Sorry, you need to enable JavaScript to visit this website.

ജൂണില്‍ ടാറ്റ നിര്‍മ്മിച്ചത് ഒരേ ഒരു നാനോ മാത്രം; വിറ്റത് വെറും മൂന്നെണ്ണം

മുംബൈ- ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാറെന്ന് കൊട്ടിഘോഷിച്ച് 2008-ല്‍ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ച നാനോ എന്ന കുഞ്ഞന്‍ കാര്‍ ഓര്‍മകളിലേക്കുള്ള ടോപ് ഗിയറിലാണോ? കമ്പനിയുടെ ഏറ്റവും പുതിയ നിര്‍മ്മാണ, വില്‍പ്പന വിവരങ്ങള്‍ നല്‍കുന്ന സൂചന അതാണ്. ജൂണില്‍ ടാറ്റ നിര്‍മ്മിച്ചത് ഒരേ ഒരു നാനോ കാര്‍ മാത്രമാണെന്ന് കമ്പനിയുടെ ഏറ്റവും പുതിയ പ്രതിമാസ കണക്കുകള്‍ പറയുന്നു. ഇതേ മാസം ഇന്ത്യയിലൊട്ടാകെ ടാറ്റയ്ക്കു വില്‍ക്കാനായത് വെറും മൂന്ന് നാനോ കാറുകള്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഇതേമാസം 275 നാനോ യൂണിറ്റുകളാണ് ടാറ്റ നിര്‍മ്മിച്ചത്. ഇവയില്‍ 167 എണ്ണം ഇന്ത്യയില്‍ വിറ്റഴിക്കുകയും 25 യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. 

2008ല്‍ അവതരിപ്പിക്കുമ്പോള്‍ ഒരു ലക്ഷം രൂപയായിരുന്നു നാനോയ്ക്ക് ടാറ്റ വിലയിട്ടിരുന്നത്. പ്രധാനമായും ഇരു ചക്രവാഹനങ്ങളെ ആശ്രയിക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു നാനോയുടെ വരവ്. കമ്പനി പിന്നീട് ഈ മോഡലില്‍ പല പരിഷ്‌ക്കരണങ്ങളും വരുത്തി ഒടുവില്‍ ലക്ഷണമൊത്ത ഒരു കാര്‍ ആക്കിയെടുത്തപ്പോഴേക്കും വിലയിലും വലിയ മാറ്റങ്ങളുണ്ടായി. മറ്റു കമ്പനികളുടെ മികച്ച എന്‍ട്രി ലെവല്‍ ഹാച്ബാക്കുകളുടെ വിലയ്ക്കു ഏതാണ്ട് തുല്യമായതോടെ നാനോയില്‍ നിന്നും ഉപഭോക്താക്കളും അകലാന്‍ തുടങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ പോക്കു പോയാല്‍ നാനോ 2019നപ്പുറത്തേക്ക് പോകില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ തന്നെ പറയുന്നത്. നാനോയുടെ ഈ സ്ഥിതിയെ കുറിച്ച് കമ്പനിക്ക് നല്ല ബോധ്യമുണ്ടെന്നും തുടരാന്‍ പുതിയ നിക്ഷേപങ്ങള്‍ ആവശ്യമാണെന്നും വക്താവ് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് കമ്പനി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നാനോയുടെ ഉല്‍പ്പാദനം തുടരുമെന്നും വക്താവ് അറിയിച്ചു.

ടാറ്റ മുന്‍ മേധാവി രത്തന്‍ ടാറ്റയുടെ സ്വപനമായിരുന്നു നാനോ. വന്‍ വിപണി ഇടിവുണ്ടായിട്ടും നഷ്ടം സഹിച്ച് നാനോ ഉല്‍പ്പാദനം കമ്പനി തുടരുന്നത് വൈകാരികമായ കാരണങ്ങളാലാണെന്ന് രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായ വന്ന മുന്‍ മേധാവി സൈറസ് മിസ്ട്രി പറഞ്ഞിരുന്നു. നാനോ ലാഭത്തിലാകാനുളള സാധ്യതകള്‍ വിരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
 

Latest News