ്രരായി ജീവിക്കുകയാണ് അഫ്ഗാനികൾ. ഇവ ഖനനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യം രാജ്യത്തില്ല. ഇലക്ട്രോണിക് യുഗമാണിത്. ഇവയുടെ നിർമാണത്തിൽ പ്രധാന ഘടകമാണ് ലിഥിയം. 
അതുകൊണ്ടുതന്നെ അഫ്ഗാനിലുള്ള ലിഥിയത്തിന്റെ മൂല്യം കണക്കാക്കാൻ പ്രയാസമാണ്. 2020ൽ ആവശ്യമുള്ളതിനേക്കാൾ 40 ഇരട്ടി ലിഥിയം 2040ൽ ആവശ്യമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി കണക്കാക്കുന്നത്. 
അമേരിക്കയിലെ ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ട പിന്നാലെയാണ് യുഎസ്-നാറ്റോ സൈന്യം അഫ്ഗാൻ അധിനിവേശം തുടങ്ങിയത്. ഇവിടെയുള്ള ഭൂവിഭവത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് അമേരിക്കയുടെ പടപ്പുറപ്പാട്. അന്ന് ഭരണത്തിലുള്ള താലിബാനെ പുറത്താക്കിയായിരുന്നു അമേരിക്കയുടെ വരവ്. നീണ്ട 20 വർഷം യുദ്ധം. 
ഒടുവിൽ 2021ൽ അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടു. താലിബാൻ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. ഇന്ന് ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. അമേരിക്കയുടെ സമ്മർദം  കാരണം വിദേശ സഹായം ലഭിക്കുന്നില്ല. ചില ഗൾഫ് രാജ്യങ്ങളുടെ നിക്ഷേപവും സഹായവും മാത്രമാണ് അഫ്ഗാന് താങ്ങ്. അതിനിടെ ചൈന ചില സുപ്രധാന നീക്കങ്ങൾ നടത്തുന്നു. ഇതിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ആശങ്കയിലാണ്. പ്രകൃതി വിഭവങ്ങൾ ഖനനം ചെയ്യാൻ തുടങ്ങിയാൽ ഈ ദരിദ്ര രാജ്യം ലോകത്തെ പ്രധാന ഖനന കേന്ദ്രമായി മാറുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. താലിബാനുമായി അടുപ്പം സ്ഥാപിച്ച് ഇവ ഖനനം ചെയ്യാൻ ചൈന ശ്രമിക്കുന്നു എന്നാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. 1000 കോടി ഡോളറിന്റെ കരാറിനാണ് ചൈന ശ്രമിക്കുന്നത്.  ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിലും ചൈന വാഗ്ദാനം ചെയ്യുന്നു. സമീപഭാവിയിൽ കാബൂളും കണ്ഡഹാറും മലയാളി പ്രവാസികളുടെ സംഗമ കേന്ദ്രങ്ങളായി മാറും. 

***  ***  ***

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും (51) ഭാര്യ സോഫിയും (48) വേർപിരിഞ്ഞ വിവരം  ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഇരുവരും തുടരുമെന്നും  ട്രൂഡോയുടെ ഓഫീസ് അറിയിച്ചു. 2005ലാണ് ജസ്റ്റിനും ടെലിവിഷൻ അവതാരകയായിരുന്ന സോഫിയും വിവാഹിതരായത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. മേയിൽ ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. 2015ലാണ് ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയായത്.
2005 മേയിൽ മോൺട്രിയലിൽ വിവാഹിതരായ അവർക്ക് മൂന്ന് കുട്ടികളുണ്ട്, 14 വയസ്സുള്ള, എല്ലഗ്രേസ്, സേവ്യർ, 15, ഒമ്പത് വയസ്സുള്ള ഹാഡ്രിയൻ. നിയമപരമായ വേർപിരിയൽ കരാറിൽ ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) നിന്നുള്ള പ്രസ്താവന സിബിസി ഉദ്ധരിച്ചു.
അർഥവത്തായതും ബുദ്ധിമുട്ടുള്ളതുമായ നിരവധി സംഭാഷണങ്ങൾക്ക് ശേഷം ഞങ്ങൾ വേർപിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു എന്ന വസ്തുത അറിയിക്കുന്നു എന്ന് പ്രസ്താവനയിൽ പറയുന്നു. എല്ലായ്പ്പോഴും എന്നപോലെ, ഞങ്ങൾ പരസ്പരം ആഴത്തിലുള്ള സ്നേഹവും ബഹുമാനവും ഉള്ളവരായി തുടരും.
ഇറ്റ്‌സ് സോ സിമ്പിൾ.  ഓഫീസിലിരിക്കെ വിവാഹബന്ധം വേർപെടുത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ട്രൂഡോ. ട്രൂഡോയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന പിയറി ട്രൂഡോയും മാതാവ് മാർഗ്രറ്റും 1977ൽ വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു.

