Sorry, you need to enable JavaScript to visit this website.

കോലത്തുനാടിന്റെ ചന്തം നിറച്ച് കണ്ണൂർ പുടവ വരുന്നു

കൈത്തറിയുടെ പാരമ്പര്യവും പൈതൃകവും ഇഴപാകി കോലത്തുനാടിന്റെ ചന്തം നിറച്ച് കണ്ണൂർ പുടവ ഒരുങ്ങുന്നു. നെയ്ത്തുകാരുടെ സഹായത്തോടെ പരമ്പരാഗത കൈത്തറി വിവാഹ സാരിയായ കണ്ണൂർ പുടവ പുറത്തിറക്കി കേരള വസ്ത്ര വിപണിയിൽ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുകയാണ് ജില്ല പഞ്ചായത്ത്.
ഗുണനിലവാരത്തിൽ പ്രശസ്തമായ കാഞ്ചീപുരം സാരികൾക്കൊപ്പമാണ് കണ്ണൂരിന്റെ തനത് കൈത്തറി സാരികൾ. തിറകളുടെയും തറികളുടെയും നാടായ കണ്ണൂരിന്റെ പരമ്പരാഗത ചിത്രങ്ങളും അടയാളങ്ങളും നിറച്ചാണ് കണ്ണൂർ പുടവ നെയ്‌തെടുക്കുക. ഉപഭോക്താക്കളുടെ താൽപര്യത്തിന് അനുസരിച്ച് മാറ്റം വരുത്തിയ ഇഷ്ടാനുസൃത സാരികളും ലഭിക്കും. ആറു മാസത്തിനുള്ളിൽ കണ്ണൂരിന്റെ സ്വന്തം സാരി വിപണിയിലെത്തും. സാരി നെയ്യാൻ കഴിവുള്ള ജില്ലയിലെ നെയ്ത്തുകാരെ കണ്ടെത്തി ജില്ല പഞ്ചായത്ത് പരിശീലനം നൽകും. നെയ്ത്തുശാലകൾ ആധുനിക രീതിയിൽ ഒരുക്കാൻ ജില്ല പഞ്ചായത്ത് സഹായിക്കും.
കോഴ്‌സ് പൂർത്തിയാക്കിയ ഫാഷൻ ഡിസൈനിങ് വിദ്യാർഥികൾക്കായി ശിൽപശാല നടത്തും. പ്രാദേശിക സാമ്പത്തിക വികസന രംഗത്തെ ഇടപെടലുകൾക്കായി സംസ്ഥാന സർക്കാരിന്റെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം എന്ന പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ ആശയമാണ് കണ്ണൂർ പുടവ.
ആറന്മുള കണ്ണാടി പോലെ നാടിന്റെ അടയാളമായി കണ്ണൂരിൽ എത്തുന്നവർക്ക് ഹൃദയത്തിൽ സൂക്ഷിക്കാനാവുന്ന തരത്തിൽ കണ്ണൂർ പുടവ മാറുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. ഉപയോക്താക്കൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാവും. കൈത്തറി സംരംഭങ്ങളിലെ വിദഗ്ധരെ തെരഞ്ഞെടുത്ത് കല്യാണ സാരി നെയ്യാൻ പ്രത്യേക പരിശീലനം ഉടൻ നൽകും. പ്രശസ്തരായ ഡിസൈനർമാരുടെ സഹായത്തോടെയാണ് നെയ്ത്തുകാർക്ക് പരിശീലനം നൽകുക. 

Latest News