Sorry, you need to enable JavaScript to visit this website.

മേധാപട്കര്‍ ഭാരത് ജോഡോ യാത്രയില്‍; കോണ്‍ഗ്രസ് ഗുജറാത്ത് വിരുദ്ധമെന്ന് ആരോപിച്ച് ബി.ജെ.പി

അഹമ്മദാബാദ്-നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ മഹാരാഷ്ട്രയില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ചേര്‍ന്നതിനു  പിന്നാലെ കോണ്‍ഗ്രസിനെ ഗുജറാത്ത് വിരുദ്ധമെന്ന് വിശേഷിപ്പിച്ച് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ.
നര്‍മ്മദ അണക്കെട്ടിന്റെ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും സൗരാഷ്ട്രയിലെ ജനങ്ങള്‍ വെള്ളം ഉപയോഗിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്ത മേധാ പട്കര്‍ നര്‍മ്മദ വിരുദ്ധയും ഗുജറാത്ത് വിരുദ്ധയും സൗരാഷ്ട്ര വിരുദ്ധയുമാണ്-ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന നദ്ദ പറഞ്ഞു. ഇത്തരക്കാര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേരുകയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബി.ജെ.പി അധ്യക്ഷന്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉന്നയിക്കാന്‍ വിഷയങ്ങളൊന്നുമില്ലാത്തതിനാലാണ് ്‌നര്‍മ്മദാ ബച്ചാ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ ഭാരത് ജോഡോ യാത്രയില്‍ ചേര്‍ന്നതിനെ പ്രശ്‌നമാക്കുന്നതെന്ന്  കോണ്‍ഗ്രസ് നേതാവ് രഘു ശര്‍മ്മ പ്രതികരിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യാത്രയില്‍ നിന്ന് ഒരാളെ എങ്ങനെ തടയാനാകുമെന്നാണ് അവര്‍ തലപുകക്കുന്നതെന്ന് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി മേധാ പട്കര്‍ക്ക് എന്ത് ബന്ധമാണുള്ളത്? തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ വിഷയങ്ങളൊന്നുമില്ലാത്തതിനാല്‍  ബിജെപി ആശങ്കയിലാണ് അതുകൊണ്ടാണ് മേധാപട്കറെയും മറ്റും വലിച്ചിഴക്കുന്നത്- അദ്ദേഹം ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുമൊത്തുള്ള മേധാപട്കറുടെ ഫോട്ടോ ഭാരത് ജോഡോ' യുടെ ഔദ്യോഗിക ഹാന്‍ഡില്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. നിങ്ങള്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍, സാമൂഹിക ക്ഷേമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ നിങ്ങളോടൊപ്പം ചേരുന്നു. സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു- ഇതായിരുന്നു ട്വീറ്റ്.
ഗുജറാത്തിലെയും മധ്യപ്രദേശിലെയും നര്‍മദ അണക്കെട്ട് പദ്ധതി മൂലം കുടിയിറക്കപ്പെട്ട ആദിവാസികളുടെ പ്രക്ഷോഭത്തിനു മേധാപട്കര്‍ നേതൃത്വം നല്‍കിയിരുന്നു.

 

 

Latest News