Sorry, you need to enable JavaScript to visit this website.

ബിജെപി ബന്ധം: വിവാദ കേസില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി; മമതയ്ക്ക് 5 ലക്ഷം പിഴയുമിട്ടു

കൊല്‍ക്കത്ത- നന്ദിഗ്രാമിലെ ബിജെപിയുടെ സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പു ജയം ചോദ്യം ചെയ്യുന്ന എതിര്‍സ്ഥാനാര്‍ത്ഥി മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറി. മമതാ ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴിയും വിധിച്ചു. ജസ്റ്റിസ് കൗശികിന് ബിജെപി ബന്ധമുണ്ടെന്നും കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നും മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കൗശിക് ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ഇന്ന് ജസ്റ്റിസ് കൗശിക് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. 

ഒരു ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് തന്റെ ഭരണഘടനാ ചുമതല ലംഘിച്ചു കൊണ്ട് മമത ബാനര്‍ജി നടത്തുന്നതെന്നും ജഡ്ജി ആരോപിച്ചു. ഇത്തരം കണക്കുകൂട്ടിയുള്ള മനശാസ്ത്രപരവും കുറ്റകരവുമായ ശ്രമങ്ങള്‍ ശക്തമായി തിരസ്‌ക്കരിക്കേണ്ടതുണ്ടെന്നും അതുകൊണ്ട് ഹര്‍ജിക്കാര്‍ അഞ്ചു ലക്ഷം രൂപ പിഴയടക്കണമെന്നും ജസ്റ്റിസ് കൗശിക് ചന്ദ ഉത്തരവിടുകയായിരുന്നു.

ജസ്റ്റിസ് കൗശിക് ചന്ദയുടെ കോടതിയില്‍ നിന്നും തന്റെ കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജൂണ്‍ 16നാണ് മമത പരാതി നല്‍കിയത്. കേസില്‍ തന്റെ എതിര്‍ കക്ഷി ബിജെപി നേതാവ്് ആയതിനാല്‍ നേരത്തെ ബിജെപി പരിപാടിയില്‍ പങ്കെടുത്തിട്ടുള്ള ജസ്റ്റിസ് കൗശിക് ചന്ദ മുന്‍വിധിയോടെ വിധി പറഞ്ഞേക്കുമെന്ന് ആശങ്കയുണ്ടെന്നായിരുന്നു മമതയുടെ പരാതി. മാത്രവുമല്ല ജസ്റ്റിസ് കൗശികിനെ കല്‍ക്കട്ട ഹൈക്കോടതിയില്‍ സ്ഥിര ജഡ്ജിയാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇതും മുന്‍വിധിക്ക് കാരണമായേക്കാമെന്ന് മമത ചൂണ്ടിക്കാട്ടിയിരുന്നു.
 

Latest News