Sorry, you need to enable JavaScript to visit this website.

എവറസ്റ്റ് കയറിയ ആദ്യ മലയാളി

1997-ൽ, അന്നത്തെ നായനാർ സർക്കാർ മലയാളിയുടെ മുഴുവൻ 
അഭിമാനമായി തീർന്ന ഈ പർവതാരോഹകന് പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ സമ്മാനം ഇതുവരെ മുഴുവനായും കിട്ടിയില്ല. കഴിഞ്ഞ 
ഉമ്മൻ ചാണ്ടി സർക്കാരാണ് അതിൽ നിന്നും ഒരു ലക്ഷം രൂപ 
നൽകിയത്. ബാക്കി തുക ഇപ്പോഴും മരീചിക തന്നെ!
 മിനീഷ് മുഴപ്പിലങ്ങാട്

1953 മെയ് 29-ന് ന്യൂസിലാന്റുകാരനായ എഡമണ്ട് ഹിലാരി, നേപ്പാളിടെൻസിംഗ് നോർഗെയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കുമ്പോൾ ഇങ്ങു ദൂരെ കേരളത്തിൽ ആലപ്പുഴയിലെ മുതുകുളംകാരനായ എസ്. സുരേഷ് കുമാർ ജനിച്ചിരുന്നില്ല. പക്ഷെ, 39 വർ ഷങ്ങൾക്കിപ്പുറം 1992-ൽ, അദ്ദേഹം ഹിലാരിക്കൊരു പിൻഗാമിയായി. ഒപ്പം എവറസ്റ്റ് കീഴടക്കിയ ആദ്യകേരളീയൻ എന്ന നിലയിൽ മലയാളിയുടെ മാനം, മാനംമുട്ടെ ഉയർത്തി. 1996-ൽ വീണ്ടും എവറസ്റ്റിലെത്തിയ അദ്ദേഹം രണ്ടു തവണ എവറസ്റ്റ് കയറിയ ഏക മലയാളി എന്ന പദവിക്കും അർഹനായി. 
ഹിലാരിയെപ്പോലെ പർവതാരോഹണം ഹരമായി എടുക്കുകയോ എവറസ്റ്റ് കീഴടക്കുന്നത് സ്വപ്‌നം കാണുകയോ ചെയ്ത ആളല്ല സുരേഷ്. ഫോട്ടോഗ്രാഫിയിലായിരുന്നു അദ്ദേഹത്തിന് കമ്പം. ആലപ്പുഴയിലെ ചില സ്റ്റുഡിയോകളിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുമ്പൊഴാണ് അപ്രതീക്ഷിതമായി 1987-ൽ ഐടിബിപിയിൽ(ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്) ചേരുന്നത്; ഫോട്ടോഗ്രാഫറായി തന്നെ. പരിശീലനം കഴിഞ്ഞ് ദൽഹിയിലെ ഐടിബിപിയുടെ ഹെഡ്ക്വാർട്ടറിൽ തന്നെ പോസ്റ്റിംഗ് കിട്ടി.
അവിടെ, ഫോട്ടോഗ്രാഫർമാർ പലരുണ്ട്. പക്ഷെ, സുരേഷ് എന്ന ഹവി ൽദാറുടെ ഫോട്ടോഗ്രാഫിയിലെ കഴിവ് അന്ന് അവരുടെ ഡിഐജിയായി രുന്ന ഹുക്കംസിങിന് നന്നായി പിടിച്ചു. അദ്ദേഹമന്ന് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കാഞ്ചൻജംഗ കൊടുമുടി കയറാനുള്ള ഒരു സംഘം രൂപീകരിക്കുന്ന സമയമാണ്. സുരേഷിനെ ഒരു ഫോട്ടോഗ്രാഫറായി അദ്ദേഹം സംഘത്തിൽ ചേർത്തു. പലരും പലവഴിയിൽ അതിനായി ശ്രമിച്ചപ്പൊഴും യാദൃച്ഛികമായി നറുക്ക് വീണത് സുരേഷിനായിരുന്നു. 
