Sorry, you need to enable JavaScript to visit this website.

യുപിയില്‍ പത്തുവയസുകാരനെ പിതാവ് വിവസ്ത്രനാക്കി,  കൈകാലുകള്‍ ബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു

ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ പത്തുവയസ്സുകാരന്‍ മകനോട് പിതാവിന്റെ ക്രൂരത. നിസ്സാര തെറ്റിന്റെ പേരില്‍ മകനെ വിവസ്ത്രനാക്കി കൈകാലുകള്‍ ബന്ധിച്ച് ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. റെയില്‍വേ ട്രാക്കില്‍ നഗ്നനായി ഇരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നഗ്നനായി കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് ബന്ധിച്ച നിലയില്‍ ഒരു കുട്ടി റെയില്‍വേ ട്രാക്കിന് നടുവില്‍ ഇരിക്കുന്നതാണ് വൈറലായ വീഡിയോ. ഹര്‍ദോയ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സീതാപൂര്‍ മേല്‍പ്പാലത്തിന് താഴെ നിന്നുള്ളതാണ് വൈറലായ വീഡിയോ എന്നാണ് സൂചന. എന്തിനാണ് കുട്ടിയെ ഇങ്ങനെ ഇരുത്തിയെന്ന് ഒരു സ്ത്രീ പിതാവിനോട് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. ദൂരെ നിന്ന് ട്രെയിന്‍ വരുന്നുണ്ടെന്നും മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് മാറ്റണമെന്നും ആളുകള്‍ നിര്‍ബന്ധിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ മകന്‍ രാത്രി വൈകി തിരിച്ചെത്തിയതിനാണ് പിതാവിന്റെ ഈ ക്രൂരമായ ശിക്ഷ. സഹോദരി പിതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണണം. ആളുകള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ മകനെ ട്രാക്കില്‍ നിന്ന് മാറ്റിയത്. വൈറലായ വീഡിയോ റെയില്‍വേ പൊലീസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജിആര്‍പി സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അരവിന്ദ് കുമാര്‍ സംഭവത്തില്‍ അന്വേഷണം നടത്തി നടപടിക്ക് ഉത്തരവിട്ടു.

Latest News