Sorry, you need to enable JavaScript to visit this website.

മാങ്ങയിലെ റാണി നൂര്‍ജഹാന്‍,  വില കേട്ടാല്‍ ആരും ഞെട്ടും 

ഭോപാല്‍- ഒന്നര കിലോ മാങ്ങ നൂറ് രൂപ എന്നൊക്കെ കേട്ടാണ് മലയാളികള്‍ക്ക് ശീലം. അതു തന്നെ കിലോഗ്രാമിന് നൂറ് രൂപ എന്നു കേട്ടാല്‍ നെറ്റി ചുളിയും. എന്നാല്‍ ഇതൊന്നുമല്ല ഇന്ത്യയിലെ മികച്ച ഇനം മാങ്ങയുടെ കഥ. ഗോവ-രത്‌നഗിരി മേഖലയില്‍ സമൃദ്ധമായി ലഭിക്കുന്ന അല്‍ഫോന്‍സ മാങ്ങയാണ് ഇന്ത്യയില്‍ നിന്ന ്‌വിദേശത്തേക്ക് കൂടുതലായി കയറ്റി അയക്കുന്നത്. എന്നാല്‍ അഞ്ചു കിലോ തൂക്കമുള്ള മാങ്ങയുണ്ടോ? യെസ്,   ഇന്ത്യയിലുള്ള ഒരു മാങ്ങ ഒരു കിലോ വാങ്ങണമെങ്കില്‍ രൂപ രണ്ടായിരം എണ്ണിക്കൊടുക്കണം. ഒരു മാങ്ങയ്ക്കുതന്നെ അഞ്ചുകിലോയ്ക്കടുത്ത് ഭാരവും കാണും. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ നൂര്‍ജഹാന്‍ ആണ് ആഢ്യത്വം തുളുമ്പുന്ന മാവിനം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഗുജറാത്ത് അതിര്‍ത്തിയിലുള്ള അലിരാജപ്പുര്‍ ജില്ലയിലെ കത്തിവാഡയിലാണ് ഇപ്പോള്‍ നൂര്‍ജഹാന്‍ കൃഷിചെയ്യുന്നത്. അതും വളരെക്കുറച്ചുപേര്‍. ഈ മാവിനം അന്യംനിന്നുപോകുമെന്ന പേടികാരണം കൂടുതല്‍ തൈകള്‍ ഉദ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ മാവിനം എന്ന സ്ഥാനം നൂര്‍ജഹാന് തന്നെയാണ്. ഒരുമാങ്ങയ്ക്ക് അഞ്ചുകിലോയ്ക്കടുത്ത് ഭാരം ഉണ്ടാവുമെന്നാണ് പറയുന്നതെങ്കിലും പലപ്പോഴും അത്രയൊന്നും കാണില്ല. എന്നാല്‍ മൂന്ന് കിലോയില്‍ കുറയില്ല. ഡിസംബര്‍-ജനുവരി മാസത്തില്‍ പൂവിട്ടുതുടങ്ങിയാല്‍ ജൂണോടെ വിളവെടുക്കാം. 12 അടിമുതല്‍ 50 അടിവരെ ഉയരമുള്ളതാണ് ഓരോ മാവും. ഒരുമാവില്‍ നിന്ന് ഒരുസീസണില്‍ എഴുപത്തഞ്ചുമുതല്‍ 100 മാങ്ങകള്‍ വരെ ലഭിക്കും.ഇത് വാങ്ങിക്കഴിക്കുകയും അത്ര എളുപ്പമല്ല. കിട്ടുന്നകാര്യം ഏറെ പ്രയാസകരമാണെന്നതുതന്നെ കാരണം. മാങ്ങ അരവിളവ് ആകുന്നതിനുമുമ്പുതന്നെ വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ കര്‍ഷകര്‍ക്ക് ബുക്കിംഗ് ലഭിച്ചുതുടങ്ങും. മിക്കപ്പോഴും ബുക്ക് ചെയ്തവര്‍ക്ക് കൊടുക്കാന്‍പോലും തികയില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉത്പാദനത്തെ ബാധിക്കുമെന്നതിനാല്‍ കര്‍ഷകര്‍ അടുത്തുവര്‍ഷത്തേക്കുള്ള മുന്‍കൂര്‍ ബുക്കിംഗ് സ്വീകരിക്കാറില്ല.
 

Latest News