മാസങ്ങളോളം നീണ്ട കഠിനമായ പർവതാരോഹണ പരിശീലനം. സാ ഹസികത നിറഞ്ഞ, മരണത്തെ മുഖാമുഖം കാണേണ്ട, അനിശ്ചിതത്വമുള്ള ഒരു രംഗമാണിത് എന്ന് തിരിച്ചറിഞ്ഞിട്ടും യൗവനത്തിന്റെ ചോരത്തിളപ്പ് സിരകളിൽ കത്തി നിന്ന കാലമായതു കൊണ്ട് സുരേഷ് അതിൽ നിന്നും പിൻമാറിയില്ല. പർവതാരോഹണം പതുക്കെ അദ്ദേഹത്തിന് ഹരമായി മാറി. പരിശീലന കാലത്തെ ശാരീരിക-മാനസിക സമ്മർദ്ദങ്ങൾ താങ്ങാൻ കഴിയാതെ ടീം അംഗങ്ങളിൽ പലരും ഇട്ടേച്ചു പോയപ്പൊഴും സുരേഷ്, നിശ്ചയദാർഢ്യതയോടെ പിടിച്ചു നിന്നു.
1991-ലാണ് ഹുക്കംസിങിന്റെ നേതൃത്വത്തിൽ സുരേഷ് ഉൾപ്പെടെയുള്ള 25 അംഗ സംഘം കാഞ്ചൻജംഗ കീഴടക്കുന്നത്. കൂടെ ജോഷിയോ ഉഗാട്ട എന്ന ജപ്പാൻകാരൻ നയിക്കുന്ന മറ്റൊരു സംഘവുമുണ്ട്. ഫലത്തിലത് ഒരു ഇൻഡോ-ജപ്പാൻ സംയുക്ത പർവതാരോഹക സംരംഭമായിരുന്നു.  പര്യവേഷണം വിജകരമായി പൂർത്തിയാക്കാൻ സംഘത്തിന് കഴിഞ്ഞെ ങ്കിലും ഏറ്റവും നിർഭാഗ്യകരമായ ഒരു സംഭവത്തിന് അവസാന നിമിഷം അവർക്ക് സാക്ഷിയാകേണ്ടി വന്നു. കൊടുമുടി കീഴടക്കി ഭാരതത്തിന്റെ ഫഌഗ് പിടിച്ചു നിന്ന് ഫോട്ടോ എടുത്ത ഹവിൽദാർ പസാംഗ് പൊടുന്നനെ കാൽ വഴുതി പർവതത്തിന്റെ കിഴുക്കാം തൂക്കായ ഒരു ഭാഗത്തേക്ക് തെറിച്ച് വീണ് നിമിഷങ്ങൾ കൊണ്ട് അപ്രത്യക്ഷനായി. ഞെട്ടിവിറച്ചു പോയ സംഘത്തിന് നിസ്സഹായരായി നിലവിളിക്കാനെ കഴിഞ്ഞുള്ളൂ. അയാളുടെ പൊടിപോലും കിട്ടിയില്ല എന്നു പറയുമ്പോൾ വർഷങ്ങൾക്കിപ്പുറം ഇപ്പൊഴും സുരേഷിന്റെ മുഖത്ത് നടുക്കം. 


കാഞ്ചൻജംഗ കീഴടക്കിയതോടെ ഹുക്കുംസിങിന് ആത്മവിശ്വാസം കൂടി. 1992-ൽ എവറസ്റ്റ് കയറാൻ അദ്ദേഹം തീരുമാനിച്ചത് ആ വിജയത്തിന്റെ കരുത്തിലായിരുന്നു. ഐടിബിപിയിൽ അതിനായി ഒരു സംഘം രൂപീകരി ച്ചപ്പോൾ സുരേഷിനെയും അദ്ദേഹം ഉൾപ്പെടുത്തി. സുരേഷിനത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ മഹാഭാഗ്യമായിരുന്നു. കാഞ്ചൻ ജംഗ പര്യവേക്ഷണത്തി നിടെ സംഭവിച്ച എല്ലാ പിഴവുകളും തിരിച്ചറിഞ്ഞും തിരുത്തിയുമായിരുന്നു ഇക്കുറി പരിശീലനം. പതിവുപോലെ തീവ്രപരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിലായി പലരും കൊഴിഞ്ഞു പോയി. അവസാനം ബാക്കിയായത് വെറും 26 പേർ. തീർച്ചയായും അതിലൊരാൾ സുരേഷായിരുന്നു.
