Sorry, you need to enable JavaScript to visit this website.

ഞങ്ങൾ വെറുപ്പ് സൂക്ഷിക്കുന്നവരല്ല, ആദ്യ ടെലിവിഷൻ അഭിമുഖത്തിൽ നെഹ്‌റു

ന്യൂദൽഹി- ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ആദ്യ ടെലിവിഷൻ അഭിമുഖം ബി.ബി.സി പുറത്തുവിട്ടു. ഇന്ത്യയുടെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനത്തിലാണ് ബി.ബി.സി ആർക്കൈവ്‌സ്് അഭിമുഖം പുറത്തുവിട്ടത്. 1953-ലായിരുന്നു അഭിമുഖം. ഷോയുടെ അവതാരകനായ വില്യം ക്ലാർക്കാണ് ജവഹർലാൽ നെഹ്റുവിനെ ഏഷ്യയിലെ പ്രമുഖ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായി ഷോയിൽ അവതരിപ്പിച്ചത്.

ഏഷ്യയിലെ സംഭവവികാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വാർത്താ സമ്മേളനം ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു തുടങ്ങിയ വില്യം ക്ലാർക്ക് മറ്റു മാധ്യമപ്രവർത്തകരെയും പരിചയപ്പെടുത്തി. ദ ന്യൂ സ്റ്റേറ്റ്സ്മാൻ ആന്റ് നേഷൻ എഡിറ്റർ കിൻസ്ലി മാർട്ടിൻ, ദി ഇക്കണോമിസ്റ്റിന്റെ വിദേശ എഡിറ്റർ ഡൊണാൾഡ് മക്ലാക്ലാൻ ദി സൺഡേ ടൈംസിന്റെ എഡിറ്റർ എച്ച്.വി ഹോഡ്സൺ എന്നിവരായിരുന്നു മറ്റു മാധ്യമപ്രവർത്തകർ. 
ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ, നെഹ്റു ചിരിച്ചു. 'ഇതാദ്യമായാണ് ഞാൻ ഈ പരീക്ഷണം നേരിടുന്നത്. വാസ്തവത്തിൽ, ടെലിവിഷനെക്കുറിച്ച് കേട്ടിട്ടുള്ളതല്ലാതെ എനിക്ക് വളരെ കുറച്ച് മാത്രമേ അറിയൂ എന്നു നെഹ്‌റു വ്യക്തമാക്കി. 

ദി ഇക്കണോമിസ്റ്റ് എഡിറ്റർ, പ്രധാനമന്ത്രി പദം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ആദ്യചോദ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി പദം ഏറ്റെടുത്തത് പല തരത്തിൽ വളരെ ശ്രദ്ധേയമായിരുന്നുവെന്ന് നെഹ്‌റു മറുപടി പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ കാര്യം അതൊരു വലിയ കാഴ്ച്ചയായിരുന്നു എന്നതിലുപരി ഇവിടെയുള്ള ജനക്കൂട്ടവും അവർ പെരുമാറുന്ന രീതിയും ലണ്ടൻ ജനക്കൂട്ടത്തെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങുന്നു എന്നതായിരുന്നു. ഞാൻ വരുമ്പോൾ വിമർശനം ഉണ്ടായിരുന്നു, തിരിച്ചു പോകുമ്പോൾ ഒരു സംശയവും ഇല്ല, വിമർശനം ഉണ്ടാകും. പക്ഷേ അത് അത്ര വലുതായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല.
ഏറെക്കാലം അടക്കി ഭരിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യ ബ്രിട്ടനെ വെറുക്കുന്നില്ലെന്ന ചോദ്യത്തിനും നെഹ്‌റു ഉത്തരം നൽകി. ''ഞങ്ങൾ ഏറെക്കാലം വെറുപ്പ് സൂക്ഷിക്കുന്നവരല്ല. അല്ലെങ്കിൽ കഠിനമായി വെറുക്കുന്നവരല്ല. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഗാന്ധിജി പകർന്നുതന്ന പശ്ചാത്തലമാണ് കാരണം'' വലതു കവിളിൽ വലം കൈപ്പത്തി ചുരുട്ടിച്ചേർത്ത് പുഞ്ചിരിയോടെ നെഹ്‌റു മറുപടി നൽകി. 
16 വർഷമായി ജയിലിൽ കഴിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിൽ ഒരു നീരസവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ''ഒരാൾ കുറച്ചുകാലത്തേക്ക് ജയിലിൽ പോകുന്നത് നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു,'' അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ കഴിഞ്ഞ ഏഴ് വർഷത്തെ അനുഭവം പങ്കുവെച്ചുകൊണ്ട് നെഹ്റു പറഞ്ഞു: ''ഞങ്ങൾ തീർച്ചയായും വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, കൂടാതെ മികച്ച നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ആഗ്രഹിച്ചതെല്ലാം ചെയ്യാനായിട്ടില്ല. അതിനാൽ അത് തൃപ്തികരവും തൃപ്തികരമല്ലാത്തതുമാണ്. 'ഞങ്ങൾ രാജ്യത്തിന്റെ ഐക്യത്തെ മുന്നോട്ട് നയിച്ചു. എല്ലാ നാട്ടുരാജ്യ ഭരണങ്ങളെയും ഞങ്ങൾ അവസാനിപ്പിച്ചിരിക്കുന്നു. വൻതോതിൽ ശ്രദ്ധേയമായ ഈ പൊതുതിരഞ്ഞെടുപ്പുകൾ നടത്തി, ഞങ്ങൾ ഒരു നല്ല ജനാധിപത്യ ഘടന കെട്ടിപ്പടുത്തു.
സാമ്പത്തിക മേഖലയിൽ നമ്മൾ പുരോഗതി കൈവരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. പുരോഗതി വളരെ വേഗത്തിലാകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും നെഹ്‌റു പറഞ്ഞു. 

Latest News