Sorry, you need to enable JavaScript to visit this website.

ഗോതമ്പ് കയറ്റുമതി നിരോധം കര്‍ഷകരെ ദുരിതത്തിലാക്കി, തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍കണക്കിന് ഗോതമ്പ്

ഇന്‍ഡോര്‍- ഗോതമ്പ് കയറ്റുമതി നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം കര്‍ഷകരെ ദുരിതത്തിലാക്കി. ഗോതമ്പ് കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ പെട്ടെന്നു ഏര്‍പ്പെടുത്തിയ നിരോധനം മൂലം സംസ്ഥാനത്തെ വ്യാപാരികള്‍ അയച്ച ധാന്യം നിറച്ച 5,000 ട്രക്കുകള്‍ കാണ്ട്ല, മുംബൈ തുറമുഖങ്ങളിലുമായി നില്‍ക്കുകയാണെന്ന് വ്യാപാരി മഹാസംഘ് പ്രസിഡന്റ് ഗോപാല്‍ദാസ് അഗര്‍വാള്‍ പറഞ്ഞു.

ഗോതമ്പ്, പയര്‍, എണ്ണക്കുരു വ്യാപാരികളുടെ ഫെഡറേഷനായ മധ്യപ്രദേശ് സകാല്‍ അനജ് ദല്‍ഹാന്‍ വ്യാപാരി മഹാസംഘ് സമിതി, ഗോതമ്പ് കയറ്റുമതി നിരോധത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ 270 കാര്‍ഷിക ഉല്‍പന്ന വിപണികളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാപാരം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

ഗോതമ്പിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികളെ പ്രോത്സാഹിപ്പിച്ചതിനെ തുടര്‍ന്നാണ് കര്‍ഷകരില്‍നിന്ന് മിനിമം താങ്ങുവിലയേക്കാള്‍ (എംഎസ്പി) ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേന്ദ്രത്തിന്റെ നിരോധനം മൂലം വ്യാപാരികളുടെ കയറ്റുമതി ഇടപാടുകള്‍ ഇപ്പോള്‍ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ 270 കാര്‍ഷികോത്പന്ന വിപണികളിലെയും വ്യാപാരികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു. വ്യാപാരികളുടെയും കര്‍ഷകരുടെയും താല്‍പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധനം അടിയന്തരമായി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കത്തുന്ന ചൂട് കാരണം ഉല്‍പാദനത്തെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയിലും ഭക്ഷ്യധാന്യത്തിന്റെ ആഭ്യന്തര വില നിയന്ത്രിക്കുന്നതിനായി കഴിഞ്ഞയാഴ്ചയാണ് വാണിജ്യ മന്ത്രാലയം ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

 

Latest News