Sorry, you need to enable JavaScript to visit this website.

എല്ലാവര്‍ക്കും അവസരം ലഭിക്കും, ക്ഷമയോടെ കാത്തിരിക്കണം; പൈലറ്റുമായുള്ള സന്ധിക്ക് ശേഷം ഗെലോട്ട്

ന്യൂദല്‍ഹി-ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്താന്‍ താനും സച്ചിന്‍ പൈലറ്റും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജനങ്ങളെ സേവിക്കാനുളള അവസരങ്ങള്‍ക്കായി
ക്ഷമയോടെ കാത്തിരിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും ആഹ്വാനം ചെയ്തു.
രാജസ്ഥാനിലെ രണ്ട് വമ്പന്മാരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് പൈലറ്റുമായി യോജിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് അശോക് ഗെലോട്ട് പ്രത്യാശ പ്രകടിപ്പിച്ചത്.
വര്‍ഷാവസാനം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഐക്യത്തോടെ മുന്നേറാന്‍ ഇരുവരോടും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും അവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പാര്‍ട്ടിയെ സേവിക്കാന്‍ കഴിയുമെന്നും സോണിയ ഗാന്ധി പറഞ്ഞ വാക്കുകളാണ് ഞാന്‍ ഓര്‍ക്കുന്നത്. അത് ഞാന്‍ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. പാര്‍ട്ടിക്കാരോട് ക്ഷമയോടെയിരിക്കാന്‍ പറയുന്നു. ഏതെങ്കിലും വിധത്തില്‍ പാര്‍ട്ടിയെ സേവിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കും. അതിനാല്‍ ഞാന്‍   ക്ഷമ, ക്ഷമ, ക്ഷമ എന്ന് പറയുകയാണ്- അദ്ദേഹം പറഞ്ഞു.
പൈലറ്റ് തന്നോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരാള്‍ എന്ത് പങ്ക് വഹിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും റോള്‍ കൊടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നുമായിരുന്നു ഗെലോട്ടിന്റെ മറുപടി.
എനിക്ക് ഒരു സ്ഥാനവും പ്രധാനമല്ല. ഞാന്‍ രാജസ്ഥാനില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്, അത്രയും തവണ കേന്ദ്ര മന്ത്രിയായിട്ടുണ്ട്. മൂന്ന് തവണ മുഖ്യമന്ത്രിയും മൂന്ന് തവണ കേന്ദ്ര മന്ത്രിയും ആയത് പ്രധാനമാണ്. ഇപ്പോള്‍ ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത് ചെയ്യുക എന്റെ കടമയാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് ഇപ്പോഴത്തെ കടമ- മുഖ്യമന്ത്രി പറഞ്ഞു.

 

Latest News