Sorry, you need to enable JavaScript to visit this website.

കുത്തഴിഞ്ഞ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ നേരെയാക്കാൻ കേന്ദ്ര ഇടപെടലുണ്ടായേക്കും

തിരുവനന്തപുരം- ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കുത്തഴിഞ്ഞ നിലയിൽ കിടക്കുന്ന സംസ്ഥാന കോൺഗ്രസിനെ പുനഃസംഘടനയിലൂടെ നേരെയാക്കാൻ കേന്ദ്ര നേതൃത്വം ഇടപെടുന്നു. സ്വന്തം താൽപര്യം മാത്രം നോക്കുന്ന ഒരുപറ്റം നേതാക്കളുടെ കൂട്ടമായി സംസ്ഥാന കോൺഗ്രസ് മാറിക്കഴിഞ്ഞതാണ് പാർട്ടി നേതൃത്വത്തെ വിഷമിപ്പിക്കുന്നത്. 
പാർട്ടിയെ ഏകോപിപ്പിച്ചു നയിക്കാൻ ശേഷിയുള്ള നേതാവില്ലെന്നതാണ് സംസ്ഥാന കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. ഇതിനുള്ള പരിഹാരമാണ് കേന്ദ്ര നേതൃത്വം തേടുന്നത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവറും സംസ്ഥാന നേതാക്കളുമായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് കൂടിയാലോചന നടത്തി. ഏറ്റവും വേഗത്തിൽ ഡി.സി.സി പ്രസിഡന്റുമാരുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നാണ് നിർദേശം. എന്നാൽ ഇക്കാര്യത്തിൽ യോജിച്ച തീരുമാനം അത്രയെളുപ്പമല്ലെന്നതാണ് പുനഃസംഘടന നീളാനിടയാക്കുന്നത്.


തെരഞ്ഞെടുപ്പിനെ നേരിടാനായി പുതിയ നേതൃത്വത്തെ കൊണ്ടുവരുന്ന കാര്യത്തിൽ കോൺഗ്രസ് അലസ ഗമനമാണ് നടത്തുന്നത്. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള വരെ മാറ്റി പുതിയ നേതൃത്വത്തെ അടിത്തട്ടു മുതൽ കൊണ്ടുവരണമെന്നാണ് നേതാക്കളിൽ ചിലരെങ്കിലും ആവശ്യപ്പെടുന്നത്. ഇതിനായി ചില എം.പിമാർ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിനെ കണ്ടുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാലിങ്ങനെയൊരു ആവശ്യമുണ്ടായിട്ടില്ലെന്ന് താരീഖ് അൻവർ തന്നെ വ്യക്തമാക്കിയെങ്കിലും ചില അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുവെന്നത് നേരാണ്. 
എന്നാൽ രാഹുലിന്റെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ പദയാത്രക്ക് കേരളത്തിൽ ലഭിച്ച പിന്തുണ നിലനിർത്താനാവശ്യമായ പ്രവർത്തനങ്ങൾ കെ.പി.സി.സിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന ആക്ഷേപം കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇക്കാര്യം കെ.സുധാകരനെ അറിയിച്ചുവെന്നാണ് വിവരം. കെ.സുധാകരൻ തന്നെ തെരഞ്ഞെടുപ്പ് നയിക്കാനാണ് സാധ്യത.


കോൺഗ്രസിന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നൽകിയ സംസ്ഥാനമെന്ന നിലയിൽ കോൺഗ്രസ് ഹൈക്കമാൻഡ് വലിയ പ്രതീക്ഷയാണ് ഇത്തവണയും വെച്ചുപുലർത്തുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതിന്റെ ആവേശവും അന്നത്തെ രാഷ്ട്രീയ സാഹചര്യവും കോൺഗ്രസിന് ഗുണം ചെയ്തുവെങ്കിലും ഇത്തവണയത് ആവർത്തിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ യോജിപ്പുണ്ടാക്കി മുന്നോട്ട് നീങ്ങാൻ പാർട്ടി നേതൃത്വം നീക്കം തുടങ്ങിയിരിക്കുന്നത്. കെ.സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസ്സൻ, ഉമ്മൻ ചാണ്ടി എന്നിവർ ആഴ്ചയിലൊരിക്കലെങ്കിലും ഒരുമിച്ചിരുന്നു കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും കേന്ദ്ര നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി ചികിത്സയിലായതിനാൽ മറ്റുള്ളവർ ഒന്നിച്ചിരിക്കണം.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വി.ഡി.സതീശനും സ്വരച്ചേർച്ചയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ച അധിക നികുതി ബഹിഷ്‌കരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റും അതേക്കുറിച്ച് തനിക്കറിവില്ലെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞതാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്. ലോക്‌സഭ സീറ്റ് ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള തന്ത്രങ്ങളും നേതാക്കൾ ആവിഷ്‌കരിച്ചു തുടങ്ങി. 


എല്ലാ എം.പിമാർക്കും തുടർന്ന് മത്സരിക്കാൻ സീറ്റ് ലഭിക്കുമോയെന്ന് വ്യക്തമല്ല. കെ.മുരളീധരനെ പാർട്ടി അവഗണക്കുന്നതായി അദ്ദേഹത്തിന് പരാതിയുണ്ട്. ശശി തരൂരിനെപ്പോലെയുള്ള ഒരാളുടെ സേവനം സംസ്ഥാന വ്യാപകമായി പ്രയോജനപ്പെടുത്താനുള്ള പരിശ്രമവും കാണുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തിലേക്കിറങ്ങാൻ താൽപര്യമുണ്ടെന്ന് തരൂർ വ്യക്തമാക്കിയ സാഹചര്യത്തിൽ ലോക്‌സഭയിലേക്ക് മത്സരിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിത വാർത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതെന്ന് കെ.പി.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. ഫെബ്രുവരി 18 നകം എല്ലാ ജില്ലകളിൽ നിന്നും പാനൽ സമർപ്പിക്കാൻ കെ.പി.സി.സി കർശന നിർദേശം നൽകിയിട്ടുണ്ട്. പാനൽ കെ.പി.സി.സിക്ക് ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി തന്നെ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടന നടപടികൾ പൂർത്തിയാക്കുമെന്നും ടി.യു.രാധാകൃഷ്ണൻ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News