Sorry, you need to enable JavaScript to visit this website.

ബംഗ്ലദേശ് സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗത്തെ ഇന്ത്യ തിരിച്ചയച്ചു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ വിമാനമിറങ്ങിയ പ്രമുഖ ബ്രിട്ടീഷ് അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ ലോഡ് അകലക്‌സാണ്ടര്‍ കാര്‍ലൈലിനെ അനുയോജ്യമായ വീസയില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ തിരിച്ചയച്ചു. ജയിലലടക്കപ്പെട്ട മുന്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് നിയമ സഹായം നല്‍കുന്നത് കാര്‍ലൈല്‍ ആണ്. ഖാലിദ സിയക്കെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന അടിസ്ഥാന രഹിതമെന്ന് പറയപ്പെടുന്ന പ്രചാരണങ്ങള്‍ സംബന്ധിച്ച് ന്യൂദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്താനായി എത്തിയതാരിയുന്നു കാര്‍ലൈല്‍. എന്നാല്‍ ഇതു മുന്‍കൂട്ടി കണ്ടാണ് വിദേശകാര്യ മന്ത്രാലയം കാര്‍ലൈലിനെ വിമാനത്താവളത്തില്‍ നന്ന് തിരിച്ചയത്തത്. 

വിസ അപേക്ഷയില്‍ കാര്‍ലൈല്‍ കാണിച്ച ഉദ്ദേശ്യമായിരുന്നില്ല അദ്ദേഹത്തിന്റെ വരവിനെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. അനുയോജ്യമായ വിസയുമായല്ല അദ്ദേഹം ബുധനാഴ്ച ദല്‍ഹിയില്‍ വന്നിറങ്ങിയതെന്നും രവീഷ് കുമാര്‍ പറഞ്ഞു. നേരത്തെ ബംഗ്ലാദേശ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കാര്‍ലൈല്‍ ഇന്ത്യയിലെത്തിയത്. ധക്കയിലേക്ക് വിസ ലഭിക്കാത്തതിനാലാണ് ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ഖാലിദ സിയയുടെ കേസിന്റെ സങ്കീര്‍ണതകളെ കുറിച്ച് അന്താരഷ്ട്ര മാധ്യമങ്ങള്‍ക്കു വിശദീകരിച്ചു നല്‍കുകയുമാണ് ഉദ്ദേശ്യമെന്നും നേരത്തെ കാര്‍ലൈല്‍ ബംഗ്ലദേശ് പത്രമായ ധക്ക ടൈംസിനോട് പറഞ്ഞിരുന്നു. 

ബംഗ്ലദേശില്‍ അഴിമതിക്കേസില്‍ ഫെബ്രുവരിയില്‍ കോടതി ശിക്ഷിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്കു വേണ്ടി അവരുടെ പാര്‍ട്ടിയായ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ഏര്‍പ്പെടുത്തിയ അഭിഭാഷകനാണ് കാര്‍ലൈല്‍. സിയക്കെതിരെ 36ഓളം ക്രിമില്‍ കേസുകളാണ് നടന്നു വരുന്നത്. 

പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായി നല്ല ബന്ധം കണക്കിലെടുത്താണ് ഹസീനയുടെ ബദ്ധവൈരിയായ ഖാലിദ സിയ്ക്ക് അനുകൂലമായ നീക്കങ്ങള്‍ക്ക് ഇന്ത്യ തടയിട്ടതെന്ന് വിലയിരുത്തപ്പെടുന്നു.
 

Latest News