ന്യൂദൽഹി- വർഗീയ ശക്തികൾക്ക് എതിരായ എന്റെ പോരാട്ടം ഇന്ന് മുതൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ഞാൻ പാർട്ടിയെ പുനർനിർമ്മിക്കും. എൻ.സി.പി വിട്ട വിമത എം.എൽ.എമാർക്ക് തിരിച്ചുവരാം. പക്ഷെ, അതിന് സമയപരിധിയുണ്ട്. എൻ.സി.പി നേതാവ് ശരദ് പവാർ വ്യക്തമാക്കി. തന്റെ അനന്തരവനും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ പാർട്ടി വിട്ട് ബി.ജെ.പി മുന്നണി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പവാർ. തന്റെ ഗുരുവും മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയുമായ യശ്വന്ത്‌റാവു ചവാന്റെ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് പവാർ ഇക്കാര്യം പറഞ്ഞത്. എല്ലാ പ്രതിപക്ഷ പാർട്ടികളെയും നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എൻസിപിയെ പുനർനിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് മഹാരാഷ്ട്രയിലും രാജ്യത്തും ചില വിഭാഗങ്ങൾ ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹങ്ങൾക്കിടയിൽ വിള്ളൽ ഉണ്ടാക്കുകയാണ്. എൻസിപിയെ തകർക്കാൻ ശ്രമിച്ചവർക്ക് അവരുടെ യഥാർത്ഥ സ്ഥാനം ഞങ്ങൾ കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജിത് പവാറിന്റെ കലാപത്തിൽ താൻ തളർന്നില്ലെന്നും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയാണെന്നും പവാർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പൂനെയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ശരദ് പവാർ, വഴിയരികിൽ തന്നെ അഭിവാദ്യം ചെയ്യാനും പിന്തുണ നൽകാനും അണിനിരന്ന അനുയായികളെ കാണാൻ വാഹനം നിർത്തി.
ശരദ് പവാറിനെ ആയിരക്കണക്കിന് അനുയായികളും കാരാഡിലെ പ്രാദേശിക എംഎൽഎ ബാലാസാഹേബ് പാട്ടീലും സ്വീകരിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അജിത് പവാറിന്റെ ബംഗ്ലാവിലെത്തിയ എം.എൽ.എ മകരന്ദ് പാട്ടീലും ശരദ് പവാറിനെ കാരാടിൽ സ്വീകരിച്ചു. കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും ശരദ് പവാറിനെ കാണാനെത്തി.