ഐടിബിപിയെ കൂടാതെ ഐബി, പഞ്ചാബ്-ഹരിയാന പൊലീസ്, മംഗോളിയൻ സൈന്യം, ജപ്പാൻകാർ, പൂനെയിൽ നിന്നുള്ള നാലു സിവിലിയൻമാർ എന്നിവരുൾപ്പെട്ട ഒരു അന്താരാഷ്ട്ര പർവതാരോഹക സംഘമായിരുന്നു അത്. ഹുക്കംസിങ് ഐടിബിപി സംഘത്തെ നയിച്ചപ്പോൾ മറ്റുള്ളവർക്ക് അവരുടേതായ സംഘനായകൻമാർ ഉണ്ടായിരുന്നു. ഡോ. കുൽക്ക ർണിയാണ് പൂനെയിൽ നിന്നുള്ള സിവിലിയൻ സംഘത്തെ നയിച്ചിരുന്നത്. നേപ്പാൾ വഴി എവറസ്റ്റ് കയറാനായിരുന്നു അവരുടെ തീരുമാനം. സംഘത്തിന്റെ യാത്ര ഫഌഗ് ഓഫ് ചെയ്തത് അന്ന് പ്രധാനമന്ത്രിയായിരുന്നു നരസിംഹ റാവുവാണ്.
മാർച്ച് മുതൽ മെയ് വരെയുള്ള സമയമാണ് മലകയറ്റത്തിന് ഏറ്റവും അനുയോജ്യം. രാജ്യങ്ങൾ യാത്രികർക്ക് മലകയറ്റത്തിന് അനുവാദം നൽകുക ഈ മൂന്നു മാസക്കാലത്തേക്കാണ്. ഒരിക്കൽ അനുവദിച്ചാൽ ഈ സമയ പരിധക്കുള്ളിൽ ലക്ഷ്യമിടുന്ന കൊടുമുടി യാത്രികർ കയറിയിരിക്കണം. 'സമ്മിറ്റ് ചെയ്യുക' എന്നാണ് അതിന് പറയുക. പറ്റിയില്ലെങ്കിൽ ആ സംഘത്തിന്റെ പര്യവേഷണ അനുമതി റദ്ദാവുകയും അടുത്ത വർഷം വീണ്ടും അത് പുതുക്കുകയും വേണം. സീസണിൽ ഹിമാലയത്തിലെ വിവിധ കൊടുമുടികൾ കയറാൻ ലോകത്തിന്റെ പലഭാഗത്തു നിന്നുമായി അനേകം പേരെത്തുന്നുണ്ട്. അവർക്ക് യാത്രാനുമതി നൽകേണ്ട നേപ്പാൾ, ടിബറ്റ്, ചൈന എന്നീ രാജ്യങ്ങൾ അതിലൂടെ വൻ വരുമാനമാണ് ഉണ്ടാക്കുന്നത്.    
ആദ്യം വാഹനത്തിലും പിന്നെ നേപ്പാൾ അതിർത്തി കടന്ന് ഹിമാലയത്തിലെ വനമേഖലയിൽ എത്തിയപ്പോൾ നടന്നുമായിരുന്നു സംഘത്തിന്റെ യാത്ര. കൂടെ സാധനങ്ങൾ വഹിച്ചു കൊണ്ട് 'യാക്' എന്നറിയപ്പെടുന്ന മൃഗങ്ങളും, മലകയറ്റവും വഴികളും നല്ല നിശ്ചമുള്ള 'ഷെർപകളു'മുണ്ട്. സംഘം പല ചെറു ഗ്രൂപ്പുകളായി പിരിഞ്ഞാണ് സഞ്ചാരം. ആദ്യമാദ്യം എല്ലാവർക്കും നല്ല ഉൻമേഷവും ആവേശവുമായിരുന്നു. പാട്ടു പാടിയും കഥകൾ പറഞ്ഞും വിശേഷങ്ങൾ പങ്കു വെച്ചും ചിരിച്ചു കളിച്ചും ഒരു എസ്‌കർഷന്റെ ലാഘവത്വത്തോടെയായിരുന്നു യാത്ര. ദിവസങ്ങൾ പിന്നിടുന്നതോടെ കാട്ടിൽ പെയ്തിറങ്ങുന്ന മഞ്ഞിന്റെ തണുപ്പ് വീണിട്ടെന്ന പോലെ പലരുടെയും ആവേശവും ഉൻമേഷവും കെട്ടടങ്ങി.


