Sorry, you need to enable JavaScript to visit this website.

രാജണ്ണ രാജ്യം: തെലങ്കാനയിൽ നിലയുറപ്പിക്കാൻ ജഗന്റെ സഹോദരി; കെസിആറിന്റെ തന്ത്രമെന്ന് കോൺഗ്രസ്

ഹൈദരാബാദ്- തെലങ്കാനയിൽ മുൻ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഢിയുടെ മകളും വൈ.എസ്.ആർ കോൺഗ്രസ് കൺവീനറുമായ വൈ.എസ് ശർമിളയുടെ രംഗപ്രവേശനം പുതിയ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. ഫെബ്രുവരി 9ന് ശർമിള ഹൈദരാബാദിലെ തന്റെ വീട്ടിൽ വിളിച്ചുചേർത്ത അനുയായികളുടെ യോഗത്തിലൂടെയാണ് ഇക്കാര്യം ആദ്യം പുറത്തുവന്നത്. പിന്നീട് നിരവധി യോഗങ്ങൾ വേറെയും നടന്നു. 'രാജണ്ണ രാജ്യം' എന്ന മുദ്രാവാക്യമുയർത്തി പിതാവിന്റെ പൈതൃകത്തെക്കൂടി ഉപയോഗിച്ച് നേട്ടമുണ്ടാക്കാമെന്നാണ് ശർമിള കരുതുന്നത്. വൈഎസ് രാജശേഖര റെഡ്ഢിയെ ആളുകൾ സ്നേഹത്തോടെ വിളിച്ചിരുന്ന പേരാണ് രാജണ്ണ എന്നത്.

അതെസമയം ഈ നീക്കത്തിന്റെ പിന്നിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആയിരിക്കാമെന്നാണ് പ്രതിപക്ഷത്തുള്ള ബിജെപിയും കോൺഗ്രസ്സും കരുതുന്നത്. കെസിആറിന്റെ ഭരണത്തിനെതിരെ ഉയർന്നിട്ടുള്ള ജനവിരുദ്ധ വികാരം കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതുവഴി ഭരണവിരുദ്ധ വികാര വോട്ടുകളെ ഭിന്നിപ്പിക്കാമെന്ന് അദ്ദേഹം കാണുന്നു.

ശർമിള വരുന്നത് വൈഎസ് ജഗൻമോഹൻ റെഡ്ഢിയുടെ തീരുമാനപ്രകാരമല്ലെന്ന് തെലങ്കാന കോൺഗ്രസ് വർക്കിങ് പ്രസിഡണ്ട് രേവന്ത് റെഡ്ഢി പറഞ്ഞു. "ഈ അമ്പ് വരുന്നത് കെസിആറിന്റെ ആവനാഴിയിൽ നിന്നാണ്. ദളിതരും ആദിവാസികളും റെഡ്ഢിമാരും തനിക്കെതിരായി എന്ന് കണ്ടതോടെയാണ് കെസിആർ പുതിയ അമ്പ് പുറത്തെടുത്തത്," അദ്ദേഹം കൂട്ടിച്ചേർത്തു. 

റെഡ്ഢി സമുദായത്തിൽ വലിയ സ്വാധീനമുള്ളത് കോൺഗ്രസ്സിനാണ്. കോൺഗ്രസ് നേതാക്കൾ വലിയ വിഭാഗവും ഈ സമുദായത്തിൽ നിന്നാണ്. ഇവരുടെ വോട്ടുകൾ കൂടുതൽ ശക്തമായി തനിക്കെതിരെ ക്രോഡീകരിക്കപ്പെടുമെന്ന ഭീതിയാണ് ശർമിളയെ രംഗത്തിറക്കാൻ കെസിആറിനെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. കെസിആർ വരുന്നത് വേലമ സമുദായത്തിൽ നിന്നാണ്. റെഡ്ഢി സമുദായക്കാർ അധികാരം പിടിച്ചെടുക്കാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നാണ് കോൺഗ്രസ്സിന്റെ വിലയിരുത്തൽ.

2023ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുക ഒരു റെഡ്ഢി സമുദായക്കാരനായ താൻ തന്നെയായിരിക്കുമെന്ന ധ്വനി രേവന്ത് റെഡ്ഢി ഇടക്കിടെ നൽകാറുണ്ട്. ഈയിടെ അദ്ദേഹം സംഘടിപ്പിച്ച പദയാത്രയിലും ഇക്കാര്യം സൂചനകളിലൂടെ വിനിമയം ചെയ്യുകയുണ്ടായി.

അതെസമയം ശർമിളയുടെ രംഗപ്രവേശം കോൺഗ്രസ്സിനെ ബാധിക്കുമെന്നു തന്നെയാണ് ചില രാഷ്ട്രീയനിരീക്ഷകർ പറയുന്നത്. ശർമിളയ്ക്ക് വോട്ട് പിടിക്കാനായാൽ അത് കോൺഗ്രസ്സിന് തന്നെയായിരിക്കും ക്ഷീണമാകുക. അധികകാലം അധികാരമില്ലാതെ സമ്പന്നരായ റെഡ്ഢി സമുദായത്തിന് കഴിഞ്ഞുകൂടാനാകില്ലെന്നും അവർ അരക്ഷിതരായി മാറിയാൽ സ്വാഭാവികമായും കോൺഗ്രസ്സിനെ കൈവിടുകയും ശർമിളയെയോ ബിജെപിയോയെ അഭയമാക്കുകയും ചെയ്തേക്കും.

Latest News