Sorry, you need to enable JavaScript to visit this website.

ഫ്രീ വിസക്ക് പൂട്ടുവീഴുന്നു, സൗദി പ്രവാസികള്‍ ശ്രദ്ധിക്കണം

ജിദ്ദ- സൗദിയിലെ തൊഴില്‍നിയമങ്ങള്‍ അനുദിനം കര്‍ശനമായി വരികയാണ്. നിയമലംഘകര്‍ക്കായുള്ള പരിശോധനകളും വ്യാപകം. ബിനാമി ബിസിനസിനെതിരെ അതിശക്തമായ നീക്കത്തിനാണ് സൗദി അധികൃതര്‍ തയാറെടുക്കുന്നത്. അതിനൊപ്പമാണ് സ്വമേധയാ തൊഴില്‍ കണ്ടെത്തി ചെയ്യുന്നവര്‍ക്കുള്ള വിലക്ക്.

മുന്നറിയിപ്പുമായി സന്ദേശം

സെല്‍ഫ് എംപ്ലോയ്‌മെന്റ് അഥവാ സ്വയംതൊഴില്‍ കണ്ടെത്തല്‍ വിദേശികള്‍ക്ക് നിയമപ്രകാരം     സൗദിയില്‍ സാധ്യമല്ല. എങ്കിലും ഇത് നിര്‍ബാധം തുടരുകയായിരുന്നു. ഇതിനാണ് മൂക്കുകയറിടാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശികള്‍ സ്വയം തൊഴില്‍ കണ്ടെത്തി ജോലി ചെയ്യുന്ന സമ്പ്രദായത്തിനെതിരെ കര്‍ശനനടപടികള്‍ എടുക്കുമെന്നുള്ള ബോധവത്കരണ സന്ദേശങ്ങള്‍ എസ്.എം.എസ് വഴി കഴിഞ്ഞ ദിവസങ്ങളില്‍ മിക്കവര്‍ക്കും ലഭിക്കുകയുണ്ടായി.

ഫ്രീ വിസ എന്നൊന്നില്ല

ഫ്രീ വിസയില്‍ കയറിവന്ന പ്രവാസികളാണ് ഇതിലൂടെ ഏറെ ബുദ്ധിമുട്ടാന്‍ പോകുന്നത്. യഥാര്‍ഥത്തില്‍ ഇത്തരമൊരു വിസ ഇല്ല. ഏതെങ്കിലും സൗദി പൗരന്റെ പേരിലുള്ള വിസയില്‍ നാട്ടില്‍നിന്ന് കയറി വന്നശേഷം പുറത്ത് സ്വയം തൊഴില്‍ കണ്ടെത്തി ജോലി ചെയ്യുന്നതിനെയാണ് ഫ്രീ വിസ എന്ന് റിക്രൂട്ടിംഗ് ഏജന്റുമാര്‍ വിളിക്കുന്നത്. ഇത്തരം രീതിയില്‍ നാട്ടില്‍നിന്നെത്തിയ ആയിരങ്ങള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. യഥാര്‍ഥത്തില്‍ നിയമവിരുദ്ധമാണ് ഇതെങ്കിലും ഏറെക്കാലമായി ഇത് തുടരുകയായിരുന്നു.

സൗദികള്‍ക്കും ലാഭം

ഹൗസ് ഡ്രൈവര്‍ വിസകളിലോ മറ്റോ കയറി വരികയും ഇവിടെ വ്യാപാരം, ഇലക്ട്രിഷ്യന്‍, പ്ലംബര്‍ പോലുള്ള സാങ്കേതിക ജോലികള്‍, ടാക്‌സി ഓടിക്കല്‍, കരാര്‍ പണികള്‍ ചെയ്യല്‍ തുടങ്ങി വിവിധ തൊഴിലുകള്‍ ചെയ്തുവരുന്ന നിരവധി പേരുണ്ട്. ഇവര്‍ തങ്ങളുടെ കഫീലായ സൗദിക്ക് മാസംതോറും നിശ്ചിത തുക പ്രതിഫലമായി നല്‍കുന്നു. ഈ സമ്പ്രദായത്തിനാണ് ഇപ്പോള്‍ വിലക്ക് വീഴുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന സൗദികള്‍ക്കും ജയില്‍ ശിക്ഷ അടക്കം ലഭിക്കുമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.


READ MORE: ഇനിയീ അച്ഛൻ പൊള്ളിയടർന്നു ജീവിക്കണ്ട, അനീഷിനെ കെ.എം.സി.സി കണ്ടെത്തി


അരലക്ഷം പിഴ, ആറുമാസം ജയില്‍

ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ക്ക് അരലക്ഷം റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന് ശേഷം ഇവരെ രാജ്യത്തുനിന്ന് കയറ്റിവിടുകയും ചെയ്യും. സ്വയം തൊഴില്‍ കണ്ടെത്തിയ ആളുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഏറെ കരുതിയിരിക്കേണ്ടി വരും.

റെയ്ഡില്‍ പിടിയിലാകുന്നത് ആയിരങ്ങള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ റെയ്ഡുകള്‍ നടക്കുന്നുണ്ട്. ഓരോ ആഴ്ചയും ആയിരക്കണക്കിനാളുകളാണ് ഇഖാമ നിയമലംഘനത്തിന് പിടിയിലാകുന്നത്. ഇഖാമ ആരുടെ കീഴിലാണോ അയാള്‍ക്കു കീഴില്‍ മാത്രമേ വിദേശിക്ക് തൊഴിലെടുക്കാന്‍ സാധിക്കുകയുള്ളു. നൂറുകണക്കിന് വിദേശികള്‍ക്ക് വിസ നല്‍കി പുറത്തുവിടുകയും അതില്‍നിന്ന് പ്രതിമാസം ഭീമമായ വരുമാനമുണ്ടാക്കുകയും ചെയ്യുന്ന സൗദികള്‍ക്കും പുതിയ നീക്കം വലിയ തിരിച്ചടിയാണ്.

കര്‍ശനമാകുന്ന നിയമങ്ങള്‍

സൗദിയുടെ തൊഴില്‍മേഖല അനുദിനം മാറുകയാണ്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യമാണ് വിദേശികളെ സംബന്ധിച്ച് മുന്നിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയില്‍നിന്ന് മടങ്ങിയ വിദേശികളുടെ എണ്ണം എട്ട് ലക്ഷമാണെന്ന കണക്ക് നിയമങ്ങള്‍ കര്‍ക്കശമാകുന്നതിന്റെ സൂചനകളാണ്.

 

 

Latest News