റിയാദ്- യെമനിൽ നിന്നുള്ള സൗദി സൈനിക പിന്മാറ്റം സംഘർഷത്തിന് അറുതി വരുത്തില്ലെന്ന് ബ്രിട്ടനിലെ സൗദി അംബാസഡർ ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ രാജകുമാരൻ പറഞ്ഞു. യെമനിൽ നിന്ന് സൗദി സേന പിന്മാറുന്നത് രാജ്യത്ത് സമാധാനത്തിന് ഇടയാക്കില്ല. നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യക്ക് യെമനിൽ നിന്ന് എളുപ്പത്തിൽ പിന്മാറാൻ കഴിയില്ലെന്നും ടെലഗ്രാഫ് പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഖാലിദ് ബിൻ ബന്ദർ രാജകുമാരൻ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ അമേരിക്ക ഇടപെട്ട് ഇരുപതു വർഷം പിന്നിട്ടിട്ടും അവിടെ രണ്ടായിരത്തിലേറെ അമേരിക്കൻ സൈനികർ ഇപ്പോഴുമുണ്ട്. യെമനിൽ നിന്ന് സൗദി അറേബ്യ പിൻവാങ്ങിയാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ നാം യാഥാർഥ്യ ബോധം പുലർത്തേണ്ടതുണ്ട്. ഏകപക്ഷീയമായി സൗദി അറേബ്യ പിൻവാങ്ങുന്നത് സംഘർഷം അവസാനിപ്പിക്കില്ല. ഇതോടെ യെമനിൽ പുതിയ രക്തച്ചൊരിച്ചിൽ ആരംഭിക്കുകയും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെടുകയുമാകും ഫലം. കൂടാതെ യെമനിൽ നിലവിൽ ലഭ്യമായ മാനുഷിക സഹായം തുടരാനാകാത്ത സാഹചര്യവും ഉടലെടുക്കും.
മേഖലയിൽ കൊറോണ വ്യാപനം പ്രത്യക്ഷപ്പെട്ടതോടെ സൗദി അറേബ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ യെമനിൽ ദുരന്ത സമാനമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. എതിരാളികൾക്കു നേരെ ശക്തവും ശത്രുതാപരവുമായ സൈനിക ആക്രമണം നടത്താൻ വെടിനിർത്തൽ ഹൂത്തികൾ മുതലെടുത്തു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത സർക്കാരറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കൂടുതൽ പ്രദേശങ്ങൾ ഹൂത്തികൾ പിടിച്ചടക്കുകയും ചെയ്തു. ഇതിലൂടെ കൂടുതൽ യെമനികൾ അഭയാർഥികളായി മാറിയെന്നും ഖാലിദ് ബിൻ ബന്ദർ രാജകുമാരൻ പറഞ്ഞു.