***  ***  ***

മലയാളം ന്യൂസ് ചാനൽ പ്രേക്ഷകരുടെ എണ്ണം അളക്കുന്ന ടെലിവിഷൻ റേറ്റിങ്ങ് പോയിന്റിൽ (ടിആർപി) കുതിച്ച് റിപ്പോർട്ടർ ടിവി. 30 ആഴ്ച്ചയിലെ റേറ്റിങ്ങ് പുറത്തു വന്നപ്പോഴാണ് അടുത്തിടെ പുതിയ സാങ്കേതിക വിദ്യയോടെ സംപ്രേഷണം ആരംഭിച്ച് റിപ്പോർട്ടർ ടിവി മുന്നേറ്റം ഉണ്ടാക്കിയത്. ടിആർപി റേറ്റിങ്ങ് ചാർട്ടിൽ പോലും ഇടം പിടിക്കാതിരുന്ന റിപ്പോർട്ടർ പുനഃസംപ്രേഷണം ആരംഭിച്ച് ഒരു മാസം തികയും മുമ്പ് 18.36 പോയിന്റാണ് നേടിയിരിക്കുന്നത്. നിലവിൽ റിപ്പോർട്ടർ ടിവി ഏഴാം സ്ഥാനത്താണ്. ഏഷ്യാനെറ്റ്, 24 എന്നിവ കഴിഞ്ഞുള്ള സ്ഥാനം പിടിക്കാനും റിപ്പോർട്ടറിന് മുമ്പിൽ സാധ്യതയേറി. പത്രങ്ങളുടെ പിൻ
ബലമുള്ള ചാനലുകൾ കേരളത്തിൽ ഇതേവരെ തിളങ്ങിയിട്ടില്ല. 
ടിആർപി റേറ്റിങ്ങ് ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക തകർക്കാൻ ആർക്കും സാധിച്ചിട്ടില്ല. ടിആർപിയിൽ 115 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. ടിആർപിയിൽ 102 പോയിന്റാണ് ചാനലിന് ലഭിച്ചിരിക്കുന്നത്. 69 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത് മനോരമ ന്യൂസാണ്. മാതൃഭൂമി ന്യൂസിന് ഇത്തവണയും ടിആർപി റേറ്റിങ്ങിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിച്ചിട്ടില്ല. 54 പോയിന്റുമായി മാതൃഭൂമി ചാനൽ അഞ്ചാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ മൂന്നാഴ്ചയായി കൈരളി ന്യൂസ് ടിആർപിയിൽ നടത്തുന്ന മുന്നേറ്റം ഇക്കുറിയും നിലനിർത്തി. കഴിഞ്ഞ ആഴ്ചയെക്കാൾ രണ്ട് പോയിന്റ് ഉയർത്താൻ ചാനലിന് സാധിച്ചു. 22 പോയിന്റുമായി ആറാം സ്ഥാനത്താണ് കൈരളി ടിവിയുള്ളത്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ചാനലാണ് ജനം ടിവി ടിആർപിയിൽ ഇത്തവണ കുത്തനെ വീണു. 29 ആഴ്ചയിൽ 21 പോയിന്റാണ് ജനം ടിവിക്ക് ഉണ്ടായിരുന്നത്. എന്നാൽ, 30 ആഴ്ച  എത്തിയപ്പോൾ ചാനലിന് ടിആർപിയിൽ 19 പോയിന്റുകൾ മാത്രമാണ് നേടാൻ സാധിച്ചിരിക്കുന്നത്. രാജ് ടിവി മലയാളവും മീഡിയ വണ്ണുമൊക്കെയാണ് പത്ത് ചാനലുകളുടെ പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ. 

