Sorry, you need to enable JavaScript to visit this website.

ഒരു രൂപ ചെലവാക്കിയാല്‍ ആറു രൂപ ലാഭം; സ്മാര്‍ട്ട് ഫോണിനെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍

ന്യൂദൽഹി- ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും  ഉപഭോക്താവിന് 6.1 മടങ്ങ് സാമ്പത്തിക നേട്ടമുണ്ടെന്ന് പുതിയ പഠനം. ടെക്കാര്‍ക്കുമായി സഹകരിച്ച്  വിവോ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മധ്യവര്‍ഗത്തെ അപേക്ഷിച്ച് സമ്പന്നര്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സാമ്പത്തിക മൂല്യം ഇന്ത്യയില്‍ ഏകദേശം 50 ശതമാനം കൂടുതലാണ്.

ഉപഭോക്താക്കള്‍ യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിനും ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഷോപ്പിംഗ്/ബുക്കിംഗ്/ വാടകയ്‌ക്കെടുക്കല്‍ എന്നിവക്കായും എങ്ങനെ സ്മാര്‍ട്ട്‌ഫോണുകളെ കൂടുതലായി ആശ്രയിക്കുന്നു എന്നതിലേക്കാണ് പഠനം വെളിച്ചം വീശുന്നത്.തുടര്‍ച്ചയായ നവീകരണങ്ങളും മെച്ചപ്പെടുത്തലുകളും കാരണം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നായി മാറിയിട്ടുണ്ട് സ്മാര്‍ട്ട്‌ഫോണ്‍. ആളുകളുടെ ജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഘടകമാകുകയും ചെയ്തു. ഉപയോക്താക്കള്‍ക്ക് വളരെ പ്രയോജനപ്രദമായ കൂട്ടാളിയായി ഫോണ്‍ മാറിയെന്നും പറയാം.

സാമ്പത്തിക മൂല്യം വര്‍ദ്ധിക്കുന്നതിനാല്‍ പഴയതുപോലെ സ്മാര്‍ട്ട്‌ഫോണിന്റെ വില ഇപ്പോള്‍ ഉപയോക്താക്കള്‍ കാര്യമാക്കുന്നില്ല.  ഉപഭോക്താക്കള്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ മടിക്കുന്നില്ലെന്നാണ് പഠനം പറയുന്നത്.  മൂല്യമര്‍ധനയാണ് പ്രധാനമായും അവര്‍ കണക്കിലെടുക്കുന്നതെന്ന് ടെക്കാര്‍ക്ക് സ്ഥാപകനും ചീഫ് അനലിസ്റ്റുമായ ഫൈസല്‍ കവൂസ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഒരു ഉപഭോക്താവ് തന്റെ ഫോണിലൂടെ നടത്തുന്ന വ്യത്യസ്ത ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന സാമ്പത്തിക മൂല്യമാണ് പഠനം എടുത്തുകാണിക്കുന്നത്.
ഫോണിലൂടെ നടത്തുന്ന സര്‍വീസ് ബുക്കിംഗാണ് ഏറ്റവും ലാഭകരമായി ഉയര്‍ന്നതെന്ന് പഠനം പറയുന്നു. ഇതില്‍ നിക്ഷേപത്തിന്റെ എട്ട് മടങ്ങ് വരുമാനം ലഭിക്കുന്നു. പലചരക്ക് വാങ്ങലുകള്‍-7.9 മടങ്ങ്, യൂട്ടിലിറ്റി ബില്ലുകള്‍, ഷോപ്പിംഗ് എന്നിവ 7.6 മടങ്ങ്, അവശ്യവസ്തുക്കള്‍- 7.4 മടങ്ങ്, ഡിജിറ്റല്‍ പണം- 6.9 തവണ എന്നിങ്ങനെയാണ് ലാഭം കണക്കാക്കുന്നത്. ട്രാവല്‍ ടിക്കറ്റ് ബുക്കിംഗ്, സര്‍വീസ് പ്രൊഫഷണലുകളുടെ സേവനം, കാര്‍ ബുക്കിംഗ്   എന്നിവ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ സമ്പന്ന വിഭാഗങ്ങള്‍ക്ക്  കൂടുതല്‍ പ്രയോജനപ്പെടുന്നു.
41-60 വയസ്സിനിടയിലുള്ള മുതിര്‍ന്നവര്‍ക്ക് സ്മാര്‍ട്ട് ഫോണിലൂടെ ലഭിക്കുന്ന ശരാശരി സാമ്പത്തിക മൂല്യം 7.7 ആണ്. ചെറുപ്പക്കാര്‍ക്ക്  (25-40 വയസ്സ്) ലഭിക്കുന്ന സാമ്പത്തിക മൂല്യം  7.6 ആയും കണക്കാക്കി.18-24 വയസ്സിനിടയിലുള്ളവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക മൂല്യം 5.5 ആയും രേഖപ്പെടുത്തി.മെട്രോ നഗരങ്ങളില്‍ ശരാശരി സാമ്പത്തിക മൂല്യം  7.6 ഉം മെട്രോ ഇതര നഗരങ്ങളില്‍ 6.2 ഉം ആയാണ് പഠനം കാണിക്കുന്നത്.
ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനപ്പുറം കാറുകള്‍ ബുക്ക് ചെയ്യല്‍, പലചരക്ക് സാധനങ്ങള്‍, ധനകാര്യങ്ങള്‍ തുടങ്ങി പ്രൊഫഷണലും വ്യക്തിഗതവുമായ ഉപയോഗം മുതല്‍ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നുവെന്ന് വിവോ ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ട്രാറ്റജി മേധാവി ഗീതാജ് ചന്നാന പറഞ്ഞു.

 

Latest News