ഏതാണ്ട് രണ്ടാഴ്ച നടന്നലഞ്ഞപ്പോഴാണ് ലക്ഷ്യ സ്ഥാനമായ എവറസ്റ്റിന്റെ താഴെയെത്തുന്നത്. സമുദ്ര നിരപ്പിൽ നിന്നും 29,035 അടി ഉയരത്തി ൽ ലോകത്തിനെ തന്നെ വെല്ലുവിളിച്ചു കൊണ്ട് അഹങ്കാരത്തോടെ തല ഉയ ർത്തി നിൽക്കുകയാണ് എവറസ്റ്റ്. ലോക മാതാവ് എന്നർഥത്തിൽ ടിബറ്റുകാർ 'ചോമലുങ്മ' എന്നും പ്രാദേശിക നേപ്പാളികൾ 'സാഗർമാത' എന്നും വിളിക്കുന്ന പർവത ശിഖരം. വെൺമയാർന്ന മേഘം മൂടിയതിനാൽ താഴെ നിന്ന് മേലോട്ട് നോക്കുമ്പോൾ എവറസ്റ്റിന്റെ ഉയരക്കാഴ്ച തടസപ്പെട്ടു. ഭീമാകാരനായ ഈ കൊടുമുടിയാണോ കയറേണ്ടത് എന്നാലോചിച്ചപ്പോൾ സുരേഷിന്റെ ഉള്ളിലൊരു ആന്തലുണ്ടായി. 
എവറസ്റ്റിന്റെ 18,000 അടി ഉയരത്തിലേക്ക് നടന്നു കയറി ഹുക്കംസിങും സംഘവും ബേസ് ക്യാമ്പ് സ്ഥാപിച്ചു. അവിടെ  ഒരാഴ്ചത്തെ വിശ്രമം. കൊ ടുമുടി കയറാനും കീഴടക്കാനുമുള്ള മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകളായിരുന്നു ആ നാളുകളിൽ. പദ്ധതിപ്രകാരം ഈ ബേസ് ക്യാമ്പ് കൂടാതെ 4 ക്യാമ്പുകൾ കൂടി കടന്നാലേ അവർക്ക് എവറസ്റ്റിന്റെ നെറുകയി ൽ എത്താൻ കഴയൂ. 23,500 അടി ഉയരത്തിലാണ് ആദ്യ ക്യാമ്പ്. രണ്ടാമ ത്തേത് 25,500 അടി ഉയരത്തിൽ. മൂന്നാമത്തേത് 27,000-ൽ. നാലമത്തേത് 28,000 അടി മുകളിൽ. പിന്നെ നേരെ എവറസ്റ്റിന്റെ ഉച്ചിയിൽ. ബേസ് ക്യാമ്പിലെത്തിയപ്പൊഴേക്കും സംഘത്തിൽ മിക്കവരുടെയും എവറസ്റ്റ് കീഴടക്കാനു ള്ള ആശയും ആവേശവും അസ്തമിച്ചിരുന്നു. പലരും കനത്ത മാസീക സംഘർഷങ്ങൾക്കും ആശങ്കകൾക്കും അടിപ്പെട്ടു. പക്ഷെ, ഹുക്കംസിങ് എല്ലാവരേയും പ്രചോദിപ്പിച്ചും പ്രലോഭിപ്പിച്ചും എപ്പൊഴും ഒപ്പം നിന്നു. 


