Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ കണ്ണുവെച്ച്‌ ആം ആദ്മി; ഉദ്ദവ് താക്കറെയെ കണ്ട് കെജ്രിവാളും സംഘവും

- ലക്ഷ്യം 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ്
മുംബൈ -
ആം ആദ്മി പാർട്ടി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെ കണ്ടു ചർച്ച നടത്തി. ഇന്നലെ രാത്രി ബന്ദ്രയിലെ താക്കറെയുടെ ഭവനമായ 'മാതോശ്രീ'യിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് കൂടിക്കാഴ്ചയുടെ മുഖ്യലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
 യഥാർഥ ശിവസേന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെതാണെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയുടെ പശ്ചാത്തലത്തിൽ ഉദ്ധവിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് ആം ആദ്മി വൃത്തങ്ങൾ നൽകുന്ന വിവരം. 
 ഉദ്ധവിൽനിന്ന് തെരഞ്ഞെടുപ്പ് ചിഹ്നവും പാർട്ടി പേരും കവർന്നെടുക്കുകയാണ് ചെയ്തതെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നോ എന്ന ചോദ്യത്തിന് 24 മണിക്കൂറും തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്ന ഒരു പാർട്ടിയെ രാജ്യത്തുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മഹാരാഷ്ട്രയിലെ ജനങ്ങൾ ഉദ്ധവിനൊപ്പമാണെന്നും അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും രാജ്യത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ചർച്ചകളാണെന്നും കെജ്രിവാൾ പറഞ്ഞു.
 'ഞങ്ങൾ ദേശത്തെ കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. രാജ്യത്ത് എല്ലാ വിഭവങ്ങളുമുണ്ടെന്നും നല്ല മനസ്സുള്ളവർ ഒന്നിച്ചുനിന്നാൽ രാജ്യം രക്ഷപ്പെടുമെന്ന്' കൂടെയുണ്ടായിരുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. എം.പിമാരായ സഞ്ജയ് സിംഗ്, ഗൗലവ് ഛദ്ദ എന്നിവരും നേതാക്കൾക്കൊപ്പമുണ്ടായിരുന്നു. ചർച്ച ഒരു മണിക്കൂർ നീണ്ടു.
 

Latest News