Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്

ന്യൂദല്‍ഹി- ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഉള്‍പ്പടെ മൂന്നു സംസ്ഥാനങ്ങള്‍ ഒന്നാമത്. 2019-20 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ ഞായറാഴ്ച അംഗീകാരം നല്‍കി. 76.6 ശതമാനം നേടി കഴിഞ്ഞ തവണയും സൂചികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളം വണ്‍ പ്ലസ് എന്ന നിലവാരത്തില്‍നിന്ന് ഇത്തവണ 90 ശതമാനത്തോടെ വണ്‍ പ്ലസ്-പ്ലസ് നേടിയാണ് മുന്‍നിരയില്‍ എത്തിയത്. കേരളത്തിന് പുറമേ പഞ്ചാബ്, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് മുന്‍നിരയില്‍ നില്‍ക്കുന്നത്. പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്‌സില്‍ കേരളവും തമിഴ്‌നാടും പഞ്ചാബും കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡും, ആന്‍ഡമാന്‍ നിക്കാബോര്‍ ദ്വീപുകളും പ്രവര്‍ത്തന മികവില്‍ 90 ശതമാനം നേടി മുന്നിലെത്തി.
മൂന്ന് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും സൂചികയില്‍ രണ്ടാം ലെവലില്‍ ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു സംസ്ഥാനം പോലും ഒന്നാം ലെവലില്‍ എത്തിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് മൂന്ന് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരുമിച്ച് സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ ഒന്നാം നിരയില്‍ എത്തുന്നത്. ആന്‍ഡന്‍മാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പുതുച്ചേരി, പഞ്ചാബ്, തമിഴ്‌നാട് എന്നാ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തന നിലവാര സൂചികയില്‍ പത്തു ശതമാനം കൂടുതല്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരം നിര്‍ണിയിക്കുന്നതിനായി എഴുപതോളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കുന്നത്. ആയിരത്തില്‍ 951 പോയന്റിന് ഇടയ്ക്ക് നേടുന്നവരാണ് സൂചികയില്‍ ഒന്നാം ലെവലില്‍ എത്തുന്നത്. 901 നും 951നും ഇടയില്‍ പോയിന്റ് നേടുന്ന സംസ്ഥാനങ്ങളാണ് രണ്ടാം ലെവലില്‍ എത്തുന്നത്. കേരളം, പഞ്ചാബ്, തമിഴ്‌നാട് സംസ്ഥാനങ്ങളും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ചണ്ഡീഗഡും രണ്ടാമത്തെ ലെവലില്‍ ആണ്. പക്ഷേ ഗ്രേഡ് കണക്കാക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളുടെ ഗ്രേഡ് വണ്‍ പ്ലസ്-പ്ലസ് ആണ്. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
പാഠ്യപ്രവര്‍ത്തനങ്ങളുടെ ഫലം, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം എന്നിവ ഉള്‍പ്പടെ സര്‍വേ നടത്തിയും പുറമേ സംസ്ഥാനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് സൂചിക തയാറാക്കുന്നത്. സംസ്ഥാനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു സമിതിയെ വെച്ചു പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

 

 

Latest News