എട്ടാം ദിവസം പുലർച്ചെ രണ്ടു മണിയോടെ ആദ്യ ക്യാമ്പ് എന്ന ലക്ഷ്യത്തിലേക്ക് സംഘം നടന്ന് കയറാൻ തുടങ്ങി. സമയം പുലർച്ചെ ആയിരുന്നിട്ടും പകൽ പോലെ തെളിഞ്ഞ അന്തരീക്ഷം. സംഘത്തിന് മുന്നിലായി ചെന്ന് സുരേഷ് പലയിടങ്ങളിൽ നിന്നും ആവേശത്തോടെ വീഡിയോ ചിത്രീകരിച്ചു. ഫോട്ടോ എടുക്കാൻ ധൃതിപ്പെട്ട് നടക്കുന്ന സുരേഷിനോട് സൂക്ഷിക്കാൻ ഹുക്കംസിങ് കൂടെകൂടെ പറയുന്നുണ്ട്. പക്ഷെ, ഒരിടത്ത് ഫോട്ടോ കൃത്യമായി എടുക്കാൻ പിന്നോട്ട് നടന്ന് സുരേഷ് പെട്ടെന്ന് ഐസിലേക്ക് മറിഞ്ഞു വീണു. എവറസ്റ്റ് കയറുന്നവരെ കെണിയിലാക്കുന്ന അനേകം അപകടങ്ങളിൽ ഒന്നായിരുന്നു അത്. മുകളിൽ പൂ പോലുള്ള ഐസ് പുതഞ്ഞു കിടക്കുന്ന ആഴമുള്ള ഒരു ചതുപ്പായിരുന്നു അവിടം. പെട്ടെന്ന് ആർക്കുമത് മനസിലാവില്ല. സംഘാംഗങ്ങളെത്തി രക്ഷിച്ചില്ലായിരുന്നെങ്കിൽ അതിലദ്ദേഹം മുങ്ങിത്താഴുമായിരുന്നു. മൂന്ന് മീറ്റർ നീളമുള്ള മൂന്ന് സ്റ്റിക്കുകൾ കൂട്ടിക്കെട്ടി കുഴിയിലേക്ക് താഴ്ത്തിയിട്ടും അതിന്റെ ആഴം കാണാൻ കഴിയാതിരുന്നപ്പോൾ സുരേഷിന്റെ ഉള്ള് കിടുങ്ങി. ആ സംഭവം പക്ഷെ, കൂടുതൽ ജാഗ്രതയോടെ ഓരോ കാൽവെപ്പും നടത്താൻ സംഘത്തിന് പ്രേരകമായി. 
അന്ന് നല്ല കാലാവസ്ഥയായിരുന്നു. രാവിലെ 11 മണിയോടെ സംഘം ആദ്യ ക്യാമ്പ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി. അവിടെ അത്യാവശ്യം വേണ്ട ടെന്റുകൾ തീർത്തു. അന്തരീക്ഷം ശക്മായ മഞ്ഞു വീഴ്ചയും കാറ്റും കൊണ്ട് യാത്രക്ക് പ്രതികൂലമാകും എന്നതിനാൽ 11 മണിക്കു ശേഷം മലകയറ്റം വേണ്ട എന്നത് ഹുക്കംസിങിന്റെ തീരുമാനമാണ്. സാധനങ്ങളും മറ്റും പെട്ടെന്ന് ടെന്റിനകത്ത് കയറ്റി എല്ലാവരും സ്ലീപ്പിംഗ് ബാഗിനകത്ത് നഴഞ്ഞു കയറി കിടന്നു. നല്ല ക്ഷീണം കാരണം എല്ലാവരും പെട്ടെന്ന് ഉറങ്ങി. എന്തോ വലിയ ശബ്ദം കേട്ട് സുരേഷ് ഉണരുമ്പോൾ ടെന്റ് നിന്നു കിടുങ്ങുകയാണ്. പുറത്ത് ശക്തമായ കാറ്റും മഞ്ഞു മഴയും. അപ്പൊഴേക്കും എല്ലാവരും ഉണർ ന്നിരുന്നു. ടെന്റ് തന്നെ കാറ്റ് കൊണ്ടു പോകുമോ എന്ന് അവർ ഭയപ്പെട്ടു. ആരും പുറത്തിറങ്ങരുത് എന്ന് ഹുക്കംസിങ് വയർലസിലൂടെ നിർദ്ദേശിച്ചു. രണ്ടു ദിവസം പുറത്തിറങ്ങാൻ കഴിയാതെ എല്ലാവർക്കും ടെന്റിൽ തന്നെ കഴിയേണ്ടി വന്നു.
