Sorry, you need to enable JavaScript to visit this website.

ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ചവരില്‍ രണ്ടാമനായി നവീന്‍ പട്‌നായിക്

ഭുവനേശ്വര്‍- രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ചവരില്‍ രണ്ടാമതെത്തി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. നേരത്തേ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതി ബസുവിനെ പിന്തള്ളിയാണ് നവീന്‍ പട്‌നായിക് റെക്കോര്‍ഡ് സ്വന്തമാക്കിയത്. സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ്ങാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ആള്‍. 1994 ഡിസംബര്‍ 12 മുതല്‍ 2019 മേയ് 27 വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

അഞ്ചുതവണ ഒഡിഷ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായിക് നിലവില്‍ ഈ സ്ഥാനത്ത് 23 വര്‍ഷവും 138 ദിവസവും പിന്നിട്ടു. 2000 മാര്‍ച്ച് അഞ്ചിനാണ് അദ്ദേഹം ഒഡിഷ മുഖ്യമന്ത്രിയാകുന്നത്. 1977 ജൂണ്‍ 21ന് മുഖ്യമന്ത്രിയായ ജ്യോതി ബസു, 2000 നവംബര്‍ അഞ്ചുവരെ 23 വര്‍ഷവും 137 ദിവസവുമാണ് പദവി വഹിച്ചത്.

റെക്കോര്‍ഡ് നേടിയ പട്‌നായിക്കിന് പ്രശംസയുമായി വിവിധ നേതാക്കളെത്തി. മുഖ്യമന്ത്രിയുടെ നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ബി.ജെ.ഡി. വൈസ് പ്രസിഡന്റ് പ്രസന്ന ആചാര്യ പ്രതികരിച്ചു. നവീന്‍ പട്‌നായിക്കിന്റെ നേട്ടത്തെ അഭിനന്ദിച്ച കോണ്‍ഗ്രസ് നേതാവ് എസ്.എസ്. സലുജ, ഭരണകാലത്ത് അദ്ദേഹം ഒന്നും ചെയ്യുന്നില്ലന്ന് കുറ്റപ്പെടുത്തി. ഒരാള്‍ എത്രകാലം മുഖ്യമന്ത്രിയായി എന്നത് ചരിത്രം ഓര്‍മിക്കില്ലെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ ചരിത്രം സൃഷ്ടിച്ചുവെന്നാണ് ഓര്‍മിക്കപ്പെടുകയെന്നും ബി.ജെ.പി. നേതാവ് സുരേഷ് പൂജാരി പറഞ്ഞു.

 

Latest News