Sorry, you need to enable JavaScript to visit this website.

പരീക്ഷണം പൂർത്തിയാക്കാത്ത കോവാക്സിൻ വേണ്ടെന്ന് ഛത്തീസ്ഗഢ്; കേന്ദ്രത്തിന് നീരസം

റായ്പൂർ- മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തീകരിച്ച് കാര്യക്ഷമത തെളിയിക്കാത്ത കോവാക്സിൻ കേന്ദ്ര സർക്കാർ അയച്ചു തരുന്നതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടിഎസ് സിങ് ദിയോ രംഗത്ത്. താൻ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന് അയച്ച കത്ത് അദ്ദേഹം ട്വിറ്ററിൽ പരസ്യപ്പെടുത്തുകയും ചെയ്തു. ജനുവരി 21ന് അയച്ച കത്തിൽ പരീക്ഷണഘട്ടം പൂർത്തിയാക്കാത്ത കോവാക്സിൻ തങ്ങൾക്ക് അയച്ചുതരരുതെന്ന് മന്ത്രി അപേക്ഷിച്ചിരുന്നു. പരീക്ഷണഘട്ടം പൂർത്തീകരിക്കാത്തതിനാൽ ഈ മരുന്നിന്റെ ഉപയോഗം സംബന്ധിച്ച് സമൂഹത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, തങ്ങൾക്ക് അയച്ചുകിട്ടിയ കോവാക്സിൻ വയലുകളിൽ അവയുടെ എക്സ്പയറി തിയ്യതി പറയുന്നില്ല. ഇതും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് മന്ത്രി കത്തിൽ പറയുന്നു.

ഇതിനുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ മറുപടിയിൽ നീരസം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കോവാക്സിൻ സുരക്ഷിതമാണെന്ന് അവകാശപ്പെട്ട അദ്ധേഹം ഛത്തീസ്ഗഢിന്റെ വാക്സിനേഷൻ പരിപാടിക്ക് വേഗത പോരെന്ന് പരാതിപ്പെട്ടു. ഇത് കേന്ദ്ര സർക്കാരിന്റെ വലിയ ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാക്സിനുകളിൽ എക്സ്പയറി ഡേറ്റ് നൽകിയിട്ടില്ലെന്ന മന്ത്രിയുടെ ആരോപണത്തെയും കേന്ദ്ര ആരോഗ്യമന്ത്രി തള്ളിക്കളഞ്ഞു. വാക്സിൻ വയലുകളുടെ ലേബലിൽ അവ ഉണ്ടെന്ന് ഫോട്ടോസഹിതം അദ്ദേഹം ട്വീറ്റ് ചെയ്തു.

നിലവിൽ കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ പ്രക്രിയയാണ് നടക്കുന്നത്. ഈ വാക്സിൻ സ്വീകരിക്കുന്നയാളുകൾ തുടർന്നും നിരീക്ഷണവിധേയരാകും. ഡൽഹിയിൽ ആറ് കേന്ദ്ര സർക്കാർ ആശുപത്രികളിലെ ജീവനക്കാരിൽ ഈ വാക്സിൻ പരീക്ഷിച്ചിട്ടുണ്ട്.

Latest News