മൂന്നാം ദിവസം രാവിലെയാണ് കാലാവസ്ഥ തെളിയുന്നത്. പിറ്റേന്നു പുലർച്ചെ രണ്ടാമത്തെ ക്യാമ്പ് തേടിയുള്ള യാത്ര തുടങ്ങി. അന്ന് പക്ഷെ, രണ്ടാം ക്യാമ്പിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ ഒന്നാം ക്യാമ്പിലേക്കു തന്നെ അവർക്ക് മടങ്ങേണ്ടി വന്നു. അതിനിടയിൽ വീണ്ടും കാലാവസ്ഥ മോശമായി. മുകളിലോട്ട് കയറുന്നതിനനുസരിച്ച് തണുപ്പിന്റെ കാഠിന്യം കൂടിവന്നു. നാല് ദിവസത്തെ ശ്രമത്തിനൊടുവിലാണ് രണ്ടാമത്തെ ക്യാമ്പ് അവർക്ക് ഉറപ്പിക്കാൻ കഴിഞ്ഞത്. അപ്പൊഴേക്കും പലരും തളർന്നു പോയിരുന്നു. ചിലർ മലകയറ്റം മതിയാക്കി താഴെയുള്ള ബേസ് ക്യാമ്പിലേ ക്ക് മടങ്ങിപ്പോയി. മറ്റു ചിലരുടെ കൈകാലുകൾ കൊടീയ തണുപ്പിൽ മരവിച്ച് പ്രവർത്തനരഹിതമായി. കനത്ത തുകൽ ജാക്കറ്റുകളും കൈയുറയും കാലുറയും ഉണ്ടായിട്ടും എല്ലാം നിഷ്ഫലമായി. അവർ അനങ്ങനോ എണീക്കാനോ ആവാതെ സ്ലീപ്പിംഗ് ബാഗിനകത്ത് കിടന്നു.

സംഘാംഗങ്ങൾക്കൊന്നും അവരെ സഹായിക്കാൻ കഴിഞ്ഞില്ല. കൊടുമുടി കയറുന്നവരുടെ ഒരു നിസ്സഹായത ഇതാണ് എന്ന് സുരേഷ് ഖേദപൂർ വം ഓർക്കുന്നു. അത്തരക്കാരെ ഉപേക്ഷിച്ച് മുന്നേറുകയല്ലാതെ വേറെ നിവൃത്തിയില്ല. അവരെ അങ്ങനെ തന്നെ വിട്ട് ബാക്കിയുള്ളവർ മൂന്നാം ക്യാമ്പിലേക്ക് മലകയറാൻ ശ്രമം തുടങ്ങി. ഒരാഴ്ച് ശ്രമിച്ചിട്ടാണ് മൂന്നാം ക്യാമ്പ് ശരിയായത്. അപ്പൊഴേക്കും ഹൃദയഭേദകമായത് സംഭവിച്ചിരുന്നു. മരവിച്ച് അവശരായവർ മൂന്നു പേരും മരണത്തിന് കീഴടങ്ങി.
മൂന്നാമത്തെ ക്യാമ്പിലാണ് മറ്റൊരു ദാരുണ സംഭവമുണ്ടായത്. പൂനെയിൽ നിന്നും വന്ന ഡോ.കുൽക്കർണിയുടെ സംഘം രണ്ടാം ക്യാമ്പിൽ നി ന്നും പുറപ്പെട്ടത് വളരെ വൈകിയാണ്. ഹുക്കംസിങിന്റെ സംഘം ക്യാമ്പി ലെത്തി ടെന്റുകൾ കെട്ടുന്ന സമയത്ത് അവരെത്തിയിരുന്നില്ല. അന്ന് കടുത്ത മഞ്ഞു വീഴ്ചയും കാറ്റുമായി കാലാവസ്ഥയും മോശമായിരുന്നു. പിറ്റേ ദിവ സം പുലച്ചയാണ് മനസ് മരവിക്കുന്ന ആ കാഴ്ച കണ്ടത്. ക്യാമ്പിനും കുറേ താഴെയായി തുറന്ന സ്ഥലത്ത് ഡോ.കുൽക്കർണിയും സംഘവും വരിവരിയായി മഞ്ഞിൽ പുതഞ്ഞ് നിൽക്കുന്നു. സത്യത്തിൽ അവർ നാല് പേരും മരിച്ച് മരവിച്ച് ഒരു ടാബ്ലോയിലെന്ന പോലെ നിൽക്കുകയാണ്. വൈകി എ ത്തിയ അവർ ക്യാമ്പിലെ ടെന്റുകളൊന്നിൽ എത്തുന്നതിന് മുമ്പ് നിർഭാഗ്യത്തിന് മഞ്ഞു വീഴ്ചയിൽ കുടുങ്ങി പോയതാണ്. 
