Sorry, you need to enable JavaScript to visit this website.

ഏഴ് മാസം അബോധാവസ്ഥയില്‍ കഴിഞ്ഞ യുവതി കുഞ്ഞിന് ജന്മം നല്‍കി

ന്യൂദല്‍ഹി-റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ഒന്നിലധികം തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി ഏഴ് മാസമായി അബോധാവസ്ഥയിലായിരുന്ന 23കാരി ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ദല്‍ഹി എയിംസിലെ ട്രോമ കെയര്‍ സെന്ററിലായിരുന്നു പ്രസവം. കഴിഞ്ഞ ഏപ്രിലില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. ആ സമയം യുവതി 40 ദിവസം ഗര്‍ഭിണിയായിരുന്നു. ഡോക്ടര്‍മാരും വീട്ടുകാരും ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ഗര്‍ഭം അലസിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തു. ഏഴ് മാസം അബോധാവസ്ഥയില്‍ തുടരുന്നതിനിടെ അഞ്ച് ന്യൂറോ സര്‍ജിക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവതി വിധേയയായി. യുവതി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെങ്കിലും കണ്ണുകള്‍ തുറക്കുകയും ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും മാത്രമാണ് ചെയ്യുന്നത്. ബോധം വീണ്ടു കിട്ടാനുള്ള സാദ്ധ്യത 10 മുതല്‍ 15 വരെ ശതമാനമാണെന്നും രണ്ടു വര്‍ഷം വരെ എടുത്തേക്കാമെന്നും ന്യൂറോ സര്‍ജന്‍ ഡോ. ദീപക് ഗുപ്ത പറഞ്ഞു. പ്രസവവേദനയുടേതായ ചില ലക്ഷണങ്ങള്‍ കണ്ടതോടെ യുവതിയെ എയിംസിലേക്ക്മാറ്റുകയായിരുന്നു. എയിംസ് ട്രോമ കെയര്‍ സെന്ററില്‍ 2.5 കിലോ ഭാരമുള്ള കുഞ്ഞിന് യുവതി ജന്മം നല്‍കി. ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലെ ഒരു സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിചരണം.
 

Latest News