Sorry, you need to enable JavaScript to visit this website.

എയർലൈൻ ലൈസൻസ് കരസ്ഥമാക്കി ജെറ്റ് 2.0 സർവീസ് സെപ്റ്റംബറിൽ തുടങ്ങും

ന്യൂദൽഹി- സർവീസുകൾ പുനരാരംഭിക്കുന്നതിന് ജെറ്റ് എയർവേസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻ ഓപ്പറേറ്റിംഗ് പെർമിറ്റ് (എ.ഒ.പി) അനുവദിച്ചു. ഇതോടെ മൂന്ന് വർഷം മുമ്പ് പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേസിന് വീണ്ടും സർവീസ് തുടങ്ങാനുള്ള എല്ലാ ലൈസൻസുമായി. സെപ്റ്റംബറിലാണ് സർവീസ് തുടങ്ങുക.

ഇന്ത്യയിലെ പാപ്പരത്ത നിയമത്തിന് കീഴിൽ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ വിമാനക്കമ്പനിയാണ് ജെറ്റ് എയർവേസ്. ജെറ്റ് 2.0 ന്റെ പുതിയ പ്രൊമോട്ടർമാരായ ജലാൻ-കാൽറോക്ക് കൺസോർഷ്യത്തിനും പുതിയ മാനേജ്‌മെന്റ് ടീമിനും കീഴിൽ സർവീസ് ആരംഭിക്കുന്ന ജെറ്റിന് ഇന്നാണ് ഡിജിസിഎ ലൈസൻസ് ലഭിച്ചത്.
2019 ഏപ്രിലിലാണ് കമ്പനി ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവെച്ചത്.  
ഈ വർഷത്തിന്റെ അടുത്ത പാദത്തിൽ (ജൂലൈ-സെപ്റ്റംബർ ) വാണിജ്യ സർവീസുകൾ  പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് ജലാൻ കൺസോർഷ്യം അറിയിച്ചു.


മെയ് 15, 17 തീയതികളിൽ, പ്രധാന ഡിജിസിഎ ഉദ്യോഗസ്ഥരുമായി കമ്പനി രണ്ട് ഫ്ലൈറ്റുകൾ പറത്തിയിരുന്നു.
ജെറ്റ് എയർവേയ്‌സിന് മാത്രമല്ല, ഇന്ത്യൻ വ്യോമയാന വ്യവസായത്തിനു തന്നെ  പുതിയ പ്രഭാതം കുറിക്കുകയാണെന്ന് ജലാൻ-കാൽറോക്ക് കൺസോർഷ്യത്തിനു നേതൃത്വം നൽകുന്ന  മുരാരി ലാൽ ജലാൻ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട എയർലൈനിനെ ആകാശത്തേക്ക് തിരികെ കൊണ്ടുവന്ന് ചരിത്രം സൃഷ്ടിക്കുന്നതിന്റെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു.

Latest News