***  ***  ***

ആലുവയിലെ പൊന്നുമോളെ മനുഷ്യപിശാച് പിച്ചിചീന്തിയതിന്റെ ആഘാതത്തിലാണ് മലയാളികൾ. അഞ്ചു വയസ്സുള്ള കുഞ്ഞിനോട് ഇങ്ങിനെയൊക്കെ പെരുമാറാൻ പ്രേരകമായത് കേരളത്തിൽ സുലഭമായി ലഭിക്കുന്ന മദ്യവും മയക്കുമരുന്നുമായിരിക്കും. എറണാകുളം ജില്ലയിലെ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം മലപ്പുറം ചെമ്മാട്ടു നിന്ന് സമാന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇത്തരം സംഭവങ്ങൾ എവിടെയും നടക്കാം. കേരളത്തിലൊരിടത്തുമിപ്പോൾ ജനജാഗ്രത സമിതികളില്ലല്ലോ. പോലീസും ട്രാഫികും പിഴ ഇനത്തിൽ ഖജനാവ് നിറക്കാനുള്ള തിരക്കിലും. മറുനാടൻ തൊഴിലാളികൾ കേരളത്തിന് ഒരു അനിവാര്യതയാണ്. അഞ്ചു ലക്ഷം പേരുണ്ടെന്നാണ് സർക്കാർ കണക്ക്. അരക്കോടി വരുമെന്ന് വേറെ ചിലർ പറയുന്നു. ഇവരേത് നാട്ടുകാരെന്ന് വ്യക്തമായി പറയാൻ ആർക്കുമാവില്ല. ബംഗാളി എന്ന പൊതു വിളിപ്പേരിൽ അറിയപ്പെടുന്നു. ഗൾഫ് നാടുകളിലെ ഇഖാമ പോലൊരു സംവിധാനം അത്യാവശ്യമാണ്. എങ്കിലേ ഓരോരുത്തന്റേയും ക്രിമിനൽ പശ്ചാത്തലവും സ്വദേശം സംബന്ധിച്ച കൃത്യമായ വിവരവും ലഭിക്കൂ. വാളയാർ ചുരം കഴിഞ്ഞാൽ മലയാളി കഠിനാധ്വാനികളാണെന്നാണ് പറയാറുള്ളത്. മറുനാടൻ തൊഴിലാളികൾ കേരളത്തിലെത്തിയാൽ സുഖിയന്മാരായി മാറുന്നുവെന്നതാണ് യാഥാർഥ്യം. ആവശ്യത്തിലേറെ പണം. നിത്യേന ആയിരം രൂപ കൂലി. കുറഞ്ഞ സമയം ജോലി. ബാക്കി നേരത്ത് കറക്കം. കേരളത്തിൽ വന്നിറങ്ങുന്ന മാരക മയക്കുമരുന്നുകളുടെ ഉപഭോക്താക്കളാരെന്ന് മാധ്യമ പ്രവർത്തകർക്കും പോലീസിനും അന്വേഷിക്കാവുന്നതേയുള്ളു. ആലുവയിലെ സംഭവം റിപ്പോർട്ടർ ചാനലിലെ സുജയ പാർവതി റിപ്പോർട്ട് ചെയ്ത വിധം കൗതുകമുണർത്തി. കുട്ടിയെ ഉപദ്രവിച്ചു കൊന്ന ക്രിമിനൽ പതിവായി മദ്യപിക്കാനെത്തുന്ന കള്ളു ഷാപ്പ് വരെ കാണിച്ചായിരുന്നു റിപ്പോർട്ടിംഗ്. 80കളിലും 90കളിലും മംഗളം വാരികയിൽ വന്നിരുന്ന ക്രൈം ഫീച്ചറുകളിൽ ഘാതകൻ കൃത്യത്തിന് മുമ്പ് ചായ കുടിച്ച ടീഷോപ്പിന്റെ ഫോട്ടോ ഉൾപ്പെടുത്താറുണ്ടായിരുന്നത് പോലെ. നികേഷ് സാർ വണ്ടി കയറി കണ്ണൂരിലേക്ക് പോകുന്ന ആലുവ റെയിൽവേ സ്‌റ്റേഷന്റെ രാത്രിയിലെ അവസ്ഥയും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്കുണ്ട് നേരം? ഇവിടെ മിത്താണോ മുത്താണോ മികച്ചതെന്ന തർക്കം മുറുകുകയാണല്ലോ.

