Sorry, you need to enable JavaScript to visit this website.

വധശ്രമം: യെമൻ മന്ത്രി തലനാരിഴക്ക് രക്ഷപ്പെട്ടു

ഏദൻ - യെമൻ ഗവൺമെന്റിലെ സിവിൽ സർവീസ് മന്ത്രി ഡോ. അബ്ദുന്നാസിർ അൽവാലി വധശ്രമത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ദക്ഷിണ യെമനിലെ ഏദനിൽ പെട്ട ഖോർ മുകസർ ജില്ലയിലെ അൽഅരീശ് റോഡിൽ വെച്ച് മന്ത്രി സഞ്ചരിച്ച വാഹനവ്യൂഹം ലക്ഷ്യമിട്ട് ഭീകരർ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. മന്ത്രിയും അകമ്പടി സേവിച്ചവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സുരക്ഷാ വാഹനങ്ങളിൽ ഒന്നിന് ബോംബ് സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. മന്ത്രിയും സംഘവും കടന്നുപോയ റോഡിൽ മറ്റൊരു ബോംബ് കൂടി സുരക്ഷാ വകുപ്പുകൾ കണ്ടെത്തി. പൊട്ടിത്തെറിക്കുന്നതിനു മുമ്പായി ഈ ബോംബ് സുരക്ഷാ വകുപ്പുകൾ കണ്ടെത്തി നിർവീര്യമാക്കി. 


നിയമാനുസൃത യെമൻ ഗവൺമെന്റിന്റെ താൽക്കാലിക ആസ്ഥാനമായ ഏദനിലെ അൽമആശീഖ് പാലസിൽ ഡ്രോൺ ആക്രമണ ശ്രമവുമുണ്ടായി. സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം അവസാന നിമിഷം കൊട്ടാരത്തിനു മുകളിൽ വെച്ച് വെടിവെച്ചിടുകയായിരുന്നെന്ന് യെമൻ ഗവൺമെന്റ് അറിയിച്ചു. വേതനം വിതരണം ചെയ്യാത്തതിലും മോശം അടിസ്ഥാന സേവനങ്ങളിലും സാമ്പത്തിക സ്ഥിതിഗതികൾ വഷളായതിലും യെമൻ കറൻസിയുടെ മൂല്യശോഷണത്തിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രതിഷേധ പ്രകടനക്കാർ അൽമആശീഖ് പാലസിൽ ഇരച്ചുകയറിയിരുന്നു. 
യെമനിലെ അംറാനിൽ നിന്ന് സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്താനുള്ള ശ്രമം അവസാന നിമിഷം സഖ്യസേന പരാജയപ്പെടുത്തി. സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനവും ഇവ തൊടുത്തവിടാൻ ശ്രമിച്ച ഭീകരരെയും ഉന്മൂലനം ചെയ്തതായി സഖ്യസേന പ്രസ്താവനയിൽ പറഞ്ഞു. 


ഹൂത്തി മിലീഷ്യകൾ ആക്രമണത്തിന് തയാറാക്കിയ, സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടും സഖ്യസേന തകർത്തു. 
പശ്ചിമ യെമനിലെ അൽഹുദൈദയിൽ അൽസലീഫിനു സമീപമാണ് ഹൂത്തികളുടെ ബോട്ട് ബോംബ് സഖ്യസേന തകർത്തത്. സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് വ്യോമാക്രമണത്തിലൂടെ തകർക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സഖ്യസേന പുറത്തുവിട്ടു. 
സമുദ്ര ഗതാഗതത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂത്തികൾ തുടരുകയാണ്. സ്റ്റോക്ക്‌ഹോം വെടിനിർത്തൽ കരാർ മറയാക്കിയാണ് അൽഹുദൈദ കേന്ദ്രീകരിച്ച് ഹൂത്തികൾ ഭീകരാക്രമണങ്ങൾ നടത്തുന്നതെന്ന് സഖ്യസേന പറഞ്ഞു. 

 

Latest News