Sorry, you need to enable JavaScript to visit this website.

തെരുവില്‍ കഴിയുന്ന ദരിദ്രരെ പുറന്തള്ളുന്നതിനിടെ ഇന്ദോര്‍ നഗരസഭാ ജീവനക്കാര്‍ കയ്യോടെ പിടിയിലായി- Video

ഇന്ദോര്‍- വീടില്ലാതെ തെരുവില്‍ കഴിയുന്ന വയോധികര്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടി ട്രക്കിലിട്ട് നഗരത്തിനു പുറത്തുകൊണ്ടു പോയി തള്ളുന്നതിനിടെ ഇന്ദോര്‍ നഗരസഭാ ജീവനക്കാരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പുരസ്‌ക്കാരം തുടര്‍ച്ചയായി നാലു തവണ നേടിയ നഗരമാണ് മധ്യപ്രദേശിലെ ഇന്ദോര്‍. നഗരപ്രാന്ത പ്രദേശത്ത് കൊടുംതണുപ്പില്‍ ഹൈവേയ്ക്കരികില്‍ കൊണ്ടു പോയി വയോധികരെ ഇറക്കി വിടുന്നത് ഗ്രാമീണര്‍ ചോദ്യം ചെയ്തതോടെ നഗരസഭാ ജീവനക്കാര്‍ പരുങ്ങി. നാട്ടുകാര്‍ ഇടപെട്ട് ഇവരെ തിരിച്ച് നഗരത്തിലേക്കു തന്നെ തിരിച്ചയച്ചു. കൊണ്ടു വന്ന ട്രക്കില്‍ കയറ്റി ഒടുവില്‍ നഗരസഭാ ജീവനക്കാര്‍ക്ക് ഇവരെ തിരിച്ചു കൊണ്ടു പോകേണ്ടി വന്നു. സംഭവത്തിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഹൈവേയ്ക്കരികില്‍ നിര്‍ത്തിയ ട്രക്കില്‍ നിന്ന് ദരിദ്രരായ വയോധികരെ ഇറക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്. നേരാംവണ്ണം ഇരിക്കാന്‍ പോലും കഴിയാത്ത, മുഷിഞ്ഞ പുതപ്പു മൂടിയ ഒരു വൃദ്ധയെ ഒരാള്‍ ട്രക്കില്‍ നിന്നിറക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. നാട്ടുകാര്‍ ഇത് ചോദ്യം ചെയ്ത് മുനിസിപ്പല്‍ ജീവനക്കാരോട് തര്‍ക്കിക്കുന്ന ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം. 

മുനിസിപ്പല്‍ ജീവനക്കാര്‍ തങ്ങളെ പിടികൂടി കൊണ്ടു വന്നത് ഒരാള്‍ വിശദീകരിക്കുന്നതും മറ്റൊരു വീഡിയോയിലുണ്ട്. വീടില്ലാതെ തെരുവുകളില്‍ കഴിയുകയായിരുന്ന തങ്ങളെ പിടികൂടി തങ്ങളുടെ വസ്തുക്കളെല്ലാം റോഡരികിലേക്ക് വലിച്ചെറിഞ്ഞ് ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു.

സംഭവം വിവാദമായതോടെ വീടില്ലാത്തവരെ നൈറ്റ് ഷെല്‍ട്ടറിലേക്ക് മാറ്റുകയായിരുന്നുവെന്ന വിശദീകരണവുമായി മുനിസിപ്പല്‍ കോര്‍പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ അബയ് രജങ്കോക്കര്‍ രംഗത്തെത്തി. 

എല്‍ കെ അഡ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും ഉപേക്ഷിച്ച ബിജെപിയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്ന് സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചു.

സംഭവം വിവാദമായതോടെ വിഡിയോയില്‍ ഉള്‍പ്പെട്ട നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉത്തരവിട്ടു.
 

Latest News