***  ***  ***

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ് എസ്തർ എന്ന നടി ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകൾ ആയിട്ടായിരുന്നു എസ്തർ ചിത്രത്തിൽ എത്തിയത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. പിന്നീട് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽഹാസന്റെ മകളായും എസ്തർ അഭിനയിച്ചു. ദൃശ്യം എസ്തറിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറി. അതിനു ശേഷം എസ്തറിന്റെ ലുക്കിലും അഭിനയത്തിലും വന്ന മാറ്റങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചൊരു പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്.
പഠനാവശ്യത്തിനായി ബാംഗളൂരുവിലാണ് എസ്തർ ഇപ്പോൾ. കഴിഞ്ഞ ദിവസം തന്റെ ബംഗളൂരു ജീവിതത്തിൽ നിന്നുള്ള ചില നിമിഷങ്ങൾ താരം പോസ്റ്റ് ചെയ്യുകയുണ്ടായി. അതിന് എസ്തർ നൽകിയ അടിക്കുറിപ്പാണ് ചർച്ചയാകുന്നത്. ഒരു ശരാശരി ഫേസ്ബുക്ക് അമ്മാവന്റെ ഡിപി എന്ന അടിക്കുറിപ്പോടെ തന്റെ രണ്ടു സെൽഫി അടക്കമുള്ള ചിത്രങ്ങളാണ് എസ്തർ പങ്കുവച്ചത്.  ഇതിനു പിന്നാലെ രൂക്ഷ വിമർശനമാണ് നടിക്കു നേരെ ഉയരുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഈ കുട്ടി ഉദ്ദേശിച്ചത് ഫൺ ആണെങ്കിലും അങ്ങനെ തോന്നിയില്ല. ആദ്യമായി ഫോൺ ഉപയോഗിക്കുന്നവർക്ക്  സെൽഫി വേണ്ട വണ്ണം എടുക്കാൻ അറിയില്ലായിരിക്കും, കുറച്ചു നാൾ കേരളത്തിൽ നിന്ന് മാറി നിന്നപ്പോൾ വലിയ മോഡേൺ പെൺകുട്ടി ആയെന്നാണോ വിചാരം, 20 വർഷം കഴിയുമ്പോൾ പുതിയ പ്ലാറ്റ്‌ഫോമുകളിൽ പുതിയ പിള്ളേർ വരും. അന്ന് ഒരു ശരാശരി ഇൻസ്റ്റ ആന്റിയുടെ ഡിപി ഇതായിരിക്കും' എന്നൊക്കെയാണ്  കമന്റുകൾ പ്രവഹിച്ചത്.  

