Sorry, you need to enable JavaScript to visit this website.

ഔറംഗസീബ് ഇന്ത്യയുടെ ഐക്യം തകർത്തു; എല്ലാവരും ഹിന്ദുക്കളുടെ പിൻമുറക്കാർ: മോഹൻ ഭാഗവത്

നാഗ്പുര്‍- വിദേശ കടന്നുകയറ്റക്കാർ രാജ്യത്തിന്റെ ഐക്യത്തെയും മതവിശ്വാസത്തെയും തകർത്തുവെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഒരു പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ ഐക്യത്തെ തകർത്തതിന്റെ ഉത്തരവാദിത്വം വിദേശികൾക്കാണെന്ന് ഭാഗവത് പറഞ്ഞത്. ഇന്ത്യ കൂടുതൽ ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

"അവർ നമ്മുടെ ഐക്യത്തെയും മതവിശ്വാസത്തെയും തകർത്തു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള വിദ്യാഭ്യാസത്തെയും സാമ്പത്തിക വ്യവസ്ഥയെയും അവർ തകർത്തും. അവരുടെ സ്വന്തം സംവിധാനങ്ങൾ അടിച്ചേൽപ്പിച്ചു. ഇക്കാരണത്താൽ നമുക്ക് യജമാനന്മാരാകാൻ കഴിഞ്ഞില്ല, പകരം അടിമകളായി മാറി," ഭാഗവത് വിശദീകരിച്ചു.

ഇന്ത്യയിലേക്ക് വന്ന മുഗളന്മാരിൽ ഔറംഗസീബ് ഹിന്ദു-മുസ്ലിം ഐക്യം തകർത്തെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങളെ പ്രത്യേകമായി വേർതിരിക്കുന്ന നയമായിരുന്നു ഔറംഗസീബിന്റേത്. ഇന്ന് ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദുക്കളാണെന്ന വാദവും അദ്ദേഹം ആവർത്തിച്ചു.

"എല്ലാവരും ഭാരതീയരുടെയും ഹിന്ദുക്കളുടെയും പിന്മുറക്കാരാണ്. 'അവർ' അതിനെക്കുറിച്ച് ധാരണയുള്ളവരായിരുന്നാൽ എല്ലാ രാഷ്ട്രീയ മുതലെടുപ്പുകളും അവസാനിക്കും. ഈ ധാരണ ഉണ്ടാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ എല്ലാക്കാലത്തും നടന്നിട്ടുണ്ട്. അതിനെ പേടിക്കേണ്ട കാര്യമില്ല," അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വമെന്നാൽ സത്യത്തിനു വേണ്ടിയുള്ള നിരന്തരമായ ശ്രമമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.

Latest News