മൂന്നാമത്തെ ക്യാമ്പിൽ നിന്നും നാലാമത്തേതും അവസാനത്തേതുമായ ക്യാമ്പിലെത്താൻ ഒരാഴ്ചയെടുത്തു. പലതവണ മുകളിലേക്കു കയറി ക്യാമ്പ് സ്ഥാപിക്കാൻ കഴിയാതെ പിൻതിരിയേണ്ടി വന്നു. കാലാവസ്ഥ മിക്ക സമയത്തും പ്രതികൂലമായി നിന്നു. ആ യാത്രയിലാണ് പേടിപ്പെടുത്തുന്ന മറ്റൊരു മരണം സംഭവിച്ചത്. സംഘത്തിന് നല്ല ആഴവും വീതിയുമുള്ള ഒരു ഐസ് കിടങ്ങ്(ഇൃല്മലൈ)െ  കടക്കേണ്ടതുണ്ടായിരുന്നു. നീളമുള്ള നാല് അലുമിനിയം ഏണികൾ കൂട്ടി ബോൾട്ടിട്ട് ഉറപ്പിച്ച് കിടങ്ങിന് മുകളിൽ പടങ്ങു തീർത്താണ് അപ്പുറം കടക്കുന്നത്. സംഘത്തിന്റെ കൂടെയുണ്ടായിരുന്ന ഒരു മിടുക്കൻ ഷെർപ അഞ്ചു കിലോ ഭാരം വരുന്ന ഗ്യാസ് സിലിണ്ടറും പുറത്തേറ്റി ആദ്യം കടക്കാൻ ഒരുങ്ങി. ഏണിയിലൂടെ അയാൾ നടക്കാൻ തുടങ്ങുന്നത് സംഘം വീർപ്പടക്കി നോക്കി നിന്നു. കാൽഭാഗം എത്തിയപ്പൊഴാണ് ബാലൻസ് തെറ്റി അയാൾ താഴേക്ക് വീണത്. അവന്റെ ഇടുപ്പിൽ കയർ ഹൂക്ക് ചെയ്തിരുന്നെങ്കിലും ആ വീഴ്ച കണ്ട് പേടിച്ച സംഘത്തിൽ നിന്നും കൂട്ട നിലവിളി ഉയർന്നു. ആഴമുള്ള കിടങ്ങിൽ കയറിൽ തൂങ്ങിയാടുന്ന അവനെ ഒരു വിധം വലിച്ചു മുകളിൽ കയറ്റി. പക്ഷെ, വീഴ്ചയുടെ ആഘാതത്തിൽ അവന് ഹൃദയ സ്തംഭനം ഉണ്ടാവുകയും അവൻ മരിക്കുകയും ചെയ്തിരുന്നു. ആ കാഴ്ച സംഘാംഗങ്ങളെ ആകെ തളർത്തി. പക്ഷെ, ഹുക്കുസിങ് എല്ലാവരേയും ഉത്തേജിപ്പിച്ച് യാത്ര തുടരാൻ നിർബന്ധിച്ചു.


നാലാമത്തെ ക്യാമ്പിൽ ടെന്റുകൾ തീർക്കുന്ന സമയത്താണ് ദൂരെ മലയുടെ മറ്റൊരു ഭാഗത്തായി കൂറ്റൻ മഞ്ഞു മല ഇടിയുന്ന 'ആവലാഞ്ച്' എന്ന പ്രതിഭാസം കാണുന്നത്. വലിയ മഞ്ഞുപാളികൾ ഒന്നിനു പിറകെ ഒന്നായി തുരുതുരെ അടർന്നു താഴേക്കു വീഴുകയാണ്. അതിന്റെ ശക്തിയിൽ അവർ നിൽക്കുന്ന ഇടംവരെ നിമിഷങ്ങളോളം വിറച്ചു. ഒപ്പം വലിയ ശബ്ദവുമു ണ്ടായി. അതൊരു ഭൂകമ്പം പോലെയാണ് അവർക്കനുഭവപ്പെട്ടത്. ടെന്റിനകത്ത് കയറുമ്പോൾ 'ആവലാഞ്ച്' ഇവിടെയും സംഭവിക്കുമോ എന്ന പേടിയായിരുന്നു എല്ലാവരുടെ മനസ്സിലും. 
