Sorry, you need to enable JavaScript to visit this website.

കര്‍ണാടകയിലെ പിടിവലി തെറ്റായ സന്ദേശം നല്‍കും; മുന്നറിയിപ്പുമായി പ്രശാന്ത് കിഷോര്‍

ന്യൂദല്‍ഹി- കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് ശേഷം നടക്കുന്ന സംഭവങ്ങള്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പിനെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോര്‍.
അടുത്ത വര്‍ഷം നടക്കാനരിക്കുന്ന തെരഞ്ഞെടുപ്പിനുശേഷം എന്തായിരിക്കുമെന്ന് ജനങ്ങള്‍ ചിന്തിക്കുന്നതിലേക്ക് തെറ്റിദ്ധാരണ പരത്തരുതെന്ന് രാഷ്ട്രീയ നേതാക്കളെ ഉണര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2012ല്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സംസ്ഥാനം തൂത്തുവാരിയ കാര്യവും പ്രശാന്ത് കിഷോര്‍ ഓര്‍മിപ്പിച്ചു.
കര്‍ണാടകയില്‍ മുഖ്യമന്ത്രിയെച്ചൊല്ലി തുടരുന്ന അനിശ്ചിതത്വത്തിനിടെ നേതാക്കളോട് പരസ്യപ്രതികരണം പാടില്ലെന്ന നിര്‍ദേശവുമായി ഹൈക്കമാന്‍ഡ്. വിഷയവുമായി ബന്ധപ്പെട്ട് നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാകുമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല വ്യക്തമാക്കി. മാധ്യമങ്ങള്‍ ബി.ജെ.പിയുടെ വ്യാജവാര്‍ത്താനിര്‍മിതിയില്‍ കുടുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലാംദിവസവും കര്‍ണാടകയിലെ മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് മറുപടി നല്‍കാനാവാതെ പ്രതിസന്ധി തുടരുകയാണ്. കര്‍ണാടകയില്‍ ബി.ജെ.പിയെ തറപറ്റിച്ച് മിന്നും വിജയം നേടിയതിന്റെ ആവേശത്തിലായിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍ അത്രയും വലിയ വിജയം സ്വന്തമാക്കിയിട്ടും അതിന്റെ ശോഭ കെടുത്തുന്ന നടപടികളാണ് രണ്ട് തലമുതിര്‍ന്ന നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലാണ് പോരാട്ടം.
മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് സിദ്ധരാമയ്യ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മാറിക്കൊടുക്കും എന്ന പരസ്യ ഉറപ്പ് സോണിയാ ഗാന്ധി നല്‍കണം എന്നാണ് ഡി.കെ. ശിവകുമാറുമായി അടുത്തവൃത്തങ്ങള്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, പുതുതലമുറയ്ക്ക് വേണ്ടി സിദ്ധരാമയ്യ മാറിക്കൊടുക്കേണ്ട സമയം കഴിഞ്ഞു എന്ന ആവശ്യവും അവര്‍ ഉയര്‍ത്തുന്നു.

 

Latest News