Sorry, you need to enable JavaScript to visit this website.

യു.എ.ഇ: പുതിയ നികുതി ചട്ടങ്ങള്‍ ചൊവ്വാഴ്ച മുതല്‍, കര്‍ശന നിര്‍ദേശവുമായി മന്ത്രാലയം

ദുബായ്- കോര്‍പറേറ്റ് നികുതി നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സാമ്പത്തിക മന്ത്രാലയം. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ ചട്ടം  നിലവില്‍ വരും. നിലവിലെ ചട്ടങ്ങള്‍ ഇതോടെ ഇല്ലാതാവും. കണക്കുകള്‍ രേഖപ്പെടുത്തുകയും അടുത്ത 5 വര്‍ഷത്തേക്ക് സൂക്ഷിക്കുകയും വേണം. തര്‍ക്കമുള്ള അക്കൗണ്ട് ആണെങ്കില്‍ അടുത്ത 4 വര്‍ഷത്തേക്കോ തര്‍ക്കം തീരും വരെയോ സൂക്ഷിക്കണം. ഏതാണോ ഒടുവില്‍ സംഭവിക്കുന്നത് അതുവരെ കണക്ക് സൂക്ഷിക്കണം. കണക്കുമായി ബന്ധപ്പെട്ട രേഖകള്‍ ഇംഗ്ലിഷില്‍ നല്‍കാം.
രാജ്യത്തെ നികുതി ചട്ടങ്ങളില്‍ കാതലായ മാറ്റങ്ങളാണ് വരുന്നത്. നികുതി അടയ്ക്കല്‍, റീ ഫണ്ട്, പാപ്പരാകുന്ന സാഹചര്യം ഉള്‍പ്പെടെയുള്ള ചട്ടങ്ങളിലാണു ഭേദഗതി. എല്ലാ സ്ഥാപനങ്ങളും കണക്കു നല്‍കണം.
നികുതിദായകന് നിയമ സഹായത്തിന് അഭിഭാഷകനെ നിയമിക്കുന്നെങ്കില്‍ അതിന്റെ മുഴുവന്‍ രേഖകളും നിയമന ഉത്തരവും അധികൃതര്‍ക്കു കൈമാറും. അധികമായി നല്‍കുന്ന നികുതി തിരികെ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ഭാവിയിലെ നികുതി തുകയിലേക്കോ കമ്പനിയുടെ നികുതി കുടിശികയിലേക്കോ വകകൊള്ളിക്കും.
പുതിയ നികുതി ചട്ടങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

Latest News