Sorry, you need to enable JavaScript to visit this website.

തെലങ്കാന രാഷ്ട്രീയം വൈഎസ് ശർമിള ഇളക്കിമറിക്കുമോ? പിന്നിൽ ബിജെപി അല്ലെന്ന്

ഹൈദരാബാദ്- മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു കോൺഗ്രസിനെ കൊല്ലരുതായിരുന്നെന്ന് തെലങ്കാന രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന വൈഎസ് ശർമിള. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്തതിനാൽ ഭരിക്കുന്ന സർക്കാരിന് ഊർജ്ജം നഷ്ടപ്പെടുകയാണുണ്ടായതെന്നും അവർ പറഞ്ഞു. വൈഎസ് രാജശേഖര റെഡ്ഢിയുടെ മകളായ വൈഎസ് ശർമിളയുടെ രാഷ്ട്രീയപ്രവേശനം തെലങ്കാന രാഷ്ട്രീയരംഗത്ത് ചലനം സൃഷ്ടിച്ചിരിക്കുകയാണ്. കോൺഗ്രസ്സിന്റെ തകർച്ചയിലൂടെ ഏതാണ്ട് അരക്ഷിതരായിത്തീർന്ന റെഡ്ഢിമാരുടെ രാഷ്ട്രീയ ഇച്ഛകളെ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശർമിളയുടെ വരവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കോൺഗ്രസിനെ വിട്ട് ബിജെപിയിലേക്ക് ചേക്കേറാനിടയുള്ള റെഡ്ഢി സമുദായത്തെ തടയുകയും കോൺഗ്രസിനെ ദുർബലപ്പെടുത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് തെലങ്കാന രാഷ്ട സമിതി (ടിആർഎസ്) നേതാവ് കൂടിയായ റാവു പയറ്റുന്നതെന്നാണ് നിരീക്ഷണം. ഇതുവഴി വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ തനിക്കെതിരായ വോട്ടുകളെ ഭിന്നിപ്പിക്കാനും സാധിക്കും.

അതെസമയം ശർമിളയെ ബിജെപിയാണ് രംഗത്തിറക്കിയതെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ഇത് പറഞ്ഞു പരത്തുന്നത് തെലങ്കാന രാഷ്ട്രസമിതിയാണെന്ന് ശർമിള പറുന്നു. താൻ ജനങ്ങളെ മാത്രമാണ് ഓർക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. തെലങ്കാനയിൽ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത സർക്കാരിന്റെ പിടിപ്പുകെട്ട രീതികളാണ് തന്നെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിപ്പിച്ചതെന്ന് ശർമിള ദി ന്യൂസ് മിനുട്ടിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു മുഖ്യമന്ത്രി ഇത്തരം സന്ദർഭത്തിൽ തന്റെ ഫാംഹൌസിൽ പോയിരിക്കുകയല്ല വേണ്ടത്. കോവിഡ് ടെസ്റ്റിങ് സംവിധാനം പൂട്ടിയിട്ടിട്ട് സംസ്ഥാനത്ത് രോഗവ്യാപനമില്ലെന്ന് പറയുകയായിരുന്നു സർക്കാർ ചെയ്തത്. പ്രളയം സംഭവിച്ച ഘട്ടത്തിൽ തന്നെ താൻ ജനങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് അന്വേഷിച്ചറിയാൻ ശ്രമിച്ചിരുന്നെന്നും അവർ വ്യക്തമാക്കി. 

തന്റെ സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ വൈഎസ് ജഗന്മോഹൻ റെഡ്ഢി പോലും തന്റെ രാഷ്ട്രീയപ്രവേശനത്തോട് അനുഭാവം കാണിച്ചില്ലെന്ന് ശർമിള പറഞ്ഞു. തീരുമാനം മികച്ചതാണെങ്കിലും ചെയ്തെത്തിക്കാൻ സാധിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞതെന്നും അവർ വ്യക്തമാക്കി. എല്ലാ കുടുംബത്തിലുമെന്ന പോലെ തന്റെ കുടുംബത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ശർമിള പറയുന്നു. ജഗന്റെ മുൻഗണന ആന്ധ്രയ്ക്കാണ്. തന്റെ മുൻഗണന തെലങ്കാനയ്ക്കും. 'രാജണ്ണ രാജ്യം' എന്ന മുദ്രാവാക്യമുയർത്തിയാണ് കോൺഗ്രസ് നേതാവായിരുന്ന മുൻ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഢിയുടെ മകൾ രംഗത്തിറങ്ങിയിരിക്കുന്നത്. ഈ മുദ്രാവാക്യം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Latest News