Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ 50 ലക്ഷം സ്ത്രീകള്‍ക്ക് സൗജന്യയാത്ര,  വിദ്യാര്‍ഥികള്‍ക്ക് 830 കോടി, വിവരമറിഞ്ഞ് ഞെട്ടി കെഎസ്ആര്‍ടിസി

ചെന്നൈ-പൊതുഗതാഗതത്തെ സംരക്ഷിക്കുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്യുന്ന ഇടപെടലുകള്‍ കണ്ടു ഞെട്ടി കേരളത്തില്‍ നിന്നുള്ള പഠനസംഘം. 50 ലക്ഷം സ്ത്രീകള്‍ക്കു സൗജന്യയാത്രയുള്‍പ്പെടെ ഇളവുകള്‍ നല്‍കി തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനെ പൊതുജന ക്ഷേമ സര്‍വീസ് എന്ന നിലയില്‍ കയ്യയച്ചു സഹായിക്കുമ്പോഴാണു സര്‍വീസ് കുറച്ചും ജീവനക്കാര്‍ക്കു ശമ്പളം ഗഡുക്കളായി നല്‍കി ബുദ്ധിമുട്ടിച്ചും കേരള സര്‍ക്കാര്‍ പൊതുഗതാഗതത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നത്.
തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ പ്രവര്‍ത്തന രീതികള്‍ പഠിക്കാന്‍ കഴിഞ്ഞദിവസം ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ സംഘം ചെന്നൈയിലെത്തിയിരുന്നു. സര്‍ക്കാര്‍ സഹായത്താലാണ് അവിടെ പൊതുഗതാഗതം കുഴപ്പമില്ലാതെയും പരാതിയില്ലാതെയും പോകുന്നതെന്നു മനസ്സിലായെങ്കിലും ഒന്നുകൂടി പഠിക്കാന്‍ അടുത്ത സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ജോയിന്റ് മാനേജിങ് ഡയറക്ടര്‍ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം അടുത്തയാഴ്ച വീണ്ടും ചെന്നൈയിലേക്കു പോകും.
കേരളത്തില്‍ 4500 ബസുകളും 26,000 ജീവനക്കാരുമാണു കെഎസ്ആര്‍ടിസിയ്ക്കുള്ളത്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനു തമിഴ്‌നാട് നല്‍കുന്ന സഹായത്തിന്റെ അനുപാതം കണക്കാക്കിയാല്‍ കേരള സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 2300 കോടിയെങ്കിലും നല്‍കണം. ഇവിടെ 70 കോടി രൂപ വച്ചു മാസം പെന്‍ഷനും 30 കോടി രൂപ വച്ചു വായ്പാ തിരിച്ചടവിനും മറ്റിനത്തില്‍ 100 കോടിയോളം രൂപയുമായി 1350 കോടിയാണു സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കു നല്‍കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്രയും മറ്റു വിഭാഗങ്ങള്‍ക്കുള്ള സൗജന്യപാസും അനുവദിക്കുന്നതില്‍ മാത്രം 830 കോടി രൂപയാണു കെഎസ്ആര്‍ടിസിക്കു നഷ്ടം. ഈ തുക സര്‍ക്കാര്‍ നല്‍കുന്നുമില്ല.
കോവിഡില്‍ തകര്‍ന്നടിഞ്ഞ പൊതുഗതാഗത സംവിധാനം തിരിച്ചു പഴയ രീതിയില്‍ എത്തുന്നതുവരെ സഹായിക്കാനും ശമ്പള വിതരണത്തിനുമായാണു മാസം 50 കോടി വീതം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നല്‍കിയത്. ഈ സഹായം തുടരേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നു കോടതിയെ ധനകാര്യ വകുപ്പ് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഡീസലിനു 2 രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. മാസം 3 കോടിയാണു കെഎസ്ആര്‍ടിസിക്ക് അധികം ചെലവാകുക.കോവിഡിനു ശേഷം യാത്രക്കാര്‍ പൊതുഗതാഗതത്തെ കൈവിട്ടതോടെ വരുമാനം കുത്തനെയിടിഞ്ഞു. 6000 സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ 3500-3800 സര്‍വീസുകളിലേക്കു കുറഞ്ഞു.
പുതിയ ബസുകള്‍ വാങ്ങാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 2000 കോടി നേരിട്ടു വായ്പയെടുത്തു നല്‍കി. കേരളത്തില്‍ പുതിയ ബസ് വാങ്ങാന്‍ അനുവദിച്ച 800 കോടി രൂപയുടെ വായ്പ പോലും നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. ആയിരം ബസുകള്‍ ഉടന്‍ പൊളിക്കുകയും വേണം.

Latest News