Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധി നല്ല മനുഷ്യനാണ്, മാന്യനാണ്; രാഷ്ട്രീയത്തിൽ അഭിരുചിയില്ല-ഗുലാം നബി ആസാദ്

ന്യൂദൽഹി- രാഹുൽ ഗാന്ധി ഒരു നല്ല മനുഷ്യനാണെന്നും എന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയത്തോട് അഭിനിവേശമില്ലെന്നും കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന് വിട്ട ഗുലാം നബി ആസാദ്. ഒരിക്കലും ബി.ജെ.പിയിൽ ചേരില്ലെന്നും പുതിയ പാർട്ടി രൂപീകരണവുമായി മുന്നോട്ടുപോകുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇടതും വലതും മധ്യവും ആക്രമിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ നയമെന്നും ആസാദ് വിമർശിച്ചു.
എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗുലാം നബി ആസാദ് ഇക്കാര്യം പറഞ്ഞത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) അർഥശൂന്യമായി മാറിയെന്നും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് പാർട്ടിയെ സമ്പന്നമാക്കി നിർത്തിയിരുന്ന കൂടിയാലോചന പ്രക്രിയ തകർക്കപ്പെട്ടുവെന്നും ആസാദ് ആരോപിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ 25 സി.ഡബ്യു.സി  അംഗങ്ങളും 50 പ്രത്യേക ക്ഷണിതാക്കളും ഉണ്ടായിരുന്നു. 1998 നും 2004 നും ഇടയിൽ സോണിയ ഗാന്ധി, മുതിർന്ന നേതാക്കളുമായി പൂർണ്ണമായും കൂടിയാലോചന നടത്തിയിരുന്നു. അവർ അവരെ ആശ്രയിച്ചിരുന്നു. ശുപാർശകൾ സ്വീകരിക്കുന്നു. എന്നാൽ 2004 മുതൽ രാഹുൽ ഗാന്ധി വന്നതിന് ശേഷം സോണിയാ  ഗാന്ധി രാഹുൽ ഗാന്ധിയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ പാർട്ടിയെ സജീവമാക്കി നിർത്താനുള്ള ശേഷി രാഹുലിന് ഇല്ലായിരുന്നു. എല്ലാവരും രാഹുൽ ഗാന്ധിയുമായി കൂടിയാലോചന നടത്തണമെന്ന് അവർ ആഗ്രഹിച്ചു. 
2014-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സംഘടനാ പദ്ധതി ശുപാർശ ചെയ്തിരുന്നു. എന്നാൽ, താൻ ചുമതലയേറ്റ ശേഷം, പദ്ധതിയെക്കുറിച്ച് ഒന്നിലധികം തവണ രാഹുലിനെ ഓർമ്മിപ്പിച്ചു. ഇതുവരെ അതിൽ ഒരു നടപടി പോലുമുണ്ടായിട്ടില്ല. ആ ശുപാർശകൾ എ.ഐ.സി.സിയുടെ കോൾഡ് സ്‌റ്റോറേജിലാണ്. ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. 
2019 ലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നടത്തിയ 'ചൗക്കീദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്)' എന്ന മുദ്രാവാക്യം ശരിയായിരുന്നില്ല. ഒരു മുതിർന്ന നേതാവും ഈ പ്രചാരണത്തെ പിന്തുണച്ചില്ല. തന്റെ മുദ്രാവാക്യത്തെ പിന്തുണക്കുന്നത് ആരൊക്കെയെന്ന് രാഹുൽ ഗാന്ധി പാർട്ടി യോഗത്തിൽ ചോദിച്ചു. പിന്തുണക്കുന്നവരോട് കൈകൾ ഉയർത്താൻ ആവശ്യപ്പെട്ടു. ആരും പിന്തുണച്ചില്ല. 
'ഞങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചത് ഇന്ദിരാഗാന്ധിയുടെ കീഴിലാണ്. ഞാൻ ജൂനിയർ മന്ത്രിയായിരിക്കെ, അവർ എന്നെയും എം.എൽ ഫോടേദാറിനെയും വിളിച്ച് അടൽ ബിഹാരി വാജ്പേയിയെ കാണണമെന്ന് പറഞ്ഞു. മുതിർന്നവരെ ബഹുമാനിക്കുകയും പ്രതിപക്ഷ നേതാക്കൾക്ക് തുല്യമായ ബഹുമാനം നൽകുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസം. രാഹുൽ ഗാന്ധിയോട് തനിക്ക് വ്യക്തിപരമായ വിദ്വേഷമില്ലെന്നും ആസാദ് പറഞ്ഞു. വ്യക്തിപരമായി, എനിക്ക് രാഹുലിനോട് വിരോധമില്ല. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. മാന്യനാണ്. എപ്പോഴും എന്നോട് ബഹുമാനമാണ്. പക്ഷേ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന് അഭിരുചി ഇല്ല. കഠിനാധ്വാനത്തിനുള്ള കഴിവും ഇല്ല. രാഹുലിന്റെ അച്ഛനും മുത്തശ്ശിക്കും അമ്മാവനും ഈ കഴിവുണ്ടായിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
 

Latest News