Sorry, you need to enable JavaScript to visit this website.

പുതിയ സ്വിഫ്റ്റ് എത്തി; വില തുടങ്ങുന്നത് 4.99 ലക്ഷം മുതൽ

ന്യൂദൽഹി -സാധാരണക്കാരായ കാർ പ്രേമികൾക്കിടയിൽ ചൂടേറിയ ചർച്ചാവിഷയമായ മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റ് 14ാമത് ദൽഹി ഓട്ടോ എക്‌സ്‌പോയിൽ ഔപചാരികമായി അവതരിപ്പിക്കപ്പെട്ടു. മികച്ച ഇന്ധന ക്ഷമതയും രൂപവും ഭാവവുമായി എത്തിയ സ്വിഫ്റ്റിന്റെ വില തുടങ്ങുന്നത് 4.99 ലക്ഷം രൂപയിൽ നിന്നാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകളുമായി 12 വേരിയന്റുകളിൽ വിപണിയിലെത്തുന്ന സ്വിഫ്റ്റിന്റെ ഏറ്റവും വിലയേറിയ മോഡലിന് 8.29 ലക്ഷം രൂപ വരും. ഡീസൽ മോഡൽ വില തുടങ്ങുന്നത് 5.99 ലക്ഷം രൂപയിൽ നിന്നാണ്. അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ പുതിയ സ്വിഫ്റ്റിന്റെ ചിത്രം കാണിച്ച് രാജ്യത്തുടനീളം മാരുതി ബുക്കിങ് ആരംഭിച്ചിരുന്നു. 11,000 രൂപ ടോക്കൺ തുക നൽകിയ ഡീലർഷിപ്പുകളിൽ ബുക്കിങ് പുരോഗമിക്കുകയാണ്. പുതിയ കാറിനായുള്ള ബുക്കിങുകളിൽ പകുതിയിലേറെയും സ്വിഫ്റ്റിനാണെന്നാണ് വിപണിയിലെ കണക്കുകൾ. ഈ മാസം അവസാനത്തോടെ നിരത്തിലിറങ്ങും. 

2005ൽ ഇറങ്ങിയ സ്വിഫ്റ്റിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പുതിയ മോഡൽ. ഡീസൽ എഞ്ചിനിൽ ആദ്യമായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും അവതരിപ്പിച്ചിരിക്കുന്നു. ഡീസൽ മോഡലിന് 28.4 കിലോമീറ്ററും പെട്രോളിന് 22 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. നിലവിലെ മോഡലിനേക്കാൾ എഴു ശതമാനം മൈലേജ് വർധിച്ചിരിക്കുന്നുവെന്നാണ് അവകാശവാദം. പ്രീമിയം ഹാച്ച്ബാക്കായ ബൊലെനോയുടെ നട്ടെല്ലായ ഹർടെക്ട് പ്ലാറ്റ്‌ഫോമിൽ തന്നെയാണ് പുതിയ സ്വിഫ്റ്റിന്റേയും അടിത്തറ. ഇത് സ്വിഫ്റ്റിനെ കൂടുതൽ കരുത്തുറ്റതാക്കിയിരിക്കുന്നു. 

തൊട്ടടുത്ത എതിരാളികളെ മുന്നിൽ കണ്ടുകൊണ്ടാണ് അകവും പുറവും മാരുതി മോടി കൂട്ടിയിരിക്കുന്നത്. ഗ്രില്ലിൽ നിന്ന് തുടങ്ങി റിയർ ബമ്പർ വരെ പുതുമയുണ്ട്. അകത്ത് ക്യാബിനും ഡാഷ് ബോർഡും ഉടച്ചു വാർത്തിരിക്കുന്നു. ടൊയൊട്ടയുടെ എറ്റിയോസ് ലിവയിൽ കണ്ണുവച്ചവരെ വശീകരിക്കുന്ന ആകർഷീണയത പുതിയ സ്വിഫ്റ്റിനുണ്ട്. ക്യാബിനിലെ ഡ്യുവൽ പോഡ് ഇൻസ്ട്രമെൻര് ക്ലസ്റ്ററും ഫൽറ്റ് ബോട്ടം സ്റ്റിയറിങ് വീലും പ്രീമിയം ഫീൽ നൽകുന്നു. പുതിയ പ്ലാറ്റ്‌ഫോമിന്റെ ആനുകൂല്യം അകത്തെ കൂടുതൽ വിശാലമാക്കിയിട്ടുണ്ട്. പിൻസീറ്റിലെ ലെഗ് റൂമും ബുട്ട് സ്‌പേസും മെച്ചപ്പെട്ടു. ഇതുവരെ പുറത്തു വന്ന സ്വിഫ്റ്റ് അവലോകനങ്ങളെല്ലാം മികച്ച അനുഭവമാണ് പങ്കുവയ്ക്കുന്നത്. ബാക്കി നിരത്തിൽ കാണാം.
 

Latest News