Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ  ജനവികാരം -രാഹുൽ ഗാന്ധി 

മുംബൈ- ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ രാജ്യത്തെ ജനവികാരമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.  ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 2019 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി ജെ പിയെ തുടച്ചുമാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി മഹാരാഷ്ട്രയിലെത്തിയ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
യു.പി.എ ഭരിക്കുമ്പോൾ ബാരലിന് 130 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വില ഇപ്പോൾ ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നു. എന്നിട്ടും അതിന്റെ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തിയില്ല. ഫലം ലഭിച്ചത് 20ഓളം വരുന്ന പണക്കാരുടെ പോക്കറ്റിലേക്കാണ്. സാധാരണക്കാർക്ക് ഇന്ധന വില വർധനവിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ഇന്ധനവില ചരക്കു സേവന നികുതിയിൽ(ജി.എസ്.ടി) ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന് അതിൽ താത്പര്യമില്ലായിരുന്നു. 
രാഷ്ട്രീയത്തിലെ ഗുരുവായ എൽ.കെ. അദ്വാനിയെ പോലും ബഹുമാനിക്കാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഞാനിതു പറയാൻ പാടില്ലാത്തതാണ്. എന്നാലും പറയുകയാണ്. മോഡിയുടെ ഗുരുവാണ് അദ്വാനിയെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികളിൽ പോലും അദ്ദേഹത്തെ വേണ്ട വിധം ഗൗനിച്ചിട്ടില്ല. അതിനേക്കാളേറെ ഞാനാണ് അദ്ദേഹത്തെ പ്രോട്ടോക്കോൾ അനുസരിച്ച് പരിഗണിച്ചിട്ടുള്ളത്-രാഹുൽ പറഞ്ഞു.
മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി, അദ്വാനി എന്നിവരെ രാഷ്ട്രീയമായി എതിർത്തിട്ടുണ്ടെങ്കിലും പാർട്ടി അവരെ ബഹുമാനിച്ചിട്ടുണ്ട്. എതിരാളികളെ പോലും ബഹുമാനിക്കുന്നതാണ് കോൺഗ്രസ് സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൃക്കയിൽ അണുബാധയെ തുടർന്ന് വാജ്‌പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യമെത്തിയതും കോൺഗ്രസ് നേതാക്കളാണെന്നും രാഹുൽ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി വാജ്‌പേയിയെ സന്ദർശിച്ചത് രാജ്യത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾ കണക്കിലെടുത്താണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നല്ല നാളുകളല്ല വരാൻ പോകുന്നതെന്നും  രാഹുൽ പ്രവചിച്ചു.  സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട  നീരവ് മോഡിയുടെയും വിജയ് മല്യയുടെയും ഗതി മോഡിക്കും വരും.
കോൺഗ്രസ് ശക്തിപ്പെടണം. ഇനി വരാൻ പോകുന്നത് കോൺഗ്രസിന്റെ രാഹുകാലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയൊരു ഇന്ത്യ നിർമിക്കാനുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിയാവണം കോൺഗ്രസ് പ്രവർത്തിക്കേണ്ടത്. 
ബിജെപിക്ക് ജനങ്ങൾ തിരിച്ചടി നൽകി കൊണ്ടിരിക്കുകയാണ്. കർണാടകയിൽ അവർ അധികാരത്തിൽനിന്ന് പുറത്തായി. ഗുജറാത്തിൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇനി വരാൻ പോകുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ അവർ തകർന്നടിയും. ഇവിടെയൊക്കെ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ചേർന്ന് അവരെ തോൽപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.
 

Latest News