Sorry, you need to enable JavaScript to visit this website.

നെഹ്‌റു മ്യൂസിയത്തിന്റെ പേര് മാറ്റി മോഡി സർക്കാർ, സ്വയം പ്രഖ്യാപിത വിശ്വഗുരു എന്തും ചെയ്യുമെന്ന് കോൺഗ്രസ്

ന്യൂദൽഹി- ദൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിയെ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റി എന്ന് പേരു മാറ്റിയ ബി.ജെ.പി സർക്കാറിന്റെ തീരുമാനത്തിന് എതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായി പ്രവർത്തിച്ചിരുന്ന അതേ കെട്ടിടത്തിന്റെ പരിസരത്ത് പ്രധാനമന്ത്രി സംഗ്രഹാലയ ഉദ്ഘാടനം ചെയ്ത് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് തീൻ മൂർത്തി ഭവനിലെ മ്യൂസിയത്തിന്റെ പേര് മാറ്റുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ പാർട്ടിയും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി നൽകിയ സംഭാവനകൾ കുറയ്ക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ജയറാം രമേശും ആരോപിച്ചു.

'ചരിത്രമില്ലാത്തവർ മറ്റുള്ളവരുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുകയാണ്. നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേര് മാറ്റാനുള്ള ദുഷ്‌കരമായ ശ്രമം ആധുനിക ഇന്ത്യയുടെ ശില്പിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വ്യക്തിത്വത്തെ ഇകഴ്ത്താൻ കഴിയില്ല. ജനാധിപത്യത്തിന്റെ നിർഭയ കാവൽക്കാരനാണ് നെഹ്‌റു- ഖാർഗെ ട്വീറ്റ് ചെയ്തു. ബി.ജെ.പി-ആർ.എസ്.എസിന്റെ താഴ്ന്ന മാനസികാവസ്ഥയും സ്വേച്ഛാധിപത്യ മനോഭാവവും മാത്രമാണ് ഇത് കാണിക്കുന്നതെന്നും ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘിനെ (ആർഎസ്എസ്) പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ദേശീയ രാഷ്ട്രത്തിന്റെ ശില്പിയുടെ പേരും പൈതൃകവും വളച്ചൊടിക്കാനും ഇകഴ്ത്താനും നശിപ്പിക്കാനും മോഡി എന്തും ചെയ്യുമെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. അരക്ഷിതാവസ്ഥയിൽ ഭാരപ്പെട്ട ഒരു ചെറിയ മനുഷ്യനാണ് സ്വയം പ്രഖ്യാപിത വിശ്വഗുരുവായ മോഡിയെന്നും രമേഷ് ട്വീറ്റ് ചെയ്തു.

Latest News