1992 മെയ് 10-ന് സംഘം എവറസ്റ്റിന് മുകളിലെത്തി. തെളിഞ്ഞതും അനുകൂലവുമായ കാലാവസ്ഥയായിരുന്നു അപ്പോൾ. അവരവിടെ ഭാരതത്തിന്റെ ത്രിവർണ പതാക ഉയർത്തി. ഭാരത് മാതാകീ ജയ് വിളികളും ആരവങ്ങളും കൊണ്ട് അവർ ആ അസുലഭ മൂഹൂർത്തം ആഘോഷിച്ചു. സംഘനേതാവായ ഹുക്കംസിങ് പ്രധാനമന്ത്രി നരസിംഹ റാവുവിനെ സാറ്റലൈറ്റ് ഫോണിൽ വിളിച്ച് തങ്ങൾ എവറസ്റ്റിന്റെ നെറുകയിൽ എത്തിയ കാര്യം പറഞ്ഞു. സംഘത്തിലെ മുഴുവൻ പേർക്കും അദ്ദേഹം ആശംസകൾ നേർന്നു.
എവറസ്റ്റ് തിരിച്ചിറങ്ങിയ സംഘം നേപ്പാളിലെത്തിപ്പോൾ നേരെ പോയ ത് എവറസ്റ്റ് കയറുന്നവരുടെ എക്കാലത്തേയും വലിയ നായകന്റെ ഭവനത്തിലേക്കാണ്-എഡ്മണ്ട് ഹിലാരിയുടെ! ആഹ്ലാദപൂർവം അവരെ സ്വീകരിച്ചാനയിച്ച അദ്ദേഹം അവർക്കായി ഒരുഗ്രൻ വിരുന്നൊരുക്കുകയും ചെയ്തു. ദൽ ഹിയിൽ എത്തിയപ്പോൾ പ്രധാനമന്ത്രിയും പ്രസിഡണ്ടും ഉൾപ്പെടെ നിരവധി ഉന്നതരുടെ അനുമോദനങ്ങൾ സംഘം ഏറ്റുവാങ്ങി. പിന്നെ അനുമോദനങ്ങളുടെ പെരുമഴയായിരുന്നു.
1996-ൽ ഐടിബിപിയുടെ മറ്റൊരു സംഘം ചൈന വഴി എവറസ്റ്റ് കയറിയപ്പോൾ അവർക്കൊപ്പവും സുരേഷ് ഉണ്ടായിരുന്നു. ആ മിന്നുന്ന വിജയ ങ്ങളുടെ പിൻബലത്തിലാണ് 1997-ൽ ഐടിബിപിയിൽ നിന്നും അദ്ദേഹം എസ്പിജിയിൽ(സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) ബോംബ് ഡിറ്റക്ഷൻ വിദഗ്ദനായി എത്തുന്നത്. പ്രധാനമന്ത്രിമാരായ വി.പി.സിങ്, ചന്ദ്രശേഖർ, ഐ.കെ. ഗുജ്‌റാൾ, എ.ബി.വാജ്‌പേയ്, മൻമോഹൻസിങ് എന്നിവരുടെ സുരക്ഷ സംഘത്തിൽ പ്രവർത്തിച്ചിരുന്ന സുരേഷ് 2008 ൽ ജോലിയിൽ നിന്നും സ്വയം വിരമിച്ചു. അദ്ദേഹത്തിന്റെ ആദ്യ എവറസ്റ്റ് കീഴടക്കലിന് ഈ വർഷം കാൽ നൂറ്റാണ്ട് കഴിഞ്ഞു. ആഹ്ലാദകരമായ ആ ഓർമയുടെ ശോഭ കെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ മനസിൽ ഒരു പ്രയാസം അസ്വസ്ഥത പടർത്തുന്നു. 1997-ൽ, അന്നത്തെ നായനാർ സർക്കാർ മലയാളിയുടെ മുഴുവൻ അഭിമാനമായി തീർന്ന ഈ പർവതാരോഹകന് പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ സമ്മാനം ഇതു വരെ മുഴുവനായും കിട്ടിയില്ല എന്നതാണത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണ് അതിൽ നിന്നും 1 ലക്ഷം രൂപ നൽകിയത്. ബാക്കി തുക ഇപ്പോഴും മരീചിക തന്നെ! 

Latest News