***  ***  ***

സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാരിന്റെ മകളായ അഹാനയ്ക്ക് സിനിമയിലേക്കാൾ ആരാധകർ സോഷ്യൽ മീഡിയയിലാണ്. വലിയൊരു നേട്ടം കൈവരിച്ച സന്തോഷത്തിലാണ് താരമിപ്പോൾ. 
യൂട്യൂബിൽ 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നേട്ടമാണ് അഹാന സ്വന്തമാക്കിയത്. ഗോൾഡൻ പ്ലേ ബട്ടൺ ലഭിച്ച സന്തോഷം  ആരാധകരെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അഹാന അറിയിച്ചത്. ആദ്യമൊക്കെ യൂട്യൂബിനു വേണ്ടി കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുന്നത് അത്ര സീരിയസ് ആയി കണ്ടിരുന്നില്ലെന്നാണ് അഹാന പറയുന്നത്. ഒരു 25 വർഷം കഴിഞ്ഞാൽ എനിക്ക് ഈ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന സംതൃപ്തിയെ കുറിച്ചാണ് ഏതൊരു വീഡിയോ ചെയ്യുമ്പോഴും ഞാൻ ചിന്തിക്കുന്നത്. അങ്ങനെ ചെയ്ത വീഡിയോകളാണ് ചാനലിൽ ഉള്ളതും. അങ്ങനെ ചെയ്തിട്ടും ഇത്രയും വളർച്ച കിട്ടിയതിൽ സന്തോഷവതി ആണെന്നും അഹാന പറയുന്നു. തന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി ഉണ്ടെന്നും ആ വാക്ക് ചിലപ്പോൾ കുറഞ്ഞു പോകുമെന്നും താരം പറഞ്ഞു.''യൂട്യൂബ് കാരണം ആളുകൾ എന്നെ ആളുകൾ തിരിച്ചറിയുന്നു എന്നതിൽ സന്തോഷം തോന്നി. സിനിമയിൽ കണ്ടിട്ട് ആളുകൾക്ക് അറിയാം, പക്ഷെ യൂട്യൂബ് കണ്ടിട്ട് എന്നെ സ്‌നേഹിക്കുന്ന അംഗീകരിക്കുന്ന, സ്വന്തം വീട്ടിലെ കുട്ടിയായി കാണുന്ന ഒരു വലിയ സമൂഹം ഉണ്ടെന്ന് എനിക്ക് ഇപ്പോൾ മനസിലായി. ഞാൻ നിങ്ങളോട് ശരിക്കും നന്ദി ഉള്ളവളാണ്. നിങ്ങളാണ് എന്റെ ശക്തി. നമ്മൾ പറയുന്നത് കേൾക്കാനും ചെയ്യുന്നത് കാണാനും ആസ്വദിക്കാനും ആളുകൾ ഉണ്ടെന്ന് പറയുന്നത് വലിയ ഭാഗ്യമാണ്. സബ്‌സ്‌ക്രൈബേർസ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവരെ ചെറുതാക്കില്ല. ഒരു മില്യൺ സുഹൃത്തുക്കളുടെ ഉടമയാണ് ഞാൻ ഇന്ന്'' അഹാന കൃഷ്ണ തുറന്നു പറഞ്ഞു. 

***  ***  ***

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട കേസിൽ മുൻ മജിസ്‌ട്രേറ്റ് എസ് സുധീപ് പോലീസിൽ കീഴടങ്ങി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുധീപ് കീഴടങ്ങിയത്.  സ്റ്റേഷനിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് സുധീപ് കോടതിയിൽ കീഴടങ്ങിയത്. എഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2023 ജൂലൈ മൂന്നിനാണ് എസ് സുദീപ് കേസിന് ആസ്പദമായ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. 
ലൈംഗിക അധിക്ഷേപങ്ങൾ അടങ്ങുന്നതായിരുന്നു പോസ്റ്റ്. ഇതേത്തുടർന്ന് നൽകിയ പരാതിയിലാണ് ഐപിസി 354 എ (1), ഐ ടി ആക്ടിലെ 67 വകുപ്പുകൾ പ്രകാരം ജൂലൈ 21-ന് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സൈബർ സെൽ നടത്തിയ പരിശോധനയിൽ കേസിനാസ്പദമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് എസ് സുധീപിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.

***  ***  ***

സമൂഹ മാധ്യമത്തിൽ കണ്ടത്- യൂസ്ഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്- യൂസ്ഡ് ആണെന്ന് പറഞ്ഞ് പുതിയ കാർ നൽകി പറ്റിക്കാൻ സാധ്യതയുണ്ട്-സൂക്ഷിക്കുക. 

Latest News